തിരുവനന്തപുരം: സർവ്വേ ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമൻ സഞ്ചരിച്ച വാഹനമിടിച്ച് മാധ്യമ പ്രവർത്തകൻ മരിച്ച സംഭവത്തിൽ ദുരൂഹതയേറുന്നു. അപകട സമയത്ത് വാഹനമോടിച്ചതാരെന്ന് വ്യക്തമായിട്ടില്ലെന്ന് മ്യൂസിയം എസ് ഐ ജയപ്രകാശ് പറഞ്ഞു. ഓടിക്കൂടിയ നാട്ടുകാർ ശ്രീറാം വെങ്കിട്ടരാമനാണ് വണ്ടിയോടിച്ചെതന്ന് പറയുന്നുണ്ടെങ്കിലും ഇക്കാര്യം മൊഴിയായി പറയാൻ ആരും തയ്യാറായില്ലെന്നും എസ് ഐ വ്യക്തമാക്കി.

അപകടത്തിന്റെ ശബ്ദം കേട്ടാണ് തൊട്ടടുത്ത മ്യൂസിയം പൊലീസ് സ്റ്റേഷനിലെ പൊലീസുകാർ സംഭവസ്ഥലത്തെത്തിയത്. അപകടസമയത്ത് ശ്രീറാം മദ്യലഹരിയിലായിരുന്നു. ശ്രീറാമിന്റെ തിരിച്ചറിയൽ കാർഡ് പരിശോധിച്ചതിന് ശേഷമാണ് അദ്ദേഹത്തെ സ്റ്റേഷനിൽ എത്തിച്ചത്. അതേസമയം, താനല്ല തനിക്കൊപ്പമുണ്ടായിരുന്നു സുഹൃത്ത് വഫാ ഫിറോസാണ് വാഹനമോടിച്ചതെന്ന് ശ്രീറാം പൊലീസിനോട് പറഞ്ഞിരുന്നു. എന്നാല്‍, വാഹനം ആരാണ് ഓടിച്ചതെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ലെന്നും ഇത് സ്ഥിരീകരിക്കുന്നതിനായി അപകടം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുമെന്ന് എസ്ഐ വ്യക്തമാക്കി.

അതേസമയം, സംഭവത്തിൽ അപകടത്തിന് ശേഷം എടുക്കേണ്ട നടപടികൾ പൊലീസ് സ്വീകരിച്ചില്ലെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്. ഒപ്പമുണ്ടായിരുന്ന സുഹൃത്താണ് വാഹനമോടിച്ചതെന്ന് ശ്രീറാം വെങ്കിട്ടരാമൻ വിശദീകരില്ലെങ്കിലും മാധ്യമപ്രവർത്തകരുടെ നിർബന്ധത്തിന് ശേഷമാണ് ഇവരെ പൊലീസ് വിളിച്ച് വരുത്തിയതെന്നും ആരോപണങ്ങളുണ്ട്. വഫയെ വൈദ്യ പരിശോധനയ്ക്കായി ഹാജരാക്കി. ഇവരുടെ പേരിലാണ് വാഹനം.

ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് ആയ കെ എം ബഷീറാണ് മരിച്ചത്. അമിത വേഗതയിൽ എത്തിയ വാഹനം മ്യൂസിയം ജംഗ്ഷനിൽ വച്ച് പബ്ലിക്ക് ഓഫീസിന്റെ മതിലിലേക്ക് ബഷീറിനെ വാഹനം ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. കൊല്ലത്ത് സിറാജ് പത്രത്തിന്റെ യോ​ഗത്തിൽ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ബഷീറിന്റെ ബൈക്ക് അപകടത്തിൽപെട്ടത്. വൈദ്യ പരിശോധനയിൽ ശ്രീറാം വെങ്കിട്ടരാമൻ മദ്യപിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. അപകടത്തിൽ പരിക്കേറ്റ ശ്രീറാമിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.