തിരുവനന്തപുരം:  മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീര്‍ കാറിടിച്ച് മരിച്ച കേസില്‍ സസ്‌പെന്‍ഷനിലായിരുന്ന ശ്രീറാം വെങ്കിട്ടരാമനെ സര്‍വീസില്‍ തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട് പത്രപ്രവര്‍ത്തക യൂണിയനുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തിയിട്ടില്ലെന്ന് കെയുഡബ്ല്യൂജെ. എന്നാല്‍, ശ്രീറാമിനെ തിരിച്ചെടുക്കണമെന്നാണ് നിയമോപദേശം ലഭിച്ചെന്നും അതല്ലാതെ മറ്റ് വഴികളില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നു.

അപ്പോള്‍ തന്നെ ഇക്കാര്യത്തില്‍ എതിര്‍പ്പ് ഉന്നയിച്ചതാണെന്നും പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് കെ പി റെജി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു. ചീഫ് സെക്രട്ടറിയുടെ ശുപാര്‍ശ മുമ്പ് വന്നപ്പോള്‍ യൂണിയന്റെ ഇടപെടല്‍ കാരണമാണ് സസ്‌പെന്‍ഷന്‍ വീണ്ടും നീട്ടിയത്. അതിന് ശേഷം കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. വീണ്ടും  സസ്‌പെന്‍ഷന്‍ നീട്ടുന്നതില്‍ നിയമപ്രശ്‌നം ഉണ്ടെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.

സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് സംസാരിക്കാനുണ്ടെന്ന് അറിയിച്ചിരുന്നു. പക്ഷേ, ആ സമയത്ത് പ്രസിഡന്റും സെക്രട്ടറിയും തിരുവനന്തപുരത്ത് ഉണ്ടായിരുന്നില്ല. അപ്പോള്‍ സര്‍ക്കാര്‍ തീരുമാനം അറിയിക്കുക മാത്രമായിരുന്നു. യൂണിയന്റെ എതിര്‍പ്പ് അറിയിച്ചിട്ടുണ്ടെന്നും കെ പി റെജി കൂട്ടിച്ചേര്‍ത്തു.

ശ്രീറാം വെങ്കിട്ടരാമന് ക്ലീൻ ചിറ്റ് ;നിയമനം ആരോഗ്യ വകുപ്പിൽ, കൊവിഡ് സ്പെഷ്യൽ ഓഫീസറാകും

അതേസമയം, സസ്‌പെന്‍ഷന് ശേഷം ശ്രീറാം വെങ്കിട്ടരാമന് ആരോഗ്യ വകുപ്പിലേക്കാണ് നിയമനം. ഡോക്ടര്‍ കൂടിയായ ശ്രീറാം വെങ്കിട്ടരാമനെകൊവിഡ് 19 സ്‌പെഷ്യല്‍ ഓഫീസറായാണ് തിരിച്ചെടുക്കുന്നതെന്നാണ് വിവരം. വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ടില്‍ ശ്രീറാം കുറ്റക്കാരനെന്ന് പറയുന്നില്ലെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വിശദീകരിക്കുന്നത്. 

കെഎം ബഷീര്‍ കാറിടിച്ച് മരിച്ച കേസില്‍ ശ്രീറാമിനെതിരായ ആരോപണത്തിന് തെളിവില്ലെന്ന്അന്വേഷണ ഉദ്യോഗസ്ഥനായ സഞ്ചയ് ഗാര്‍ഗ് ഐ എ എസിന്റെ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാണ് നിയമനം. കുറ്റക്കാരനെന്ന് തെളിയും വരെ സര്‍വ്വീസില്‍ നിന്ന് പുറത്ത് നിര്‍ത്തേണ്ട കാര്യമില്ലെന്ന വിലയിരുത്തലും ഉണ്ട്.കൂടുതല്‍ അന്വേഷണം, നടത്താനും കോടതി വിധിയുടെ അടിസ്ഥാനത്തില്‍ അച്ചടക്ക നടപടി സ്വീകരിക്കാനുമാണ് സര്‍ക്കാര്‍ തീരുമാനമെന്നും പറയുന്നു.

പത്ര പ്രവര്‍ത്തക യൂണിയന്‍ ഭാരവാഹികളെ കൂടി വിശ്വാസത്തിലെടുത്താണ് നിയമനമെന്നും യൂണിയന്‍ പ്രതിനിധികളോട് മുഖ്യമന്ത്രി ചര്‍ച്ച നടത്തിയിരുന്നതായും സര്‍ക്കാര്‍ വൃത്തങ്ങള്‍ അവകാശപ്പെട്ടു. ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീര്‍ മരിക്കുന്നത്.

മദ്യപിച്ച് വാഹനമോടിച്ച് ജീവനെടുത്ത കേസില്‍ ഒന്നാം പ്രതിയാണ് ശ്രീറാം വെങ്കിട്ടരാമന്‍. കാറോടിച്ചില്ലെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിച്ച ശ്രീറാം വെങ്കിട്ടരാമന്‍മദ്യപിച്ച് വാഹനമോടിട്ട് അപകടമുണ്ടാക്കിയിട്ടും പരിശോധനക്ക് വിധേയനാകാനും സമ്മതിച്ചിരുന്നില്ല.