നവജാത ശിശുവും അമ്മയും മരിച്ച സംഭവത്തിൽ ആശുപത്രിക്ക് എതിരെ കുടുംബം ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.

പാലക്കാട്: പാലക്കാട് തങ്കം ആശുപത്രിയിൽ അടുത്തടുത്ത ദിവസങ്ങളിലുണ്ടായ മരണങ്ങളിലെ ചികിത്സാ പിഴവ് ആരോപിച്ചുള്ള പരാതിയിൽ പൊലീസ് ഡോക്ടർമാരുടെ മൊഴിയെടുത്തു. രഞ്ജിത്ത് ഐശ്വര്യ ദമ്പതികളുടെ നവജാതശിശു, ഐശ്വര്യ, കോങ്ങാട് സ്വദേശി കാർത്തിക എന്നിവരുടെ മരണത്തിലാണ് പൊലീസ് നടപടി. ആശുപത്രി ജീവനക്കാരുടെ മൊഴിയും പൊലീസ് ഇന്ന് രേഖപ്പെടുത്തി.

പൊലീസ് അന്വേഷണത്തിനെ സഹായിക്കാനുള്ള മെഡിക്കൽ ടീമിന്‍റെ പരിശോധനയും പുരോഗമിക്കുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ട്, ഡോക്ടർമാർ, ബന്ധുക്കൾ എന്നിവരുടെ മൊഴി, ചികിത്സാ രേഖകൾ എന്നിവ പരിശോധിച്ചാകും ഇവർ പൊലീസിന് റിപ്പോർട്ട് കൈമാറുക. ഈ റിപ്പോർട്ട് അടിസ്ഥാനത്തിലാകും പൊലീസ് അന്വേഷണത്തിന്‍റെ ഭാവി. നിലവിൽ അമ്മയുടേയും കുഞ്ഞിന്‍റെയും മരണത്തിൽ ഡോ. അജിത്, ഡോ. പ്രിയദർശനി എന്നിവരെ പൊലീസ് പ്രതി ചേർത്തിട്ടുണ്ട്.

നവജാത ശിശുവും അമ്മയും മരിച്ച സംഭവത്തിൽ ആശുപത്രിക്ക് എതിരെ കുടുംബം ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഐശ്വര്യയയുടെ ആരോഗ്യത്തെ കുറിച്ചു കൃത്യമായ വിവരം നല്‍കിയിരുന്നില്ലെന്ന് കുടുംബം പറഞ്ഞിരുന്നു. ചികിത്സയുമായി ബന്ധപ്പെട്ട അനുമതി പേപ്പറില്‍ നിർബന്ധപൂർവ്വം ഒപ്പുവാങ്ങി. ഗർഭപാത്രം നീക്കിയത് പോലും അങ്ങോട്ട് ചോദിച്ചപ്പോളാണ് അറിയിച്ചത്. ഗർഭപാത്രം നീക്കിയപ്പോൾ രക്തസ്രാവം നിന്നെന്ന് പറഞ്ഞ ഡോക്ടർമാർ, പിന്നെ എങ്ങനെയാണ് മരണകാരണം രക്തസ്രവം എന്ന് പറയുന്നതെന്നും കുടുംബം ചോദിക്കുന്നു.

ഗര്‍ഭിണിയായ 25 കാരിയായ ഐശ്വര്യയെ കഴിഞ്ഞ ദിവസമാണ് തങ്കം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രസവ ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടർമാർ ആദ്യം അറിയിച്ചിരുന്നത്. പിന്നീട് സാധാരണ പ്രസവം മതിയെന്ന് പറഞ്ഞു. വാക്വം ഉപയോഗിച്ച് കുട്ടിയെ പുറത്തെടുത്തു. ഇതിനിടെ ഐശ്വര്യക്ക് അമിത രക്തസ്രാവമുണ്ടായി. തുടർന്ന് വെ്നറിലേറ്ററിലേക്ക് മാറ്റിയെങ്കിലും മരിച്ചു. നവജാത ശിശു പിറ്റേ ദിവസവും മരിച്ചു. മരണം ചികിത്സാ പിഴവ് മൂലമാണെന്ന് ആരോപിച്ചാണ് ബന്ധുക്കൾ പരാതി നൽകിയത്.