കന്‍റോണ്‍മെന്‍റ് ഹൗസും പരിസരവും സുരക്ഷാ മേഖല അല്ലാത്തതിനാലാണ് ജാമ്യം അനുവദിച്ചതെന്ന് മ്യൂസിയം പൊലീസ്

തിരുവനന്തപുരം: കന്‍റോണ്‍മെന്‍റ് ഹൗസിലേക്ക് ചാടിക്കയറിയ മൂന്ന് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് സ്റ്റേഷന്‍ ജാമ്യം. കന്‍റോണ്‍മെന്‍റ് ഹൗസും പരിസരവും സുരക്ഷാ മേഖല അല്ലാത്തതിനാലാണ് ജാമ്യം അനുവദിച്ചതെന്ന് മ്യൂസിയം പൊലീസ് പറഞ്ഞു. മുഖ്യമന്ത്രിയെ വിമാനത്തിൽ വച്ച് ആക്രമിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ചായിരുന്നു ഡിവൈഎഫ്ഐയുടെ കന്‍റോണ്‍മെന്‍റ് മാര്‍ച്ച്. 

ഫ്ലക്സുകൾ വലിച്ച് കീറിയും കൊടിമരം പിഴുതെറി‍ഞ്ഞും റോഡിൽ കുത്തിയിരുന്നും പ്രതിഷേധം മുന്നേറുന്നതിനിടെയാണ് മൂന്ന് പേര്‍ എല്ലാ സുരക്ഷയും മറികടന്ന് പ്രതിപക്ഷ നേതാവിന്‍റെ ഔദ്യോഗിക വസതിയുടെ ഗേറ്റ് കടന്നത്. അഭിജിത്ത് ശ്രീജിത്ത് ചന്തു എന്നിവരാണ് കന്‍റോണ്‍മെന്‍റ് ഹൗസിലെ അതീവ സുരക്ഷ ഭേദിച്ചത്. അഭിജിത്ത് ജില്ലാകമ്മിറ്റി അംഗമാണ്.

ആസൂത്രിത ആക്രമണമാണ് നടന്നതെന്നും കൊല്ലുമെന്ന് ആക്രോശിച്ച് അകത്ത് കയറിയവര്‍ കല്ലെറിഞ്ഞെന്ന് പ്രതിപക്ഷ നേതാവിന്‍റെ ഓഫീസ് ആരോപിച്ചു. അതീവ സുരക്ഷാ മേഖലയായി വിജ്ഞാപനം ചെയ്തിട്ടില്ലാത്തതിനാൽ അറസ്റ്റിലായവരെ സ്റ്റേഷൻ ജാമ്യത്തിൽ വിടാനാണ് പൊലീസ് തീരുമാനം.