ചൂടിന് പിന്നാലെ കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്ക് സംസ്ഥാനം. വൈകുന്നേരങ്ങളിലെ പവർക്കെട്ടിൽ പലയിടത്തും പ്രതിഷേധവുമായി ജനങ്ങള്‍ കെഎസ്‍ഇബി ഓഫീസുകളിലെത്തി. രണ്ട് ദിവസത്തിനുള്ളിൽ പ്രശ്നം പരിഹരിക്കുമെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻ കുട്ടി വ്യക്തമാക്കി
തിരുവനന്തപുരം: ചൂടിന് പിന്നാലെ കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്ക് സംസ്ഥാനം. വൈകുന്നേരങ്ങളിലെ പവർക്കെട്ടിൽ പലയിടത്തും പ്രതിഷേധവുമായി ജനങ്ങള്‍ കെഎസ്‍ഇബി ഓഫീസുകളിലെത്തി. രണ്ട് ദിവസത്തിനുള്ളിൽ പ്രശ്നം പരിഹരിക്കുമെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻ കുട്ടി വ്യക്തമാക്കി. സംസ്‌ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡിംഗ് ഇല്ലെന്നും വൈദ്യുതി ഉപയോഗം ജനങ്ങൾ സ്വയം നിയന്ത്രിക്കണമെന്നും മന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നിയന്ത്രണമില്ലെന്ന് സർക്കാർ ആവർത്തിച്ച് പറയുമ്പോഴും ഇടയ്ക്കെങ്കിലും ഇരുട്ടിലാവുകയാണ് കേരളം. വൈകുന്നേരങ്ങളിലും രാത്രിയിലും സംസ്ഥാനത്തെ പല ഭാഗങ്ങളിലും വൈദ്യുതി വിതരണം നിലക്കുന്നത് ജനങ്ങളെ വലക്കുകയണ്.
അപ്രഖ്യാപിത ലോഡ് ഷെഡിങ് എട്ടിന്‍റെ പണിയാണെന്നും ചൂടിനൊപ്പം വൈദ്യുതി കൂടി പോകുന്നത് ഉറക്കം നഷ്ടപ്പെടുത്തുകയാണെന്നും ജനങ്ങള്‍ പറയുന്നു. കനത്ത ചൂടിനിടെ കറന്റും പോയതോടെ അമ്പലപ്പുഴ കെഎസ്‍ബി സെക്ഷൻ ഓഫീസിൽ അർദ്ധരാത്രി മുതൽ പുലർച്ചെ വരെ നാട്ടുകാര്‍ പ്രതിഷേധിച്ചു. തൊടുപുഴയിൽ കെഎസ്ഇബി ഓഫീസിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പായ വിരിച്ച് കിടന്നു. കണ്ണൂരിൽ വൈദ്യുതി ഭവനിൽ മെഴുകുതിരി നൽകിയായിരുന്നു പ്രതിഷേധം. ലോഡ് കൂടുമ്പോൾ കറന്റ് കട്ട് സ്വാഭാവികമെന്നാണ് ഇക്കാര്യത്തിൽ മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ വിശദീകരണം.
റെഗുലേറ്ററി കമ്മീഷൻ അനുമതിയോടെ പുറത്തു നിന്ന് കൂടുതൽ വിലയ്ക്ക് വൈദ്യുതി വാങ്ങുകയാണ് ഏക പോംവഴി. എന്നാൽ, അപ്പോള്‍ കറന്റ് ബില്ലിൽ ഷോക്ക് ഏൽക്കുമോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട. പവര്‍ക്കട്ടില്ലാത്ത പത്തുവര്‍ഷങ്ങള്‍ എന്ന രീതിയിൽ നാടാകെ ഫ്ലക്സ് വെച്ച് പരസ്യം ചെയ്ത സർക്കാരിന് സാമൂഹികമാധ്യമങ്ങളിൽ പൊങ്കാലയാണ്. വിമർശകർ പ്രകൃതിയോട് ചോദിക്കണമെന്നാണ് മന്ത്രിയുടെ മറുപടി. ചൂടു കൂടിയതും മഴയില്ലാത്തതും വൈദ്യുതി ഉപഭോഗം വര്‍ധിക്കാനും ഉൽപാദനം കുറയാനും കാരണമായെന്നാണ് മന്ത്രി വ്യക്തമാക്കുന്നത്.



