Asianet News MalayalamAsianet News Malayalam

'കേരളത്തെ ലജ്ജിപ്പിക്കുന്നു' മന്ത്രി കെ രാധാകൃഷ്‌ണനെതിരായ ജാതീയ വിവേചനത്തിൽ സിപിഎം സെക്രട്ടേറിയറ്റ്‌

സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്‌ പുറപ്പെടുവിക്കുന്ന പ്രസ്‌താവന

Statement issued by CPIM  State Secretariat ppp
Author
First Published Sep 19, 2023, 11:42 PM IST

തിരുവനന്തപുരം: ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണന്‌ ജാതീയമായ വിവേചനം നേരിടേണ്ടിവന്നുവെന്ന പ്രശ്‌നം കേരളത്തെ ലജ്ജിപ്പിക്കുന്നതാണെന്ന്‌ സിപിഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്‌ പ്രസ്‌താവനയില്‍ പറഞ്ഞു. കേരളത്തില്‍ ഒരുകാലത്ത്‌ ജാതീയമായ അടിച്ചമര്‍ത്തലിന്റെ ഭാഗമായി അയിത്തം ഉള്‍പ്പെടേയുള്ള ദുരാചാരങ്ങള്‍ നിലനിന്നിരുന്നു. നവോത്ഥാന പ്രസ്ഥാനവും, തുടര്‍ന്നുവന്ന ദേശീയ പ്രസ്ഥാനവും, കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനവുമൊക്കെ നടത്തിയ ഇടപെടലിന്റെ ഭാഗമാണ്‌ ജാതി വിവേചനത്തിന്റെ പ്രശ്‌നങ്ങള്‍ പൊതുവില്‍ ഇല്ലാതായത്‌. 

ചരിത്രപരമായ കാരണങ്ങളാല്‍ ഉയര്‍ന്നുവന്ന സാമൂഹ്യ അവശതയുടെ പ്രശ്‌നങ്ങള്‍ സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട്‌. അവ പരിഹരിക്കുന്നതിനുള്ള ശക്തമായ പ്രവര്‍ത്തനം സംസ്ഥാന സര്‍ക്കാരിന്റെയുള്‍പ്പെടെ നേതൃത്വത്തില്‍ നടന്നുകൊണ്ടിരിക്കുന്ന ഘട്ടം കൂടിയാണിത്‌. പയ്യന്നൂരിലെ നമ്പ്യാത്തറ ക്ഷേത്രത്തിലാണ്‌ മന്ത്രി രാധാകൃഷ്‌ണന്‌ ജാതി വിവേചനം അനുഭവപ്പെട്ടത്‌. ജാതി വിവേചനത്തിന്റെ അടിസ്ഥാനത്തിലുള്ള ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഉന്മൂലനം ചെയ്യുന്നതിനുള്ള നല്ല ജാഗ്രത ജനങ്ങള്‍ക്കുണ്ടാകണമെന്ന്‌ സിപിഐ(എം) സംസ്ഥാന സെക്രട്ടറിയേറ്റ്‌ പ്രസ്‌താവനയില്‍ പറഞ്ഞു.

Read more: മന്ത്രി രാധാകൃഷ്ണന്‍റെ 'അയിത്തം' വെളിപ്പെടുത്തൽ ഞെട്ടിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി; 'നടപടി ഉണ്ടാകും'

അതേസമയം കണ്ണൂരിലെ അയിത്തം വെളിപ്പെടുത്തലിൽ ഇന്ന് മന്ത്രി കൂടുതൽ പ്രതികരണം നടത്തിയിരുന്നു. തനിക്ക് മുൻഗണന കിട്ടിയില്ലെന്നതല്ല വിഷയം. അതിനെ മറികടക്കാനുള്ള കരുത്തെനിക്കുണ്ട്. ഇവരാരും നമ്മളെ പൂജിക്കുകയും വാഴിക്കുകയും ചെയ്യണ്ട. മനസ്സിലിപ്പോഴും അവശേഷിക്കുന്ന ദുരവസ്ഥ മാറ്റിയെടുക്കാൻ ശ്രമിക്കണമെന്നുമാണ് മന്ത്രി പറഞ്ഞത്. പൈസക്ക് അയിത്തമില്ല, മനുഷ്യന് അയിത്തം കൽപ്പിക്കുന്നു. ജാതി വ്യവസ്ഥ മനസിൽ പിടിച്ച കറയാണ്. കണ്ണൂർ സംഭവത്തിൽ നിയമ നടപടിക്ക് പോകുന്നില്ലെന്നും മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു. ചർച്ചകളിലൂടെയാണ് മാറ്റം ഉണ്ടാകേണ്ടത്. ജാതി വ്യവസ്ഥ ഉള്ളിടത്തോളം കാലം ജാതിക്കെതിരായ പോരാട്ടം തുടരുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

ക്ഷേത്ര ഉദ്ഘാടന ചടങ്ങിൽ താൻ ജാതി വിവേചനം നേരിട്ടെന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ. ഒരു ക്ഷേത്രത്തിൽ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തപ്പോൾ ജാതിയുടെ പേരിൽ തന്നെ മാറ്റി നിർത്തിയെന്നാണ് മന്ത്രി തുറന്നു പറഞ്ഞത്. ഈ സമീപനത്തിന് അതേ വേദിയിൽ തന്നെ പ്രതിഷേധം അറിയിച്ചതായും മന്ത്രി കെ.രാധാകൃഷ്ണൻ പറഞ്ഞു.  കോട്ടയത്ത് ഭാരതീയ വേലൻ സൊസൈറ്റിയുടെ സംസ്ഥാന സമ്മേളനത്തിൽ  സംസാരിക്കുമ്പോഴായിരുന്നു മന്ത്രിയുടെ വെളിപ്പെടുത്തൽ. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവമാണ് മന്ത്രി പ്രതിപാദിച്ചത്. "ഞാന്‍ ഒരു ക്ഷേത്രത്തില്‍ ഒരു പരിപാടിക്ക് പോയി. ആ ക്ഷേത്രത്തില്‍ ചെന്ന സന്ദര്‍ഭത്തില്‍ അവിടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് പ്രധാന പൂജാരി വിളക്ക് കത്തിച്ച് കൊണ്ടു വന്നു. വിളക്ക് എന്റെ കൈയില്‍ തരാതെ അദ്ദേഹം തന്നെ കത്തിച്ചു. അപ്പോള്‍ ആചാരമായിരിക്കും എന്ന് കരുതി മാറി നിന്നു. അതിന് ശേഷം അവിടുത്തെ സഹപൂജാരിക്ക് വിളക്ക് കൈമാറി. അയാളും കത്തിച്ചു. അപ്പോഴും ഞാന്‍ കരുതിയത് എനിക്ക് തരുമെന്നാണ്. തന്നില്ല. പകരം വിളക്ക് നിലത്തുവെച്ചു. ഞാന്‍ എടുത്ത് കത്തിക്കട്ടെ എന്നാണ് അവര്‍ വിചാരിച്ചത്. ഞാന്‍ എടുക്കണോ? ഞാന്‍ കത്തിക്കണോ? ഞാന്‍ പറഞ്ഞു പോയി പണി നോക്കാന്‍" - മന്ത്രി വിവരിച്ചു.

നേരിടേണ്ടി വന്ന ജാതി വിവേചനത്തിന് അതേ വേദിയില്‍ വെച്ചുതന്നെ മറുപടി പറഞ്ഞുവെന്നും മന്ത്രി പറഞ്ഞു. "ഞാന്‍ തരുന്ന പൈസയ്ക്ക് നിങ്ങള്‍ക്ക് അയിത്തമില്ല, എനിക്ക് അയിത്തമാണ് നിങ്ങള്‍ കല്‍പ്പിക്കുന്നത്. പൈസയ്ക്ക് മാത്രം അയിത്തമില്ല. ഏത് പാവുപ്പെട്ടവനും കൊടുക്കുന്ന പൈസയ്ക്ക് അവിടെ അയിത്തമില്ല. നമ്മളെ അയിത്തം കല്‍പ്പിക്കുകയാണ്. ഈ പൂജാരിയെ ഇരുത്തിക്കൊണ്ടു തന്നെ ഞാന്‍ പറഞ്ഞു" - എന്നുമായിരുന്നു മന്ത്രിയുടെ വാക്കുകൾ.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Follow Us:
Download App:
  • android
  • ios