തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയായ  ആരോഗ്യ വകുപ്പ് ജോയിന്‍റ് സെക്രട്ടറി ശ്രീറാം വെങ്കിട്ടരാമന് വ്യാജ വാര്‍ത്തകള്‍ കണ്ടെത്താന്‍ ചുമതല. സര്‍ക്കാരിനെതിരായ വാര്‍ത്തകള്‍ വ്യാജമെന്ന് മുദ്ര ചെയ്യുന്ന പബ്ലിക് റിലേഷന്‍സ് വകുപ്പ് ഫാക്ട് ചെക്ക് സമിതിയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആരോഗ്യ സംബന്ധമായ വ്യാജ വാര്‍ത്തകള്‍ കണ്ടെത്തുന്ന സമിതിയിലെ അംഗമായാണ് ശ്രീറാം പ്രവര്‍ത്തിക്കുക. ഫാക്ട് ചെക്കിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നേരത്തെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇിതിന് പിന്നാലെയാണ് ശ്രീറാമിന്‍റെ നിയമനം.

കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍  ശ്രീറാം സസ്പെന്‍ഷനിലായിരുന്നു. കഴിഞ്ഞ മാര്‍ച്ചിലാണ് ശ്രീറാം സര്‍വ്വീസില്‍ തിരികെ കയറിയത്. ബഷീറിനെ വാഹനമിടിച്ച് കൊന്ന കേസില്‍ നിന്ന് തടിയൂരാനായി മദ്യപിച്ചെന്ന് തെളിയിക്കാനായള്ള രക്ത പരിശോധനയ്ക്ക് സമ്മതിക്കാതെ സ്വകാര്യ ആശുപത്രിയില്‍ അഡ്മിറ്റായത് വലിയ വിവാദമായിരുന്നു. 

മദ്യത്തിന്‍റെ അളവ് ശരീരത്തില്‍ നിന്നും പോകുന്നത് വരെ സ്വകാര്യ ആശുപത്രിയിലായിരുന്നു ശ്രീറാം. പിന്നീട് നടത്തിയ പരിശോധനയില്‍ ശ്രീറാം മദ്യപിച്ചിട്ടില്ലെന്നായിരുന്നു റിപ്പോര്‍ട്ട്. ശ്രീറാമിനെ രക്ഷപെടുത്താനായി പൊലീസും ഒത്തു കലിച്ചെന്ന് ബഷീറിന്‍റെ ബന്ധുക്കളും മാധ്യമപ്രവര്‍ത്തകരും ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സസ്പെന്‍ഷന് ശേഷം ശ്രീറാമിനെ ആരോഗ്യ വകുപ്പില്‍ ജോയിന്‍റ് സെക്രട്ടറിയായി നിയമിച്ചത്. ഈ നിയമനത്തിനെതിരെയും വലിയ വിമര്‍ശനമുയര്‍ന്നിരുന്നു.