സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നു. വൈകുന്നേരത്തെ വൈദ്യുതി  ആവശ്യകതയും റെക്കോർഡിൽ എത്തി

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം സർവകാല റെക്കോർഡിൽ. ഇന്നലത്തെ മൊത്തം വൈദ്യുത ഉപയോഗം 116.11 ദശലക്ഷം യൂണിറ്റായിരുന്നു. വൈകുന്നേരത്തെ ആവശ്യകതയും റെക്കോർഡിൽ എത്തി. ഇന്നലെ വൈകുന്നേരത്തെ വൈദ്യുതി ആവശ്യകത 6013 മെഗാവാട്ട് ആയിരുന്നു. ഈ നില തുടര്‍ന്നാല്‍ ലോഡ് ഷെഡ്ഡിങ്ങും പവര്‍കട്ടും വേണ്ടി വന്നേക്കുമെന്നാണ് വിലയിരുത്തല്‍. അതേ സമയം സംസ്ഥാനത്ത് കനത്ത ചൂട് തുടരുകയാണ്. ഇന്നലെ പാലക്കാട് നാൽപ്പത് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നു. സാധാരണയേക്കാൾ 3.5 ഡിഗ്രി സെൽഷ്യസ് കൂടുതലാണിത്.

കോട്ടയത്ത് 38 ഡിഗ്രി സെൽഷ്യസ് ആണ് ഇന്നലെ രേഖപ്പെടുത്തിയ ഉയർന്ന താപനില. വയനാട്, ഇടുക്കി ഒഴികെയുളള ജില്ലകളിൽ അത്യുഷ്ണം തുടരും. ചൂടും ഈർപ്പമേറിയതുമായ അന്തരീക്ഷ സ്ഥിതിക്ക് സാധ്യതയുളളതിനാൽ വെയിലേൽക്കുമ്പോൾ കരുതണമെന്ന് മുന്നറിയിപ്പുണ്ട്. ഇടുക്കി മുതൽ തെക്കോട്ടുളള ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. തിങ്കളാഴ്ച വരെ കനത്ത ചൂട് തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്.