കാർ ഡ്രൈവർ സാബുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ മദ്യപിച്ച് ലക്കുകെട്ട നിലയിലായിരുന്നുവെന്നാണ് പ്രാഥമിക വിവരം

തൃശ്ശൂർ: പാലക്കാട് ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസന്റെ വധത്തിൽ പ്രതിഷേധിച്ചുള്ള ബിജെപി പ്രകടനത്തിലേക്ക് കാർ പാഞ്ഞുകയറി. തൃശൂർ പൂച്ചെട്ടി സെന്ററിലാണ് സംഭവം നടന്നത്. ആറ് ബിജെപി പ്രവർത്തകർക്ക് പരിക്കേറ്റു. കാർ ഡ്രൈവർ സാബുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ മദ്യപിച്ച് ലക്കുകെട്ട നിലയിലായിരുന്നുവെന്നാണ് പ്രാഥമിക വിവരം.

അതേസമയം പാലക്കാട് ശ്രീനിവാസൻ കൊലപാതകത്തിൽ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി ബി ജെ പി രംഗത്തെത്തി. കേസിൽ സിബിഐ അന്വേഷണം വേണമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണകുമാർ ആവശ്യപ്പെട്ടു. കൊലപാതകത്തിന് പൊലീസ് സഹായം ചെയ്തുവെന്നും, കൊലപാതകത്തിന് പിന്നിൽ ഉന്നത തല ഗൂഢാലോചനയും വിദേശ സഹായവുമുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

കൊലപാതകത്തിനു മുമ്പായി പൊലീസ് പിക്കറ്റിംഗ് പിൻവലിച്ചത് ദുരൂഹമാണെന്ന് കൃഷ്ണകുമാർ പറഞ്ഞു. സാമൂഹ്യ മാധ്യമങ്ങളിലൂടെ എസ് ഡി പി ഐ പ്രവർത്തകർ കൊലവിളി നടത്തി. ഇത് പൊലീസ് അവഗണിച്ചു. കൊലപാതത്തിന് പൊലീസ് സഹായം ചെയ്തുകൊടുത്തുവെന്നും അദ്ദേഹം ആരോപിച്ചു.