കൊച്ചി: എറണാകുളം കാക്കനാട് പ്ലസ് ടു വിദ്യാർത്ഥിനിയെ പെട്രോളൊഴിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ സംസ്ഥാന വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് വിശദമായ പൊലീസ് റിപ്പോർട്ട് ആവശ്യപ്പെട്ടതായി വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈന്‍ അറിയിച്ചു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി.

വ്യാഴാഴ്ച പുലർച്ചയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. കാക്കനാട് അത്താണി സ്വദേശി ഷാലന്‍റെ മകൾ പതിനേഴ് വയസുകാരി ദേവികയാണ് ദാരുണമായി കൊല്ലപ്പെട്ടത്. പറവൂർ സ്വദേശി മിഥുനാണ് പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ച് കയറി പെട്രോളൊഴിച്ച് തീകൊളുത്തിയത്. ഗുരുതരമായി പൊള്ളലേറ്റ യുവാവും മരിച്ചു. പ്രണയ നൈരാശ്യമാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്നാണ് സൂചന.

ശബ്ദം കേട്ട് എത്തിയ അയൽവാസികൾ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും പെൺകുട്ടി സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ മിഥുൻ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചാണ് മരിച്ചത്.  മിഥുനുമായി പെൺകുട്ടി അടുപ്പത്തിലായിരുന്നു എന്നാണ് സുഹൃത്തുക്കൾ പറയുന്നത്. രണ്ട് ദിവസം മുമ്പ് പെൺകുട്ടിയുടെ അമ്മയും യുവാവും തമ്മിൽ വാക്കുതർക്കം ഉണ്ടായി. ഇതിന് ശേഷം പെൺകുട്ടി വലിയ വിഷമത്തിലായിരുന്നു. 

യുവാവുമായി ബന്ധം തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് പെൺകുട്ടി അറിയച്ചതിനെ തുടർന്നുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ കാക്കനാട് ഇൻഫോ പാർക്ക് പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ പ്രതിയും മരിച്ചതോടെ കേസന്വേഷണം അവസാനിപ്പിക്കാനാണ് പൊലീസിന്‍റെ തീരുമാനം. പെൺകുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അമ്പത് ശതമാനം പൊള്ളലേറ്റ അച്ഛൻ ഷാലറ്റ് ചികിത്സയിലാണ്.