ഇന്ന് വൈകുന്നേരമുണ്ടായ അക്രമസംഭവങ്ങളിൽ പ്രതിഷേധിച്ചാണ് കോഴിക്കോട് ജില്ലയിലെ ചങ്ങരോത്ത് പഞ്ചായത്തില്‍ നാളെ യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. 

തിരുവനന്തപുരം: ഇൻഡിഗോ വിമാനത്തിൽ മുഖ്യമന്ത്രിക്ക് നേരെയുണ്ടായ യൂത്ത് കോൺ​ഗ്രസ് പ്രതിഷേധത്തെ ചൊല്ലി സംസ്ഥാന വ്യാപകമായി ഇന്നും സിപിഎം - കോൺ​ഗ്രസ് പ്രവ‍ർത്തകർ തമ്മിൽ ഏറ്റുമുട്ടലുണ്ടായി. ഇരുവിഭാ​ഗവും തമ്മിലുണ്ടായ സംഘ‍ർഷത്തെ തുടർന്ന് പലയിടത്തും നിരവധി പ്രവർത്തകർക്ക് സാരമായി പരിക്കേറ്റു. പാലേരി ടൗണിലുണ്ടായ സംഘ‍ർഷത്തിൽ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയിലെ ചങ്ങോരത്ത് പഞ്ചായത്തിൽ നാളെ യുഡിഎഫ് ഹ‍ർത്താലിന് ആഹ്വാനം ചെയ്തു. 

ഇന്ന് വൈകുന്നേരമുണ്ടായ അക്രമസംഭവങ്ങളിൽ പ്രതിഷേധിച്ചാണ് കോഴിക്കോട് ജില്ലയിലെ ചങ്ങരോത്ത് പഞ്ചായത്തില്‍ നാളെ യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. പാലേരി ടൗണിൽ കോണ്‍ഗ്രസ് നടത്തിയ പ്രകടനത്തിന് നേരെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. ആക്രമണത്തിൽ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഉള്‍പ്പെടെ 3 പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇന്ന് വൈകിട്ട് ആറരയോടെയായിരുന്നു സംഭവം. പരിക്കേറ്റവരെ കുറ്റ്യാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

കോഴിക്കോട് കൊയിലാണ്ടി മുത്താമ്പിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഡിവൈഎഫ്ഐ പ്രവർത്തകർ മർദ്ദിച്ചതായി പരാതി. ഡി വൈ എഫ് ഐ കരി ഓയിൽ പൂശിയ കോൺഗ്രസ്സിന്റെ കൊടിമരം വൃത്തിയാക്കുമ്പോഴായിരുന്നു ആക്രമണം. പട്ടിക കൊണ്ട് അടിയേറ്റ് 4 യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തിരുവനന്തപുരം കണിയാപുരത്ത് ഡിവൈഎഫ്ഐ പ്രവർത്തകർ കോൺഗ്രസിൻ്റെ കൊടിമരങ്ങൾ നശിപ്പിച്ചു. ആലുംമൂട് ജംഗ്ഷനിലേയും റെയിൽവേ ഗേറ്റിന് സമീപത്തേയും കൊടിമരങ്ങളാണ് നശിപ്പിച്ചത്. പ്രദേശത്ത് പ്രകടനം നടത്തുന്നതിനിടെയാണ് ഡിവൈഎഫ്ഐ പ്രവർത്തകർ കൊടിമരങ്ങൾ നശിപ്പിച്ചത്. പോത്തൻകോടും സിപിഎം പ്രവർത്തകർ കോൺഗ്രസിൻറെ കൊടിമരം തകർത്തു. ഇതേ തുടർന്ന് ഇവിടെ ഏറേ നേരും ഇരുവിഭാഗം പ്രവർത്തകരും തടിച്ചു കൂടി മുദ്രാവാക്യം വിളിച്ചു. തുടർന്ന് കൂടുതൽ പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയാണ് സ്ഥിതി ശാന്തമാക്കിയത്. 

കൊല്ലം പരവൂർ കോണ്ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിന് നേരെ വീണ്ടും ആക്രമണമുണ്ടായി. കോ ഓപ്പറേറ്റീവ് ബാങ്ക് എംപ്ലോയീസ് യൂണിയൻ - സിഐടിയുവിന്റെ പ്രകടനത്തിന് പിന്നാലെയാണ് കല്ലേറുണ്ടായത്. കല്ലേറിൽ ഓഫീസിന്റെ ജനൽ ചില്ലകൾ തകർന്നു. അക്രമത്തിൽ പ്രതിഷേധിച്ചു കോൺ​ഗ്രസ് പ്രവർത്തകർ റോഡ് ഉപരോധിച്ചു. 

എറണാകുളം ഡിസിസി ഓഫീസിന് മുന്നിലെ കൊടിമരത്തിലെ കൊടി സിപിഎം പ്രവർത്തകർ രാത്രി പറിച്ചെടുത്തു കത്തിച്ചു എന്ന് ഡിസിസി പ്രസിഡന്റ്‌ മുഹമ്മദ് ഷിയാസ്. ഇതിന് തെളിവായി സിസിടിവി ദൃശ്യങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് അക്രമികൾക്ക് പിന്തുണ നൽകുകയാണെന്നും ഷിയാസ് പറഞ്ഞു. 

പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ കോട്ടയത്ത് ഡിവൈഎഫ്ഐ യുടെ പ്രതിഷേധമുണ്ടായി. കുമാരനല്ലൂരിൽ തകർത്ത് കോൺഗ്രസ് സ്തൂപം സന്ദർശിക്കാനായി വിഡി സതീശൻ കോട്ടയത്ത് എത്തിയപ്പോൾ ആയിരുന്നു പ്രതിഷേധം. കാഞ്ഞിരപ്പള്ളിയിലും കോൺഗ്രസും ഡിവൈഎഫ്ഐ പ്രവ‍ർത്തകരും തമ്മിൽ സംഘർഷമുണ്ടായി. കോൺഗ്രസ് പ്രവർത്തകർ പ്രകടനമായി പേട്ടക്കവലയിൽ എത്തിയപ്പോൾ ഡി വൈ എഫ് ഐ പ്രവർത്തകരും മുദ്രാവാക്യം വിളിച്ച് ഇവിടെ എത്തുകയും പിന്നീട് ഇരുവിഭാ​ഗവും ചേരി തിരിഞ്ഞ് തല്ലുണ്ടാക്കുകയുമായിരുന്നു. 

കോഴിക്കോട് പേരാമ്പ്രയ്ക്കടുത്ത് നൊച്ചാട് UDF- LDF പ്രവർത്തകർ തമ്മിലുണ്ടായ കല്ലറിൽ രണ്ട് പൊലീസുകാർ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. പ്രവർത്തകരെ പിരിച്ചു വിടാൻ ശ്രമിച്ച പൊലീസുകാർക്കും ഒരു ഹോം ഗാർഡിനുമാണ് പരിക്കേറ്റത്. രാത്രി 7.30 ഓടെയാണ് സംഭവം. സിപിഎം - കോൺഗ്രസ് പ്രകടനത്തിടെ പ്രവർത്തകർ ചേരി തിരിഞ്ഞ് കല്ലേറ് നടത്തുകയായിരുന്നു. ഹോം ഗാർഡ് അരവിന്ദൻ എ.ആ‍ർ ക്യാമ്പിലെ പോലീസുകാരായ സജിത്ത്, പ്രഭീഷ് എന്നിവർക്കാണ് പരിക്കേറ്റത്.

കണ്ണൂർ മട്ടന്നൂരിൽ കോൺഗ്രസ് പ്രകടനത്തിന് നേരെ സിപിഎം പ്രവർത്തകർ ഇരച്ചുകയറി വന്നത് സംഘ‍ർഷത്തിന് കാരണമായി. തടയാനെത്തിയ പൊലീസ് ഉദ്യോ​ഗസ്ഥ‍ർക്ക് നേരെയും അസഭ്യവർഷമുണ്ടായി. പൊലീസും സിപിഎം പ്രവർത്തകരും തമ്മിൽ ഉന്തും തളളുമുണ്ടായി. അക്രമസംഭവങ്ങളെ തുട‍ർന്ന് സ്ഥലത്ത് കൂടുതൽ പൊലീസിനെ വിന്യസിച്ചു.