Asianet News MalayalamAsianet News Malayalam

കൊവിഡ് 19: രോഗബാധയില്ലാത്ത വിദേശികളോട് കേരളം വിടാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു

5000-ത്തോളം വിദേശ പൗരന്‍മാര്‍ ഇപ്പോഴും കേരളത്തിലുണ്ടെന്നാണ് സര്‍ക്കാര്‍ കണക്ക്. 

state goverment asked all foreigners to leave Kerala
Author
Thiruvananthapuram, First Published Mar 18, 2020, 10:25 AM IST

തിരുവനന്തപുരം: കൊവിഡ് 19 ഭീതി ശക്തിപ്പെടുന്നതിനിടെ സംസ്ഥാനത്ത് തങ്ങുന്ന എല്ലാ വിദേശസഞ്ചാരികളും എത്രയും വേഗം സ്വന്തം നാടുകളിലേക്ക് തിരിച്ചു പോകണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടു. നിലവില്‍ 5000-ത്തോളം വിദേശപൗരന്‍മാര്‍ കേരളത്തില്‍ തങ്ങുന്നുണ്ടെന്നും പ്രിന്‍സിപ്പല്‍ സെക്രട്ടറി പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു. 

ലോകത്തെ 151 രാജ്യങ്ങളെ ബാധിച്ച കൊവിഡ് വൈറസ് ബാധയെ മഹാമാരിയായ ലോകാരോഗ്യസംഘടന പ്രഖ്യാപിച്ചിട്ടുണ്ടെന്നും രോഗബാധയെ തടയാന്‍ കേരളവും നിരന്തര പരിശ്രമത്തിലാണെന്നും ഇതുസംബന്ധിച്ച അറിയിപ്പില്‍ പറയുന്നു. നിലവില്‍ 5000-ത്തോളം വിദേശസഞ്ചാരികള്‍ സംസ്ഥാനത്ത് തുടരുന്നുണ്ടെന്നാണ് സര്‍ക്കാരിന്‍റെ കണക്ക്. ഇവരെല്ലാം എത്രയും പെട്ടെന്ന് സ്വന്തം നാട്ടിലേക്ക് മടങ്ങിപ്പോകുന്നതിനുള്ള നടപടികള്‍ ആരംഭിക്കണം. 

ചില രാജ്യങ്ങള്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവരെ മാത്രമേ സ്വന്തം രാജ്യത്ത് പ്രവേശിപ്പിക്കുന്നുള്ളൂ. ഈ രാജ്യങ്ങളിലെ പൗരന്‍മാര്‍ കൊവിഡ് ടെസ്റ്റിനായി ജില്ലകളിലെ കോവിഡ് സെല്ലുകളില്‍ ബന്ധപ്പെടണം. ജില്ല പ്രതിരോധ സെല്ലില്‍ നിന്നും സാംപിള്‍ ശേഖരണം നടത്തിയ ശേഷം ഏറ്റവും അടുത്തുള്ള സെന്‍ററില്‍ കൊവിഡ് 19 പരിശോധന നടത്തും. തുടര്‍ന്ന് മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ക്ക് അനുസൃതമായി കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കും. 

നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചാലുടന്‍ രാജ്യം വിടാനുള്ള നടപടികള്‍ വിദേശപൗരന്‍മാര്‍ സ്വീകരിക്കണം. താമസസ്ഥലത്ത് നിന്നും വിമാനത്താവളത്തിലേക്ക് പോകുമ്പോഴും വിമാനത്താവളത്തില്‍ എത്തിയാലും കൊവിഡ് 19 പ്രതിരോധത്തിനുള്ള മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്നും സര്‍ക്കാരിന്‍റെ ഉത്തരവില്‍ പറയുന്നുണ്ട്. 

Follow Us:
Download App:
  • android
  • ios