Asianet News MalayalamAsianet News Malayalam

വെസ്റ്റ് നൈൽ പനി; പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതം, ആശങ്ക വേണ്ടെന്ന് ആരോഗ്യ മന്ത്രി

രോഗ ലക്ഷണവുമായി ആരെങ്കിലും എത്തിയാൽ പ്രത്യേകം നിരീക്ഷിക്കാനും ചികിത്സ നൽകാനുമുള്ള സൗകര്യം ഏർപ്പെടുത്താൻ ആശുപത്രികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

state health department has taken all measures to prevent west nile fever says health minister kk shailaja
Author
Thiruvananthapuram, First Published Mar 18, 2019, 12:40 PM IST

തിരുവനന്തപുരം: വെസ്റ്റ് നൈൽ പനിയെക്കുറിച്ച് സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. വെസ്റ്റ് നൈൽ പനിക്കെതിരായ 
പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമായി നടക്കുകയാണ്. വൈറസ് ബാധ റിപ്പോർട്ട് ചെയ്തപ്പോൾ തന്നെ പ്രത്യേക മെഡിക്കൽ സംഘത്തെ മലപ്പുറത്തേക്ക് അയച്ചിരുന്നു.
രോഗ ലക്ഷണവുമായി ആരെങ്കിലും എത്തിയാൽ പ്രത്യേകം നിരീക്ഷിക്കാനും ചികിത്സ നൽകാനുമുള്ള സൗകര്യം ഏർപ്പെടുത്താൻ ആശുപത്രികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പകരാത്ത രോഗമായതിനാൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രതയാണ് വേണ്ടെതെന്നും  ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. ആർ എൽ സരിത അറിയിച്ചു. ക്യൂലക്സ് വഭാഗത്തിൽ പെടുന്ന കൊതുകുകളാണ് വൈറസ് വാഹകർ. അതിനാൽ കൊതുക് നിവാരണമാണ് വെസ്റ്റ് നൈൽ പനിക്കെതിരെയുള്ള ഏറ്റവും നല്ല പ്രതിരോധ മാർഗമെന്നും ആരോഗ്യ വകുപ്പ് ഡയറക്ടർ പറഞ്ഞു. രോഗത്തിനെതിരെ വാക്സിനേഷൻ ലഭ്യമല്ല എന്നതുകൊണ്ട് ആരും ആശങ്കപ്പെടേണ്ടതില്ലെന്നും രോഗം ഗുരുതരമാകാനുള്ള സാധ്യത വിരളമായതിനാൽ ജാഗ്രതയും കൊതുക് നിവാരണവുമാണ് വേണ്ടതെന്നും ആരോഗ്യവകുപ്പ് ഡയറക്ടർ പറഞ്ഞു

വെസ്റ്റ് നൈൽ പനി ബാധിച്ച് മലപ്പുറത്ത് ആറ് വയസ്സുകാരൻ മരിച്ചിരുന്നു. വേങ്ങര ഏആർ നഗറിലെ മുഹമ്മദ് ഷാൻ ആണ് മരിച്ചത്. ഒരാഴ്ചയായി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന മുഹമ്മദ് ഷാൻ ഇന്ന് പുലർച്ചെയോടെയാണ് മരിച്ചത്. രണ്ടാഴ്ച മുമ്പാണ് മുഹമ്മദ് ഷാന് വെസ്റ്റ് നൈൽ പനി ബാധിച്ചത്. ആദ്യം കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച മുഹമ്മദ് ഷാനെ പനി ഗുരുതരമായതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. ഇവിടെ വെച്ചാണ് മുഹമ്മദ് ഷാനെ ബാധിച്ചത് വെസ്റ്റ് നൈൽ പനിയാണെന്ന് സ്ഥിരീകരിച്ചത്. 

Follow Us:
Download App:
  • android
  • ios