തിരുവനന്തപുരം: യൂട്യൂബ് ചാനലിലൂടെ അശ്ലീല സംഭാഷണങ്ങളും ചിത്രങ്ങളും പ്രചരിപ്പിച്ചെന്ന പരാതിയില്‍ കണ്ണൂർ സ്വദേശിനിയും വിദ്യാര്‍ത്ഥിനിയുമായ ശ്രീലക്ഷ്മി അറയ്ക്കലിനെതിരേ സൈബർ പൊലീസ് കേസെടുത്തിരുന്നു. എന്നാല്‍  യൂ ട്യൂബിലൂടെ അശ്ലീല സംഭാഷണങ്ങള്‍‌ നടത്തിയിട്ടില്ലെന്നും താന്‍ ഇരയാക്കപ്പെട്ടതാണെന്നും ശ്രീലക്ഷ്മി അറക്കല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.

ശ്രീലക്ഷ്മി ഒട്ടേറെ യൂട്യൂബ് ചാനലുകളിലൂടെ ലൈംഗിക സംഭാഷണങ്ങൾ നടത്തി യുവതലമുറയെ തെറ്റായ ലൈംഗിക രീതികളിലേക്കു നയിച്ച് സമൂഹത്തിൽ അരാജകത്വമുണ്ടാക്കുന്നുവെന്നായിരുന്നു മെൻസ് റൈറ്റ് അസോസിയേഷൻ ഭാരവാഹിയായ അഡ്വക്കേറ്റ് നെയ്യാറ്റിൻകര നാഗരാജ് നൽകിയ പരാതി. എന്നാല്‍ യൂട്യൂബില്‍ പ്രചരിക്കുന്ന വീഡിയോകള്‍ തന്‍റെ യൂട്യൂബ് ചാനലുകളിലല്ലെന്ന് ശ്രീലക്ഷ്മി പറയുന്നു.

ലോക്ഡൌൺ കാലത്ത് തിരുവനന്തപുരത്ത് താമസസ്ഥലത്ത്  നിന്ന് ഫേസ്ബുക്ക് ലൈവിലൂടെ സുഹൃത്തുക്കളുമായി സംവദിക്കുമായിരുന്നു. ലൈവിനിടെ വരുന്ന കമന്‍റുകള്‍ക്ക് മറുപടിയും നല്‍കാറുണ്ട്. ഇത് അശ്ലീല ചുവയോടെ ചിലര്‍ പണമുണ്ടാക്കാനായി മോശം തലക്കെട്ടോടെ പ്രചരിപ്പിക്കുകയാണ് ചെയ്തത്. ശരിക്കും താന്‍ ഇരയാക്കപ്പെടുകയായിരുന്നുവെന്ന് ശ്രീലക്ഷ്മി പറഞ്ഞു.

Read More: അശ്ലീല യൂട്യൂബ് പ്രചാരണമെന്ന് പരാതി: ശ്രീലക്ഷ്മി അറയ്ക്കലിനെതിരേ കേസെടുത്തു

എന്നെ മോശമായി ചിത്രീകരിച്ച് വീഡിയോകള്‍ പോസ്റ്റ് ചെയ്ത യൂട്യൂബ് ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സൈബര്‍ മേഖലയിലെ സുഹൃത്തുക്കളുടെ സഹായത്തോടെയും പല യൂട്യൂബ് ചാനലുകളും റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ആരും വീഡിയോ പിന്‍വലിച്ചില്ല. അവസാനം വിജയ് പി നായര്‍ക്കെതിരായ കേസ് വന്നതോടെ ചിലരൊക്കെ വീഡിയോ പിന്‍വലിക്കുകയും തമ്പും തലക്കെട്ടുമെല്ലാം മാറ്റുകയും ചെയ്തു.

ഇങ്ങനെ മോശം പ്രചാരണം നടത്തുന്നതിന് ഞാനെന്ത് ചെയ്യാനാണ്. അവസാനം എനിക്കെതിരെയാണ് കേസ് വന്നത്. ഇതിന്‍‌റെ പേരില്‍ ജയിലില്‍ അടയ്ക്കുകയാണെങ്കില്‍ അവിടെ പോകാനും മടിയില്ല. അല്ലാതെ എന്ത് ചെയ്യാനാണെന്ന് ശ്രീലക്ഷ്മി ചോദിക്കുന്നു. മെൻസ് റൈറ്റ് അസോസിയേഷൻ എന്ന സംഘടനയുടെ പരാതി ലഭിച്ച വിവരം സൈബര്‍ പൊലീസ് പറഞ്ഞിരുന്നു. എന്നാല്‍ തന്‍റെ മൊഴിയിടുക്കുകയോ ചോദ്യം ചെയ്യുകയോ ഒന്നും ചെയ്തിട്ടില്ല. ഇത്തരം ആക്ഷേപങ്ങള്‍ക്കെതിരെ നിയമപരമായി മുന്നോട്ട് പോകുമെന്നും ശ്രീലക്ഷ്മി വ്യക്തമാക്കി.

യൂട്യൂബിലൂടെ സ്ത്രീകളെ അപമാനിക്കുന്ന അശ്ലീല വീഡിയോകള്‍ പ്രചരിപ്പിച്ച വിജയ് പി നായര്‍ എന്നയാളെ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി,  ശ്രീലക്ഷ്മി അറക്കല്‍, ദിയ സന എന്നിവരടങ്ങുന്ന  സംഘം താമസ സ്ഥലത്ത് എത്തി പ്രതികരിച്ചിരുന്നു. ഇതിന്‍റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ പൊലീസ് ഇവര്‍ക്കെതിരെ കേസെടുത്തു. പൊലീസിനെതിരെ ഏറെ വിമര്‍ശനമയര്‍ന്നതോടെയാണ് വിജയ് പി നായര്‍ക്കെതിരെ കേസെടുക്കുന്നത്. .സംഭവത്തിന് പിന്നാലെ ശ്രീലക്ഷ്മിക്കെതിരെ വലിയ വിമര്‍ശനവും സൈബര്‍ ആക്രമണവുമാണ് നടക്കുന്നത്.