'പാർലമെൻറ് പാസാക്കിയ നിയമം നടപ്പാക്കാനാവില്ലെന്ന് ഒരു സംസ്ഥാനത്തിനും പറയാനാകില്ല. ഇക്കാര്യം നിയമപരമായി പരിശോധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു'
ദില്ലി: കേന്ദ്രസര്‍ക്കാര്‍ കൊണ്ട് വന്ന പൗരത്വ നിയമ ഭേദഗതി ഭരണഘടനാ വിരുദ്ധമാണെന്നും പിന്‍വലിക്കണമെന്നുമുള്ള കോണ്‍ഗ്രസ് നിലപാടിനെ തള്ളി മുതിര്‍ന്ന നേതാവും ഹരിയാന മുൻ മുഖ്യമന്ത്രിയുമായ ഭൂപീന്ദർ സിംഗ് ഹൂഡ രംഗത്ത്. പാർലമെൻറ് പാസാക്കിയ നിയമം നടപ്പാക്കാനാവില്ലെന്ന് ഒരു സംസ്ഥാനത്തിനും പറയാനാകില്ലെന്ന് ഹൂഡ പ്രതികരിച്ചു. ഇക്കാര്യം നിയമപരമായി പരിശോധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പൗരത്വനിയമഭേദഗതിക്കെതിരെ കേരളം, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങള്‍ നിയമസഭയില്‍ നേരത്തെ പ്രമേയം പാസാക്കിയിരുന്നു. പഞ്ചാബിന് പിന്നാലെ കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനും സിഎഎയ്ക്കെതിരായ പ്രമേയം കൊണ്ടുവരാന്‍ തീരുമാനമെടുത്തിരുന്നു. പിന്നാലെ മധ്യപ്രദേശിലും ഛത്തീസ്ഗഢിലും പ്രമേയം കൊണ്ടു വരാന്‍ കോണ്‍ഗ്രസ് നീക്കം നടത്തുന്നുമുണ്ട്. രാജ്യത്ത് കോണ്‍ഗ്രസ് ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും പൗരത്വ നിയമ ഭേദഗതിക്കെതിരായി പ്രമേയം കൊണ്ടുവരാന്‍ ദേശീയനേതൃത്വത്തിന്‍റെ നീക്കം നടക്കുന്നതിനിടെയാണ് കോണ്‍ഗ്രസ് നേതാവിന്‍റെ പ്രതികരണമെന്നത് ശ്രദ്ധേയമാണ്.
