Asianet News MalayalamAsianet News Malayalam

തങ്കം ആശുപത്രിയിലെ തുടർ മരണം: അന്വേഷണം ആവശ്യപ്പെട്ട് സിപിഎം ജില്ലാ കമ്മിറ്റി, മന്ത്രിക്ക് പരാതി

മൂന്ന് മരണങ്ങളിലും ചികിൽസാ പിഴവില്ലെന്നാണ് തങ്കം ആശുപത്രി അധികൃതരുടെ വിശദീകരണം. ഏത് അന്വേഷണവും നേരിടാൻ തയാറാണെന്നും തങ്കം ആശുപത്രി അധികൃതർ അറിയിച്ചു

Thankam Hospital death row CPIM demands inquiry writes to Minister
Author
Palakkad, First Published Jul 6, 2022, 7:26 PM IST

പാലക്കാട്: തുടർ മരണ വിവാദത്തിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് സിപിഎം. പാലക്കാട് തങ്കം ആശുപത്രിയിലെ തുടർമരണങ്ങളുമായി ബന്ധപ്പെട്ടാണ് സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി സമഗ്രമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ ആവശ്യം ഉന്നയിച്ച് ആരോഗ്യ മന്ത്രി വീണ ജോർജ്ജിന് പാലക്കാട് സിപിഎം ജില്ലാ കമ്മിറ്റി പരാതി നൽകിയിട്ടുണ്ട്.

തങ്കം ആശുപത്രിയ്‌ക്കെതിരെ ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമ പ്രകാരം നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് ആദ്യമായാണ് ഒരാശുപത്രിക്കെതിരെ ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമം ഉപയോഗിക്കുന്നത്. കളക്ടര്‍ ചെയര്‍മാനും ഡിഎംഒ വൈസ് ചെയര്‍മാനുമായുള്ള ജില്ലാ രജിസ്റ്ററിംഗ് അതോറിറ്റി സംഭവത്തെപ്പറ്റി കൃത്യമായി അന്വേഷിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. ചികിത്സാ പിഴവ് മൂലം രോഗികള്‍ തുടര്‍ച്ചയായി മരണമടയുന്നു എന്ന ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് അന്വേഷണം നടത്തിയിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് നടപടി.

പാലക്കാട് തങ്കം ആശുപത്രിക്കെതിരെ കൂടുതൽ പരാതികൾ ഉയർന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം മരിച്ച കാർത്തികയുടെ ചികിൽസയിലും പിഴവ് സംഭവിച്ചെന്നാണ് ബന്ധുക്കളുടെ പരാതി. കാർത്തികയ്ക്ക് അനസ്തേഷ്യ നൽകാൻ ട്യൂബ് ഇറക്കരുതെന്ന് പറഞ്ഞു. എന്നിട്ടും ആശുപത്രി അധികൃതർ ട്യൂബ് ഇറക്കി. അങ്ങനെയാണോ അനസ്തേഷ്യ നൽകേണ്ടത്, എന്താണ് നടന്നതെന്ന് അറിയണം. ആശുപത്രിക്കെതിരെ പരാതിയുമായി മുന്നോട്ട് പോകുമെന്നും മരിച്ച കാർത്തികയുടെ ബന്ധുക്കൾ വ്യക്തമാക്കി. 

ശസ്ത്രക്രിയക്കിടെ പാലക്കാട് തങ്കം ആശുപത്രിയിൽ കഴിഞ്ഞ ദിവസമാണ് ഭിന്ന ശേഷിക്കാരിയായ കാർത്തിക മരിച്ചത്. അനസ്തേഷ്യ നൽകുന്നതിലെ പിഴവാണ് മരണ കാരണം എന്നാണ് കുടുംബം ആരോപിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി 7 മണിക്ക് ശസ്ത്രക്രിയയ്ക്ക് പ്രവേശിപ്പിച്ച കാർത്തിക രാത്രി 9 മണിക്കാണ് മരിച്ചത്. ഹൃദയാഘാതം ഉണ്ടായെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചതെന്ന് ബന്ധുക്കൾ ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞു. അതിന് തൊട്ട് മുൻപത്തെ ദിവസം പ്രസവത്തെ തുടർന്ന് അമ്മയും നവജാത ശിശുവും മരിച്ചിരുന്നു. ഈ സംഭവത്തിൽ പൊലീസ് മൂന്ന് ഡോക്ടർമാർക്കെതിരെ കേസെടുത്തിരുന്നു. എന്നാൽ വിദഗ്ധ സമിതി റിപ്പോർട്ട് കിട്ടിയ ശേഷമേ തുടർ നടപടി ഉണ്ടാകൂ. അതേസമയം മൂന്ന് മരണങ്ങളിലും ചികിൽസാ പിഴവില്ലെന്നാണ് തങ്കം ആശുപത്രി അധികൃതരുടെ വിശദീകരണം. ഏത് അന്വേഷണവും നേരിടാൻ തയാറാണെന്നും തങ്കം ആശുപത്രി അധികൃതർ അറിയിച്ചു.

Follow Us:
Download App:
  • android
  • ios