Asianet News MalayalamAsianet News Malayalam

നായകളുടെ വന്ധ്യംകരണം:കർമപദ്ധതി ഉത്തരവിറക്കാതെ സർക്കാർ,വളർത്ത് നായക്കളുടെ ലൈസൻസ് പദ്ധതിയും പാളി

ഇക്കൊല്ലം ഇതുവരെ 3.6 ലക്ഷം പേർ പേവിഷബാധ പ്രതിരോധ കുത്തിവയ്പ്പ് എടുത്തെന്നാണ് സർക്കാർ കണക്ക്. കഴിഞ്ഞ കൊല്ലമിത് രണ്ടര ലക്ഷമായിരുന്നു. നായ്ക്കളുടെ കടിയേറ്റ് ഈ വര്‍ഷം ചികിത്സ തേടിയത് ഒന്നര ലക്ഷം പേർ

Sterilization of dogs: Govt fails to issue action plan
Author
First Published Sep 6, 2022, 5:10 AM IST

തിരുവനന്തപുരം : നായ്ക്കൾക്ക് വാക്സിനേഷനടക്കം പേവിഷ ബാധ നിയന്ത്രിക്കാൻ 11 ദിവസം മുൻപ് കർമ പദ്ധതി പ്രഖ്യാപിച്ചിട്ടും ഉത്തരവിറക്കുന്നതിൽപ്പോലും ആശയക്കുഴപ്പം തീരാതെ സർക്കാർ. തദ്ദേശ-ആരോഗ്യ-മൃഗ സംരക്ഷണ വകുപ്പുകൾ ചേർന്ന് പ്രഖ്യാപിച്ച കർമ്മ പദ്ധതി തദ്ദശ വകുപ്പിലെ മന്ത്രി മാറ്റം കാരണം വൈകുകയാണെന്നാണ് വിശദീകരണം. തെരുവുനായകളെ വന്ധ്യംകരിക്കാനുള്ള മൃഗസംരക്ഷണ വകുപ്പിന്റെ അനുമതി തന്നെ നിയമക്കുരുക്കിൽപ്പെട്ടതോടെ കഴിഞ്ഞ ഒന്നര വർഷമായി തെരുവുനായ വന്ധ്യംകരണം പാളിയ നിലയിലാണ്.

കഴിഞ്ഞ 25നാണ് തദ്ദേശ-ആരോഗ്യ- മൃഗസംരക്ഷണ വകുപ്പ് മന്ത്രിമാർ ഉന്നതതല യോഗം ചേർന്ന് പേവിഷ ബാധ നിയന്ത്രിക്കാൻ രണ്ടാംഘട്ട കർമ പദ്ധതി പ്രഖ്യാപിച്ചത്. തെരുവുനായ്ക്കളുടെ വ്യാപക വന്ധ്യംകരണം, വ്യാപക വാക്സിനേഷൻ, ഓരോ ബ്ലോക്കിലും വന്ധ്യംകരണ കേന്ദ്രങ്ങൾ, ബോധവൽക്കരണം, നിർബന്ധിത ലൈസൻസ്, രജിസ്ട്രേഷൻ അങ്ങനെ 3 വകുപ്പുകൾ ഒന്നിച്ച് കാടിളക്കിയുള്ള നടപടി. 11 ദിവസം കഴിഞ്ഞു.

തദ്ദേശവകുപ്പിലെ മന്ത്രി മാറ്റത്തോടെ ഉത്തരവ് അനിശ്ചിതത്വത്തിലായെന്നാണ് മൃഗസംരക്ഷണ വകുപ്പ് പറയുന്നത്. അപ്പോൾ ഇനി പുതിയ തദ്ദേശവകുപ്പ് മന്ത്രിയെത്തി ഉത്തരവിറങ്ങുന്നത് വരെ കാത്തിരിക്കുകയല്ലാതെ വേറെ വഴിയില്ല. എന്നാൽ ഇങ്ങനെയൊരു പ്രശ്നം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നാണ് തദ്ദേശ വകുപ്പിന്റെ വിശദീകരണം. കർമ്മപദ്ധതി പ്രകാരം 152 ബ്ലോക്കുകളിലാണ് വന്ധ്യംകരണ കേന്ദ്രങ്ങൾ വേണ്ടത്. നിലവിലുള്ളത് 30 ഇടത്ത്. 3 ലക്ഷം തെരുവുനായ്ക്കളുണ്ടെന്നാണ് കണക്ക്. വ്യാപക വാക്സിനേഷൻ നടപ്പാക്കാൻ വേണ്ടത് സമഗ്ര പദ്ധതി. നിലവിലെ വന്ധ്യംകരണ സംവിധാനം നിലച്ചിട്ട് ഒന്നര വർഷത്തോളമായി. വന്ധ്യംകരണം നടത്തിവന്ന കുടുംബശ്രീയുടെ അനുമതി നിയമക്കുരുക്കിൽ പെട്ടതോടെയാണ് ഇത്. അനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യ ഇനിയും അനുകൂല നിലപാട് സ്വീകരിക്കാത്തതിനാൽ, വന്ധ്യംകരണം നടത്താൻ തീരുമാനിച്ചാലും ഒന്നിൽനിന്ന് പണി തുടങ്ങണം. അവിടെയാണ് ആളുകൾ മരിക്കുമ്പോഴും, അധികാരമാറ്റത്തിനു വേണ്ടി നിർണായക തീരുമാനങ്ങൾ പിടിച്ചു വെച്ചിരിക്കുന്നതും വകുപ്പുകൾ ഒന്നിച്ച് ഉഴപ്പുന്നതും.

ഇതിനിടെ പേവിഷബാധയ്ക്ക് ചികിത്സ തേടുന്നവരുടെ എണ്ണത്തില്‍ ഒരുലക്ഷത്തിന്‍റെ വര്‍ധന ഇക്കൊല്ലമുണ്ടായെന്നാണ് സര്‍ക്കാര്‍ കണക്ക്. തെരുവു നായ്ക്കളുടെ ആക്രമണത്തിനുപുറമെ വളര്‍ത്തു മൃഗങ്ങളുടെ കടിയേറ്റെത്തുന്നവരുടെ എണ്ണവും കൂടി. ലോക് ഡൗണ്‍ കാലത്ത് വളര്‍ത്തു മൃഗങ്ങള്‍ക്ക് വാക്സിനെടുക്കാന്‍ പോകാതിരുന്നതും ലൈസന്‍സ് നിര്‍ബന്ധമാക്കണമെന്ന തീരുമാനം നടപ്പാക്കാതിരുന്നതുമാണ് പ്രതിസന്ധി രൂക്ഷമാക്കിയത്.

ഇക്കൊല്ലം ഇതുവരെ 3.6 ലക്ഷം പേർ പേവിഷബാധ പ്രതിരോധ കുത്തിവയ്പ്പ് എടുത്തെന്നാണ് സർക്കാർ കണക്ക്. കഴിഞ്ഞ കൊല്ലമിത് രണ്ടര ലക്ഷമായിരുന്നു. നായ്ക്കളുടെ കടിയേറ്റ് ഈ വര്‍ഷം ചികിത്സ തേടിയത് ഒന്നര ലക്ഷം പേർ. ഏഴുപത് ശതമാനവും വളർത്തുനായ്ക്കൾ. രണ്ട് ലക്ഷത്തോളം പേർ പൂച്ച കടിയേറ്റ് ചികിത്സ തേടി. ഈ കണക്കു കാണിക്കുന്നത് വളര്‍ത്തു മൃഗ പരിപാലനം വേണ്ടത്ര കരുതലില്ലാതെ മലയാളി നടത്തുന്നു എന്നാണ്. ഏറ്റവും ഒടുവിലത്തെ സെൻസസ് അനുസരിച്ച് കേരളത്തിൽ ഉള്ളത് 2.8 ലക്ഷം തെരുവ് നായ്കൾ. മൃസംരക്ഷണ വകുപ്പിന്‍റെ കണക്കനുസരിച്ച് ഒമ്പത് ലക്ഷമാണ് വളർത്തുനായ്ക്കളുടെ എണ്ണം. പക്ഷെ ലൈസൻസ് എത്ര നായ്ക്കൾക്ക് ഉണ്ടെന്നതിന് പഞ്ചായത്ത് ഡയറക്ട്രേറ്റിൽ വ്യക്തമായ കണക്കില്ല.

ലോക്ഡൗണ്‍ കാലത്ത് വളര്‍ത്തു മൃഗങ്ങളുടെ എണ്ണത്തില്‍ 20 ശതമാനം വര്‍ധനയുണ്ടായി. എന്നാല്‍ പ്രതിരോധ കുത്തിയ്പെടുക്കുന്നത് മിക്കവരും മറന്നെന്ന് വിദഗ്ധര്‍ പറയുന്നു.വളർത്തുമൃഗങ്ങൾക്ക് ലൈസൻസിംഗും, പേവിഷ പ്രതിരോധ കുത്തിവയ്പ്പും, ഇതിന്‍റെ വിവരങ്ങൾ അടങ്ങിയ ചിപ്പും നിർബന്ധമാക്കണമെന്ന് ഈ വർഷം ജൂലൈയിൽ ചേർന്ന വികേന്ദ്രീകാസൂത്രണ സംസ്ഥാന തല കോർഡിനേഷൻ കമ്മിറ്റി തീരുമാനമെടുത്തു. തദ്ദേശ വകുപ്പിന് നടപടിയെടുക്കാൻ നിർദേശവും നൽകി. എന്നാല്‍ തീരുമാനങ്ങളൊന്നും നടപ്പായില്ല.സര്‍ക്കാര്‍ സംവിധാനങ്ങളുടെ കെടുകാര്യസ്ഥതയ്ക്കൊപ്പം വളർത്തുമൃഗങ്ങളുടെ ഉത്തരവാദിത്തം നിറവേറ്റുന്നതില്‍ ഉടമകളും വീഴ്ചവരുത്തിയതോടെ പ്രഹരം ഇരട്ടിയായി.

Follow Us:
Download App:
  • android
  • ios