തിരുവനന്തപുരം: കാലവര്‍ഷം ചതിക്കില്ലെന്ന പ്രവചനത്തില്‍ മാറ്റം വരുത്തേണ്ട സാഹചര്യമില്ലെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം വ്യക്തമാക്കി. എല്‍നിനോ പ്രതിഭാസമാണ് സംസ്ഥാനത്ത് ഇതുവരെ മഴ കുറയാന്‍ കാരണം. ആഗസ്റ്റ് ആദ്യവാരത്തോടെ ഈ സ്ഥിതിയില്‍ മാറ്റമുണ്ടാകുമെന്നാണ് വിലയിരുത്തല്‍.

പസഫിക് സമുദ്രത്തിലുണ്ടാകുന്ന അസാധരണ താപനില വര്‍ദ്ധനയാണ് എല്‍നിനോ പ്രതിഭാസം കൊണ്ട് ഉദ്ദേശിക്കുന്നത്.സമുദ്രോപരിതലത്തിലെ താപനില കൂടുന്നതോടെ കിഴക്കന്‍ കാറ്റിന്‍റെ ശക്തി കുറയുന്നു. കാറ്റിന്‍റെ ദിശയും വേഗവും അനുകൂലമല്ലാത്ത സാഹചര്യം  വന്നതുകൊണ്ടാണ് ഇതുവരെ മഴ കുറഞ്ഞത്. സെപ്റ്റംബര്‍ 30 വരെയാണ് കാലവര്‍ഷം. അടുത്ത മാസം ആദ്യത്തോടെ എല്‍നിനോയുടെ സ്വാധീനം കുറയും.  കാലവര്‍ഷക്കാലത്ത് 96 ശതമാനത്തോളം മഴ കിട്ടുമെന്ന് തന്നെയാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്‍റെ  വിലയിരുത്തല്‍  

കാലവര്‍ഷത്തില്‍ സംസ്ഥാനത്ത് ഇതുവരെ 43 ശതമാനം മഴ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്ന ഇടുക്കിയിലാണ് ഏറ്റവും കുറവ് മഴ കിട്ടിയത്. 56 ശതമാനം. വയനാട്ടിലും പത്തനംതിട്ടയിലും പകുതയില്‍ താഴെ മാത്രം മഴ കിട്ടിയപ്പോള്‍ തിരുവനന്തപുരമാണ് തമ്മില്‍ ഭേദം.23 ശതമാനം മഴ കുറവാണ് തലസ്ഥാന ജില്ലയില്‍ രേഖപ്പെടുത്തിയത്. കാലവര്‍ഷം ചതിക്കില്ലെന്ന പ്രവചനത്തില്‍ പ്രതീക്ഷയര്‍പ്പിക്കുകയാണ് കെഎസ്ഇബിയും വാട്ടര്‍ അതോറിറ്റിയും.