Asianet News MalayalamAsianet News Malayalam

നിപ നിയന്ത്രണവിധേയമെന്ന വിലയിരുത്തലില്‍ കേന്ദ്രം: വൈറോളജി ലാബിന് അധികഫണ്ട് തേടി കേരളം

നിപ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ചും നിലവിലെ സ്ഥിതിഗതികളെക്കുറിച്ചും കേന്ദ്രമന്ത്രി ചോദിച്ചറിഞ്ഞുവെന്നും നിപബാധ നിലവില്‍ വിധേയമാണെന്നും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി മുന്നോട്ട് പോകുന്നുണ്ടെന്നും അദ്ദേഹത്തെ അറിയിച്ചിട്ടുണ്ട്. കേരളത്തിലേക്ക് നേരിട്ട് വന്ന് കാര്യങ്ങളറിയാനുള്ള തയ്യാറെടുപ്പിലായിരുന്നു അദ്ദേഹം. 

state demand level three virology lab in kerala
Author
Delhi, First Published Jun 7, 2019, 4:20 PM IST

ദില്ലി: കേരളത്തില്‍ നിപ വൈറസ് ബാധ നിയന്ത്രണവിധേയമായിട്ടുണ്ടെന്ന നിഗമനത്തിലാണ് കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരുമെന്ന് ആരോഗ്യമന്ത്രി കെകെ ഷൈലജ ടീച്ചര്‍. സംസ്ഥാനത്ത് വൈറോളജി ലാബ് അനുവദിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഫണ്ട് അനുവദിച്ചിരുന്നു. പൂണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് പോലെ ഒരു മേഖലാ കേന്ദ്രം കോഴിക്കോട് സ്ഥാപിക്കണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത് എന്നാല്‍ അതിന് നിലവില്‍ കേന്ദ്രം അനുവദിച്ച ഫണ്ട് പോരാ ഇക്കാര്യം ആരോഗ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. അനുകൂലമായ നിലപാടാണ് ഇക്കാര്യത്തില്‍ അദ്ദേഹം സ്വീകരിച്ചിട്ടുള്ളത്. 

ആരോഗ്യമന്ത്രിയുടെ വാക്കുകള്‍....

രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും എയിംസ് സ്ഥാപിക്കും എന്ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇതുവരെ കേരളത്തിന് എയിംസ് ലഭിച്ചിട്ടില്ല. ഇക്കാര്യത്തില്‍ പലതവണ നമ്മള്‍ കേന്ദ്രസര്‍ക്കാരിന് അപേക്ഷ നല്‍കിയിട്ടുണ്ടെങ്കിലും അനുകൂല തീരുമാനമുണ്ടായിട്ടില്ല. കൂടിക്കാഴ്ചയില്‍ ഇക്കാര്യം വീണ്ടും അദ്ദേഹത്തോട് അപേക്ഷിച്ചിട്ടുണ്ട് ഇക്കാര്യം പരിഗണിക്കും എന്നാണ് കേന്ദ്രആരോഗ്യമന്ത്രി ഉറപ്പ് നല്‍കിയത്.

നിപ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ചും നിലവിലെ സ്ഥിതിഗതികളെക്കുറിച്ചും കേന്ദ്രമന്ത്രി ചോദിച്ചറിഞ്ഞുവെന്നും നിപബാധ നിലവില്‍ വിധേയമാണെന്നും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി മുന്നോട്ട് പോകുന്നുണ്ടെന്നും അദ്ദേഹത്തെ അറിയിച്ചിട്ടുണ്ട്. കേരളത്തിലേക്ക് നേരിട്ട് വന്ന് കാര്യങ്ങളറിയാനുള്ള തയ്യാറെടുപ്പിലായിരുന്നു അദ്ദേഹം. 

കേരളത്തില്‍ അത്യാധുനിക സൗകര്യങ്ങളുള്ള ഒരു വൈറോളജി ലാബ് സ്ഥാപിക്കാണമെന്ന് നേരത്തെ തന്നെ കേന്ദ്രത്തോട് സംസ്ഥാനം ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് കേന്ദ്രം റീജിയണല്‍ വൈറോളജി സെന്‍ററിന് അനുമതി നല്‍കിയെങ്കിലും അതിന് തക്ക ഫണ്ട് അനുവദിച്ചില്ല. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി അത്യാധുനികമായ ലാബ് സ്ഥാപിക്കാന്‍ കൂടുതല്‍ തുക വേണമെന്നും ലെവല്‍ ത്രീ നിലവാരത്തിലുള്ള ഒരു ലാബ് കേരളത്തില്‍ സ്ഥാപിക്കാന്‍ സഹായം നല്‍കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രിയോട് ആവശ്യപ്പെട്ടു. അദ്ദേഹം വളരെ അനുകൂലമായി അതിനോട് പ്രതികരിച്ചിട്ടുണ്ട്. 

വനിതാ-ശിശുക്ഷേമസഹമന്ത്രി സ്മൃതി ഇറാനിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സംസ്ഥാനത്തെ അംഗനവാടികളെ ഹൈടെക്ക് ആക്കാനുള്ള പദ്ധതി അവതരിപ്പിച്ചു. രാജ്യവ്യാപകമായി ഈ പദ്ധതി നടപ്പാക്കാന്‍ താത്പര്യപ്പെടുന്നുവെന്ന് പറഞ്ഞ സ്മൃതി ഇറാനി ഇക്കാര്യത്തില്‍ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. അംഗനവാടി ട്രെയിനിംഗ് സെന്‍ററുകള്‍ക്കുള്ള ഗ്രാന്‍ഡ് നിലവില്‍ നിര്‍ത്തിവച്ചിരിക്കുകയാണ് അത് പുനസ്ഥാപിക്കണമെന്ന് സ്മൃതി ഇറാനിയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. 

നാഷണല്‍ ക്രഷേഴ്സ് സ്കീം വഴി ആയമാര്‍ക്ക് നല്‍കേണ്ട പണം വിട്ടുതന്നിട്ടില്ല. ഈ ഗ്രാന്‍ഡും പുനസ്ഥാപിക്കണമെന്നും കേന്ദ്രസര്‍ക്കാരിന്‍റെ ഷെയര്‍ കൂടി ഓണറേറിയം കുടിശ്ശിക തീര്‍ക്കാന്‍ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു. നിലവില്‍ 3000 രൂപയുള്ള ഓണറേറിയം വര്‍ധിപ്പിക്കാന്‍ സഹകരിക്കണം എന്നും അഭ്യര്‍ത്ഥിച്ചു.  

സംസ്ഥാന വനിതാശിശുക്ഷേമ വകുപ്പിന് കീഴില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വൃദ്ധര്‍ക്കും പരാശ്രയമില്ലാത്ത ആളുകള്‍ക്കുമായി നിരവധി അഭയകേന്ദ്രങ്ങളും സംരക്ഷണകേന്ദ്രങ്ങളുമുണ്ട്. ഇത്തരം 28 കേന്ദ്രങ്ങള്‍ സംസ്ഥാന സര്‍ക്കാന്‍റെ നേരിട്ടുള്ല നിയന്ത്രണത്തിലുണ്ട്. ഇതല്ലാതെ എന്‍ജഒകളുടെ നേതൃത്വത്തില്‍ 290 അഭയകേന്ദ്രങ്ങളുണ്ട്. ഇവയ്ക്കുള്ള കേന്ദ്രഫണ്ട് ഉടന്‍ അനുവദിക്കണം. കേരളത്തിലെ സര്‍ക്കാരിന് കീഴിലുള്ള അഭയകേന്ദ്രങ്ങള്‍ ആധുനികവത്കരിക്കാനുള്ള ഒരു പദ്ധതി നിലവില്‍ നടപ്പാക്കി വരികയാണ്. ലൈബ്രറി, ചികിത്സാസൗകര്യം, കിച്ചണ്‍ തുടങ്ങി ആധുനികസംവിധാനങ്ങളോടെയാണ് ഇവ നവീകരിക്കുന്നത്. ഈ പദ്ധതിക്ക് കേന്ദ്രസഹായം തേടിയിട്ടുണ്ട്. 

നിപ ബാധിതനായയുവാവിനുള്ലള ചികിത്സ നിശ്ചയിക്കാന്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ കോഴിക്കോട് നിപ ബാധിതര്‍ക്ക് ചികിത്സ നല്‍കിയ ഡോക്ടര്‍മാരുടെ സംഘം ഇതിനായി കൊച്ചിയില്‍ തുടരുന്നുണ്ട്. നിപ്പ നിയന്ത്രണ വിധേയമായി എന്ന വിലയിരുത്തലിലാണ് കേന്ദ്രവും സംസ്ഥാനവും. നിപ മുക്തമായി എന്ന പ്രഖ്യാപനം ജൂലൈ പകുതിക്ക് ശേഷമേ ഉണ്ടാകൂ. 

പകരാൻ സാധ്യതയുള്ള സമയപരിധി കൂടി കണക്കിൽ എടുത്താണ് ജൂലൈ പകുതിവരെ കാത്തിരിക്കുന്നത്. കേന്ദ്ര സംഘം എത്രദിവസം തുടരും എന്നത് പരിശോധന ഫലത്തെ ആശ്രയിച്ചിരിക്കും. ചിലപ്പോൾ രണ്ടു ദിവസത്തിനകം മടങ്ങി പോകാം  ചിലപ്പോൾ രണ്ടു മാസം ആകാം. നിപ ബാധയെക്കുറിച്ചുള്ല ദീര്‍ഘകാല പഠനത്തിന് കേന്ദ്രസര്‍ക്കാര്‍ മുന്‍കൈയെടുക്കുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. 

Follow Us:
Download App:
  • android
  • ios