Asianet News MalayalamAsianet News Malayalam

മതസൗഹാര്‍ദ്ദം തകര്‍ക്കുന്ന പ്രസ്താവന പാടില്ല, ഇനിയും പറയും, ക്രിസ്ത്യൻ മിഷണറിമാരോടും പറഞ്ഞിട്ടുണ്ട്: മന്ത്രി

'സംസ്ഥാനത്ത് മത സൗഹാർദ്ദം നിലനിർത്താൻ ഇനിയും പറഞ്ഞു കൊണ്ടേ ഇരിക്കും. അതിൽ തെറ്റു കാണേണ്ട. മന്ത്രി എന്ന നിലയിൽ ഓർമ്മിപ്പിക്കേണ്ട കാര്യമാണ് പറഞ്ഞത്'

Statement against religious harmony cant be allowed Minister V Abdurahiman kgn
Author
First Published Dec 28, 2023, 6:29 PM IST

മലപ്പുറം: ക്രിസ്ത്യൻ ആഘോഷങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്ന സമസ്ത നേതാവിന്റെ പരാമര്‍ശങ്ങൾക്കെതിരെ താൻ പറഞ്ഞത് മുൻപും പറഞ്ഞിട്ടുണ്ടെന്നും ഇനിയും പറയുമെന്നും മന്ത്രി വി അബ്ദുറഹിമാൻ. കേരളത്തിന്റെ മതസൗഹാർദ്ദത്തെ തകർക്കുന്ന തരത്തിൽ ആരും പ്രസ്താവന നടത്തുന്നത് ശരിയല്ല. ക്രിസ്ത്യൻ മിഷനറിമാർ ഇത്തരം പ്രസ്താവന നടത്തിയപ്പോളും നിലപാട് പറഞ്ഞിട്ടുണ്ട്. ഇത്തരം കാര്യങ്ങളിൽ പരസ്യ പ്രസ്താവന നിയന്ത്രിക്കപ്പെടേണ്ടതാണ്. ഇങ്ങനെ ന്യൂനപക്ഷങ്ങൾക്ക് പ്രവർത്തിക്കാവുന്ന ഏത് സംസ്ഥാനമാണ് ഉള്ളതെന്നും അദ്ദേഹം ചോദിച്ചു.

സംസ്ഥാനത്ത് മത സൗഹാർദ്ദം നിലനിർത്താൻ ഇനിയും പറഞ്ഞു കൊണ്ടേ ഇരിക്കും. അതിൽ തെറ്റു കാണേണ്ട. മന്ത്രി എന്ന നിലയിൽ ഓർമ്മിപ്പിക്കേണ്ട കാര്യമാണ് പറഞ്ഞത്. ഇത് നല്ല അർത്ഥത്തോടെ സമസ്ത കാണും എന്നാണ് കരുതുന്നത്. മത സൗഹാർദ്ദത്തിനു വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്തവരാണ് പഴയ സമസ്ത നേതാക്കൾ. കേരളം ഇങ്ങനെ നിലനിൽക്കണം. ന്യൂനപക്ഷങ്ങൾ പരസ്പരം വൈര്യത്തോടെ സംസാരം ഉണ്ടാവാൻ പാടില്ല. ഇതാണ് ഇന്നലെ പറഞ്ഞത്. അത് ഇനിയും പറയുമെന്നും അദ്ദേഹം വ്യക്തമാക്കി.

ക്രിസ്ത്യൻ ആഘോഷങ്ങളിൽ നിന്ന് മുസ്ലീങ്ങൾ വിട്ടു നിൽക്കണമെന്നായിരുന്നു സമസ്ത നേതാവ് അബ്ദുൽ ഹമീദ് ഫൈസിയുടെ നിലപാട്. ഇദ്ദേഹത്തെ ജയിലിലടക്കണമെന്നാണ് മന്ത്രി വി അബ്ദുറഹിമാൻ ഇന്നലെ നിലപാടെടുത്തത്. മതസൗഹാർദ്ദത്തിന് എതിര് നിൽക്കുന്ന പ്രസ്താവന നേരത്തെയും ഫൈസി നടത്തിയിട്ടുണ്ട്. ഇത്തരം പ്രസ്താവനക്കെതിരെ  കർശന നടപടി വേണമെന്നാണ് ന്യൂനപക്ഷ മന്ത്രി എന്ന നിലയിൽ തൻറെ അഭിപ്രായമെന്നും അബ്ദുറഹ്മാൻ തിരുവനന്തപുരത്ത് പറഞ്ഞിരുന്നു.

പിന്നാലെ ഇന്ന് മന്ത്രിക്കെതിരെ അബ്ദുൾ ഹമീദ് ഫൈസി അമ്പലക്കടവ് രംഗത്ത് വന്നിരുന്നു. മത സൗഹാർദ്ദവും മതേതരത്വവും മന്ത്രിയിൽ നിന്നും പഠിക്കേണ്ട ഗതികേടില്ല, മത നിയമങ്ങൾ പറയാൻ ഭരണ ഘടന അനുവാദം നൽകിയിട്ടുണ്ട്. അതനുസരിച്ചു മത ബോധനം ഇനിയും തുടരുമെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. മത പണ്ഡിതർ എന്ത് പറയണം എന്ന് തീരുമാനിക്കുന്ന അധിക ചുമതലയുള്ള മന്ത്രിയാണ് അബ്ദുറഹിമാൻ എന്നായിരുന്നു എസ് കെ എസ് എസ് എഫ് നേതാവ് സത്താർ പന്തല്ലൂരിന്റെ പരിഹാസം. മിശ്ര വിവാഹത്തെ കുറിച്ച് മന്ത്രി നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
 

Asianet News Live | ഏഷ്യാനെറ്റ് ന്യൂസ്

Latest Videos
Follow Us:
Download App:
  • android
  • ios