Asianet News MalayalamAsianet News Malayalam

ശില്‍പ്പത്തിന് നടൻ മുരളിയുടെ മുഖച്ഛായയില്ല; ശില്‍പ്പി പണം തിരിച്ചടയ്ക്കണമെന്ന് അക്കാദമി, ഇളവ് നൽകി ധനവകുപ്പ്

സാമ്പത്തിക പ്രതിസന്ധിക്കാലത്ത് അഞ്ചേമുക്കാൽ ലക്ഷമാണ് ധനവകുപ്പ് പ്രതിമയുടെ പേരിൽ എഴുതിത്തള്ളിയത്.

statue have no facecut of actor murali finance department gave concession to sculptor nbu
Author
First Published Feb 18, 2023, 6:12 PM IST

തിരുവനന്തപുരം: നടൻ മുരളിയുടെ ശിൽപ്പത്തിന് മുഖച്ഛായ വരാത്തതിനാൽ കാശ് തിരിച്ചടക്കാൻ സംഗീത നാടക അക്കാദമി നിര്‍ദ്ദേശിച്ച ശിൽപ്പിക്ക് പിഴത്തുകയിൽ ഇളവ് നൽകി സംസ്ഥാന ധനവകുപ്പ്. സാമ്പത്തിക പ്രതിസന്ധിക്കാലത്ത് അഞ്ചേമുക്കാൽ ലക്ഷമാണ് ധനവകുപ്പ് പ്രതിമയുടെ പേരിൽ എഴുതിത്തള്ളിയത്.

സംഗീത നാടക അക്കാദമിയിലാണ് സംഭവം. നടൻ മുരളിയുടെ രണ്ട് പ്രതിമ അക്കാദമിയിൽ ഇരിക്കുമ്പോഴാണ് മൂന്നാമതൊരു വെങ്കല പ്രതിമ കൂടി പണിയാൻ അക്കാദമിക്ക് തോന്നിയതും ശിൽപ്പി വിൽസൺ പൂക്കായിക്ക് 5.70 ലക്ഷം രൂപക്ക് കരാര്‍ നൽകിയതും. പൂക്കായി പ്രതിമയും കൊണ്ട് വന്നപ്പോൾ കണ്ടവരെല്ലാം ഞെട്ടി. രൂപ സാദൃശ്യം പോയിട്ട് മുരളിയുടെ മുഖത്തിന്റ ഏഴയലത്ത് പോലും ശിൽപമെത്തിയില്ല. അഴിച്ചും പുതുക്കിയും പിന്നെയും പണിതും പഠിച്ച പണി പതിനെട്ടും നോക്കി. കാര്യം നടപടിയാകില്ലെന്ന് മനസിലാക്കിയ സംഗീത നാടക അക്കാദമി അനുവദിച്ച പണം തിരിച്ചടയ്ക്കാൻ ശില്പിക്ക് കത്ത് നൽകി. ശില്പ നിർമ്മാണത്തിന് അനുവദിച്ചതിലും കൂടുതൽ തുക ചെലവായെന്നും മറ്റ് വരുമാന മാർഗമില്ലെന്നും സാമ്പത്തികമായി കഷ്ടതയിലാണെന്നും അതുകൊണ്ട് തുക തിരിച്ചടക്കുന്നതിൽ നിന്നും ഒഴിവാക്കണമെന്നുമായിരുന്നു ശിൽപിയുടെ നിലപാട്.

അപേക്ഷ പരിഗണിച്ച അക്കാദമി ഭരണസമിതി ഇത് നേരെ സര്‍ക്കാരിലേക്ക് അയച്ചു. തുക എഴുതിത്തള്ളാൻ ധനമന്ത്രി തയ്യാറായി. തീരുമാനം ശരിവച്ച സാംസ്കാരിക വകുപ്പ് നഷ്ടം അക്കാദമിയുടെ അക്കൗണ്ടിൽ വകയിരുത്തി. എങ്ങനെയായാലും പ്രതിമയുടെ പേരിൽ പൊലിഞ്ഞത് അഞ്ചേമുക്കാൽ ലക്ഷം പൊതുപണമാണ്. മരണസമയത്ത് സംഗീത നാടക അക്കാദമി ചെയര്മാനായിരുന്നു മുരളി. ഓര്‍ക്കാൻ രണ്ട് പ്രതിമ അക്കാദമിയിൽ തന്നെ ഉണ്ടെന്നിരിക്കെ മൂന്നാമതൊരു വെങ്കല ശിൽപത്തിന്റെ ആവശ്യം എന്തായിരുന്നു എന്ന ചോദ്യത്തിന് ഉത്തരം ഇപ്പോഴും ബാക്കി.

Latest Videos
Follow Us:
Download App:
  • android
  • ios