Asianet News MalayalamAsianet News Malayalam

ഭൂമി ഏറ്റെടുക്കല്‍ അടക്കം ഇനി അതിവേഗം, ഔട്ടര്‍ റിംഗ് റോഡിനും സംസ്ഥാന വിഹിതം, കേരളം വികസനക്കുതിപ്പിൽ: മന്ത്രി

ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ഉള്‍പ്പെടെ ഇനി വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ഇടപടുമെന്നും മന്ത്രി പറഞ്ഞു. 

State allocation for outer ring road including land acquisition now fast  Kerala in development rush Minister
Author
First Published Aug 7, 2024, 5:15 PM IST | Last Updated Aug 7, 2024, 5:15 PM IST

തിരുവനന്തപുരം : വിഴിഞ്ഞം - നാവായിക്കുളം ഔട്ടര്‍ റിംഗ് റോഡിനായി പ്രത്യേക പാക്കേജ് അംഗീകരിച്ചതോടെ സംസ്ഥാനത്തിന്റെ പശ്ചാത്തല വികസന മേഖലയില്‍ വന്‍കുതിപ്പിന് കളമൊരുങ്ങിയതായി മന്ത്രി പി എ മുഹമ്മദ് റിയാസ്. മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരം ലഭിച്ചതോടെ പദ്ധതിക്കുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കും. ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ഉള്‍പ്പെടെ ഇനി വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ഇടപടുമെന്നും മന്ത്രി പറഞ്ഞു. 

എറണാകുളം ബൈപാസ് ( NH 544), കൊല്ലം - ചെങ്കോട്ട ഗ്രീന്‍ഫീല്‍ഡ് ( NH 744) എന്നീ രണ്ടു പാത നിർമ്മാണങ്ങൾക്ക് ആയി  741.35 കോടി രൂപയുടെ സാമ്പത്തിക ബാധ്യത ഏറ്റെടുക്കുവാന്‍ കഴിഞ്ഞ മാസമാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചത്. എന്‍ എച്ച് -66 നായി 5580 കോടി രൂപയും സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് നല്‍കി കഴിഞ്ഞു. കേരളത്തിന്റെ പശ്ചാത്തലവികസനം സാധ്യമാക്കുവാന്‍ പ്രതിജ്ഞാ ബദ്ധമായി എൽഡിഎഫ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുമെന്നും മന്ത്രി പറഞ്ഞു. 

ഔട്ടര്‍ റിംഗ് റോഡ് നിര്‍മ്മാണത്തിനും സംസ്ഥാന വിഹിതം അനുവദിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. ഔട്ടര്‍ റിംഗ് റോഡ് നിര്‍മ്മാണത്തിനായി 1629 .24 കോടി രൂപയുടെ പാക്കേജിനാണ് മന്ത്രിസഭായോഗം അനുമതി നല്‍കിയത്. ഭൂമി ഏറ്റെടുക്കലിന്റെ അമ്പത് ശതമാനം തുകയായ  930.41 കോടി രൂപ സംസ്ഥാനം വഹിക്കും. ഈ തുക കിഫ്ബിയിൽ നിന്നും അനുവദിക്കും. സര്‍വ്വീസ് റോഡ് നിര്‍മ്മാണത്തിന് 477.33 കോടി രൂപയും സംസ്ഥാനമാണ് വഹിക്കുക. 

ഈ തുക സംസ്ഥാനം 5 വർഷത്തിനകം നൽകും. ചരക്ക് സേവന നികുതി ഇനത്തില്‍ 210.63 കോടി രൂപയും  റോയല്‍റ്റി ഇനത്തില്‍ 10.87 കോടി രൂപയും ഒഴിവാക്കി സംസ്ഥാനം അധികബാധ്യത വഹിക്കാനും തീരുമാനിച്ചു. വിഴിഞ്ഞം മുതൽ നാവായിക്കുളം വരെ 62.7 കിലോ മീറ്റര്‍ ദൂരത്തില്‍ നാലുവരി പാതയും സര്‍വ്വീസ് റോഡും  നിര്‍മ്മിക്കാനാണ് പദ്ധതി.  281.8 ഹെക്ടര്‍ ഭൂമിയാണ് പദ്ധതിയ്ക്ക് ആയി ഏറ്റെടുക്കേണ്ടി വരിക. വിഴിഞ്ഞം തുറമുഖം യാഥാര്‍ത്ഥ്യമാകുന്നതോടെ ഉണ്ടാകുന്ന വികസന സാധ്യതകളെ മുന്നില്‍ കണ്ടാണ് 2018-ല്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ഔട്ടര്‍ റിംഗ് റോഡ് പദ്ധതിക്ക് രൂപം നല്‍കിയത്.  

ദേശീയ പാതാ നിലവാരത്തില്‍ പദ്ധതി യാഥാര്‍ത്ഥ്യമാക്കണം എന്ന് മുഖ്യമന്ത്രി തന്നെ കേന്ദ്രഉപരിതല ഗതാഗത മന്ത്രിയോട് ആവശ്യപ്പെടുകയും ചെയ്തു. പദ്ധതി നിര്‍മ്മാണം ദേശീയപാതാ അതോറിറ്റിയെ നിശ്ചയിച്ച കേന്ദ്രം എന്നാല്‍ സംസ്ഥാനം കൂടുതല്‍ പങ്കാളിത്തം വഹിക്കണം എന്ന് ആവശ്യപ്പെട്ടു. സര്‍വ്വീസ് റോഡ് നിര്‍മ്മാണവും ദേശീയപാതാ അതോറിറ്റി നിര്‍മ്മിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടെങ്കിലും കേരളത്തിന്റെ പങ്കാളിത്തം കേന്ദ്രം വീണ്ടും നിര്‍ദ്ദേശിക്കുകയായിരുന്നു. 

ഇതേതുടര്‍ന്നാണ് മന്ത്രിസഭാ യോഗം ഔട്ടര്‍‍ റിംഗ് റോഡ് വികസനത്തിലും പ്രത്യേക പാക്കേജ് തയ്യാറാക്കിയത്. ഔട്ടര്‍ റിംഗ് റോ‍ഡിന്റെ തുടര്‍ച്ചയായി കടമ്പാട്ടുകോണത്തു നിന്നും ആരംഭിക്കുന്ന കൊല്ലം - ചെങ്കോട്ട ഗ്രീന്‍ഫീല്‍ഡ് ദേശീയ പാതയും നിര്‍മ്മിക്കുന്നതോടെ ചരക്കു നീക്കം ഉള്‍പ്പെടെ കൂടുതല്‍ സുഗമമാക്കാന്‍ കഴിയും. കൊല്ലം - ചെങ്കോട്ട ഗ്രീന്‍ഫീല്‍ഡ് പാത നിര്‍മ്മാണത്തിന് ജി എസ് റ്റി വിഹിതവും , റോയൽറ്റിയും ഒഴിവാക്കി   317.35 കോടി രൂപ സംസ്ഥാനം വഹിക്കാന്‍ മന്ത്രിസഭാ യോഗം കഴിഞ്ഞ മാസം തീരുമാനിച്ചിരുന്നു

തൊഴിലിടങ്ങളിലെ പീഡനം: പരാതി നല്‍കുന്ന സ്ത്രീകളെ അധികാരികൾ മാനസികമായി തകര്‍ക്കുന്ന പ്രവണത: വനിതാ കമ്മീഷൻ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios