തിരുവനന്തപുരം: ഈവർഷത്തെ സ്കൂൾ കായിക  മത്സരങ്ങളുടെ നടത്തിപ്പിന് സ്പോർട്സ് കൗൺസിലിന്റെ സഹായം തേടി സംസ്ഥാന സർക്കാർ. കായികാധ്യാപകർ ചട്ടപ്പടി സമരം തുടരുന്ന പശ്ചാത്തലത്തിലാണ് വിദ്യാഭ്യാസ വകുപ്പിന്റെ നീക്കം. സഹായമാവശ്യപ്പെട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടർ സ്പോർട്സ് കൗൺസിലിനയച്ച കത്തിന്റ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി.

മെച്ചപ്പെട്ട വേതനമുൾപ്പെടെ ആവശ്യപ്പെട്ട് ജൂൺ മുതൽ കായികാധ്യാപകർ ചട്ടപ്പടി സമരത്തിലാണ്. ഈ വർഷത്തെ സംസ്ഥാന സ്കൂൾ കായികമേള  ഗെയിംസ് ഇനങ്ങൾ ഈമാസം 24ന് തുടങ്ങാൻ തീരുമാനിച്ച് സ്പോർട്സ് കലണ്ടർ തയ്യാറാക്കിയെങ്കിലും ഉപജില്ലാ മത്സരങ്ങൾ പോലും ഇനിയും നടന്നിട്ടില്ല. സ്കൂൾ മേളകളുടെ സംഘാടകരും നിയന്ത്രണവുമെല്ലാം കായികാധ്യാപകരാണ്. 

എന്നാൽ ഇക്കുറി മേള ബഹിഷ്കരിക്കുമെന്ന നിലപാടിലേക്ക് കായികാധ്യാപകർ എത്തിയതോടെയാണ് സർക്കാർ ബദൽ മാർഗ്ഗം തേടിയിരിക്കുന്നത്. ആവശ്യമായ ഒഫീഷ്യലുകളെ സ്കൂൾ തലം മുതലുളള മത്സരങ്ങൾക്കായി വിട്ടുനൽകണമെന്നാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ ആവശ്യപ്പെടുന്നത്. ഇതുസംബന്ധിച്ച് രേഖാമൂലം അതത് ജില്ല അസോസിയേഷനുകൾക്ക് സ്പോർട്സ് കൗൺസിൽ നിർദ്ദേശം നൽകണമന്നും കത്തിലൂടെ ആവശ്യപ്പെടുന്നു.  

അതേസമയം സമരത്തോട് മുഖം തിരിഞ്ഞുനിൽക്കുന്ന നിലപാട് ഇനിയെങ്കിലും സർക്കാർ മാറ്റണമെന്നാണ് കായികാധ്യാപകരുടെ  ആവശ്യം.  പ്രതിഷേധിക്കുന്നവരോട് പ്രതികാര ബുദ്ധിയോടെ പെരുമാറുന്നുവെന്നും പരാതിയുണ്ട്.  മേള നടത്താനുളള നീക്കത്തിൽ നിന്ന് സ്പോർട്സ് കൗൺസിൽ പിന്മാറണമെന്നും സർക്കാർ നീക്കം പ്രായോഗികമല്ലെന്നും കായികാധ്യാപകർ പറയുന്നു.

പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ആവശ്യത്തിൻമേൽ സ്പോർട്സ് കൗൺസിൽ അന്തിമ തീരുമാനമെടുത്തിട്ടില്ല. മേള തടസപ്പെടുത്താൻ കായികാധ്യാപകരെത്തിയാൽ നടപടിയെടുക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് സർക്കുലർ ഇറക്കിയിട്ടുണ്ട്. വിദ്യാർത്ഥികളുടെ ഭാവിയെ കരുതി സമരമവസാനിപ്പിക്കാൻ സർക്കാർ മുൻകൈ എടുക്കണമെന്നാണ് ആവശ്യം.