ഭരണ കക്ഷിയിലെ ചില നേതാക്കളുമായി നാരായൺ സ്റ്റാലിനുള്ള ബന്ധമാണ് ഗുരുതരമായി കുറ്റങ്ങൾ കണ്ടെത്തിയിട്ടും ഇയാളെ സംരക്ഷിച്ച് നിർത്തുന്നത്. നടപടി ശുപാർശ ചെയ്യേണ്ട അർബൻ ഡയറക്ടറേറ്റിൽ ജോലി ചെയ്യുന്ന നാരായൺ സ്റ്റാലിന്റെ ഭാര്യയുടെ ഇടപെടലും നടപടി വൈകുന്നതിന്റെ പിന്നിലുണ്ടെന്നാണ് സൂചന.
തിരുവല്ല: പത്തനംതിട്ട തിരുവല്ല നഗരസഭ സെക്രട്ടറിയായിരുന്ന നാരായൺ സ്റ്റാലിനെ കൈക്കൂലി കേസിൽ റിമാന്റ് ചെയ്തിട്ടും നടപടി എടുക്കാതെ സർക്കാർ. വിജിലൻസ് അറസ്റ്റ് ചെയ്ത് അഞ്ച് ദിവസം കഴിഞ്ഞിട്ടും ജോലിയിൽ നിന്ന് ഇയാളെ സസ്പെന്റ് ചെയ്തിട്ടില്ല. അതേസമയം നാരായൺ സ്റ്റാലിന്റെ അനധികൃത സ്വത്ത് സന്പാദനത്തിന്റെ കൂടുതൽ വിവരങ്ങൾ വിജിലൻസിന് കിട്ടി.
വിജിലൻസ് അറസ്റ്റ് ചെയ്യുന്ന സർക്കാർ ഉദ്യോഗസ്ഥനെ നാൽപത്തിയെട്ട് മണിക്കൂറിൽ കൂടുതൽ റിമാന്റ് ചെയ്താൽ ജോലിയിൽ നിന്ന് മാറ്റി നിർത്തണമെന്നതാണ് ചട്ടം. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് നാരായൺ സ്റ്റാലിനെ നഗരസഭ ഓഫീസിൽ നിന്ന് വിജിലൻസ് പിടികൂടിയത്. ശനിയാഴ്ച തിരുവനന്തപുരം വിജിലൻസ് കോടതി 14 ദിവസത്തേക്ക് ഇയാളെ റിമാന്റ് ചെയ്തു. ഇതിന് പിന്നാലെ തന്നെ അറസ്റ്റ് വിവരങ്ങളും റിമാന്റ് റിപ്പോർട്ടും സഹിതം അന്വേഷണ ഉദ്യോഗസ്ഥനായ പത്തനംതിട്ട വിജിലൻസ് ഡിവൈഎസ്പി ഹരി വിദ്യാധരൻ തദ്ദേശ സ്വയം ഭരണ വകുപ്പ് സെക്രട്ടറിക്ക് നൽകിയതാണ്.
സാധാരണ ഗതിയിൽ അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോർട്ട് കിട്ടിയാൽ ബന്ധപ്പെട്ട വകുപ്പ് മേധാവികൾ പ്രതികൾക്കെതിരെ അതിവേഗത്തിൽ നടപടി എടുക്കുന്നതാണ്. എന്നാൽ ഭരണ കക്ഷിയിലെ ചില നേതാക്കളുമായി നാരായൺ സ്റ്റാലിനുള്ള ബന്ധമാണ് ഗുരുതരമായി കുറ്റങ്ങൾ കണ്ടെത്തിയിട്ടും ഇയാളെ സംരക്ഷിച്ച് നിർത്തുന്നത്. നടപടി ശുപാർശ ചെയ്യേണ്ട അർബൻ ഡയറക്ടറേറ്റിൽ ജോലി ചെയ്യുന്ന നാരായൺ സ്റ്റാലിന്റെ ഭാര്യയുടെ ഇടപെടലും നടപടി വൈകുന്നതിന്റെ പിന്നിലുണ്ടെന്നാണ് സൂചന. ഇയാളെ സസ്പെന്റ് ചെയ്ത് ഉത്തരവിറങ്ങാത്തതിനാൽ നഗരസഭയിൽ സെക്രട്ടറിയുടെ ചുമതല മറ്റ് ഉദ്യോഗസ്ഥർക്കും നൽകിയിട്ടില്ല. നഗരസഭയിലെ ദൈനംദിന പ്രവർത്തനങ്ങളേയും ഇത് ബാധിച്ചിട്ടുണ്ട്.
അതേസമയം നാരായൺ സ്റ്റാലിന്റെ ഇടപാടുകൾ സംബന്ധിച്ചുള്ള വിജിലൻസ് അന്വേഷണം തുടരുകയാണ്. ഇയാളുടെ തിരുവന്തപുരത്തെ വീട്ടിൽ നിന്ന് ഒരേ നമ്പരിലുള്ള രണ്ട് ബൈക്കുകൾ കണ്ടെത്തി. ആലപ്പുഴയിലെ വീട്ടിൽ നിന്ന് മുപ്പതോളം ബാങ്ക് പാസ് ബുക്കുകളും വിവിധ സ്ഥലങ്ങളുടെ ആധാരങ്ങളും കരം അടച്ച രസീതുകളും പിടിച്ചെടുത്തു. 2022 ജൂണിൽ നെടുമങ്ങാട് ഒരു കോടി ഇരുപത് ലക്ഷം രൂപയുടെ വസ്തു രജിസ്ട്രേഷൻ നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്. കൈക്കൂലി ഇനത്തിൽ വാങ്ങിയ പണം മറ്റ് പലരുടേയും അക്കൗണ്ടിലേക്ക് മാറ്റിയെന്നും വിജിലൻസിന് സൂചനയുണ്ട്.
