കൊച്ചി: ക്രൈംബ്രാഞ്ച് കേസിനെതിരായ ഇഡി ഹർജി തള്ളണമെന്ന് സര്‍ക്കാർ ഹൈക്കോടതിയിൽ. സ്വപ്ന സുരേഷിന്‍റെ ശബ്ദരേഖയിൽ അന്വേഷണം ആവശ്യപ്പെട്ടത് ഇഡി തന്നെയാണെന്നും സര്‍ക്കാർ കോടതിയില്‍ പറഞ്ഞു. ഇഡിയുടെ ഹർജിക്ക് പിന്നില്‍ രഹസ്യ അജണ്ടയുണ്ടെന്നും  സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്കെതിരെ ഊഹാപോഹങ്ങളും അഭ്യൂഹങ്ങളും പുറത്തുവിടുന്നത് ഇതിന്റെ ഭാഗമാണെന്നും സര്‍ക്കാർ കോടതിയില്‍ പറഞ്ഞു.

പ്രാഥമിക അന്വേഷണം പൂർത്തിയാക്കിയതിന് ശേഷമാണ് ഇഡിക്കെതിരെ കേസെടുത്തത്. മുഖ്യമന്ത്രിക്കെതിരെ മൊഴി നൽക്കാൻ നിർബന്ധിച്ചെന്ന സ്വപ്നയുടെ മൊഴിയുടെ അധികാരികത പരിശോധിച്ചു. ശബ്ദം തന്റെത് തന്നെയന്ന് സ്വപ്നയും സ്ഥിരീകരിച്ചുവെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. ഇഡി അന്വേഷണ ഉദ്യോഗസ്ഥനായ പി രാധാകൃഷ്ണന്‍റ ഹർജി നിലനിൽക്കില്ലെന്നും രാധാകൃഷ്ണൻ ഇതുവരെ കേസിൽ പ്രതിയല്ലെന്നും സര്‍ക്കാർ പറയുന്നു.