1998ൽ സ്വർണം പൊതിഞ്ഞത് തന്നെയെന്നും അത് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ആയിരുന്നെന്നും  ശ്രീനിവാസൻ പോറ്റി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വിവാദങ്ങൾ കേട്ടപ്പോൾ വലിയ പ്രയാസം ഉണ്ടായെന്നും അദ്ദേഹം പറ‍ഞ്ഞു.

പത്തനംതിട്ട: ശബരിമലയിൽ 1998ൽ സ്വർണം പൊതിഞ്ഞത് തന്നെയെന്ന് വിജയ് മല്യ സ്വർണം പൊതിഞ്ഞ കാലയളവിൽ ശബരിമല കീഴ്ശാന്തിയായിരുന്ന ശ്രീനിവാസൻ പോറ്റി. എല്ലാം നടന്നത് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ആയിരുന്നെന്നും ശബരിമലയിൽ വച്ചു തന്നെയാണ് സ്വർണം പൊതിഞ്ഞതെന്നും ശ്രീനിവാസൻ പോറ്റി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വാതിലിനും കട്ടിളയ്ക്കും സ്വർണം പൊതിഞ്ഞു. ചിട്ടയായാണ് എല്ലാ പ്രവർത്തനങ്ങളും നടന്നത്. വിവാദങ്ങൾ കേട്ടപ്പോൾ വലിയ പ്രയാസം ഉണ്ടായെന്നും അദ്ദേഹം പറ‍ഞ്ഞു.

ശബരിമല വിവാദം അയ്യപ്പ ഭക്തരുടെ ഹൃദയത്തിൽ മുറുവുണ്ടാക്കി

അതേസമയം, ശബരിമലയിലെ സ്വർണപ്പാളിയുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങൾ അയ്യപ്പ ഭക്തരുടെ ഹൃദയത്തിൽ മുറുവുണ്ടാക്കിയെന്ന് ശ്രീനിവാസൻ പോറ്റി പറഞ്ഞു. ദേവസ്വം ബോർഡിന്റെ പണപ്പെട്ടിയാണ് ശബരിമല. വരുമാനം കുറഞ്ഞാൽ ദേവസ്വം ബോർഡ് വഴിയാധാരമാകും. അയ്യപ്പഭക്തന്മാരുടെ സംഭാവനയും കാണിക്കയുമാണ് ദേവസ്വം ബോർഡിനെ നിലനിർത്തുന്നത്. വിവാദങ്ങളൊക്കെയും അയ്യപ്പ ഭക്തന്മാരുടെ മനസ്സിൽ വലിയ വേദന ഉണ്ടാക്കിയിട്ടുണ്ട്. അടുത്ത കൊല്ലവും ഈ വരുമാനം ഉണ്ടാകണം എങ്കിൽ വിവാദങ്ങൾക്കെല്ലാം പരിഹാരം കാണണം. ഇല്ലെങ്കിൽ അയ്യപ്പന്മാർ ചന്ദനത്തിരിയും കർപ്പൂരവും ഭണ്ഡാരത്തിൽ ഇടുമെന്നും അദ്ദേഹം പറഞ്ഞു.

എല്ലാത്തിനും ഒരു നിയമമുണ്ട്. അത് പാലിച്ചായിരിക്കണം മുന്നോട്ട് പോകേണ്ടത്. ആരുടെയും പേര് വ്യക്തിപരമായി പറയുന്നില്ല. അന്വേഷണം നടക്കട്ടെ, സത്യം പുറത്ത് വരട്ടെ. അയ്യപ്പഭക്തരുടെ മന:പ്രയാസം തീർക്കണം. അതിനു പരിഹാരം ഉണ്ടാകണമെന്നും ശ്രീനിവാസൻ പോറ്റി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

YouTube video player