ഈ ഭാഗ്യ ചിഹ്നം ആശുപത്രിക്ക് മുന്നില്‍ വച്ചാല്‍ ആശുപത്രിയിലേക്ക് പോകുന്ന രോഗി തിരിച്ച് വരില്ലെന്നായിരുന്നു സാമൂഹിക മാധ്യമങ്ങളിലെ പ്രചാരണം. അതിന് അവര്‍ക്ക് ഒരു കാരണമുണ്ടായിരുന്നു.
സംഗതി കമ്മ്യൂണിസ്റ്റ് രാജ്യമാണ്. പക്ഷേ, അന്ധവിശ്വാസങ്ങള്‍ക്ക് ഇന്നും ശക്തമായ വേരോട്ടമുള്ള നാടാണ് ചൈന. രണ്ട് പതിറ്റാണ്ടായി ഒരു ആശുപത്രിയുടെ വാതില്‍ക്കല്‍ ഭാഗ്യ ചിഹ്നമായി ഇരുന്ന പ്രതിമ കഴിഞ്ഞ ദിവസം എടുത്ത് മാറ്റി. ചിലര്‍ ചൈനീസ് സാമൂഹിക മാധ്യമങ്ങളില്‍ നടത്തിയ പരാമര്‍ശത്തിന് പിന്നാലെയായിരുന്നു ഭാഗ്യ പ്രതിമയ്ക്ക് സ്ഥാനചലനമുണ്ടായതെന്ന് സൌത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. സെൻട്രൽ ചൈനയിലെ ഹെനാൻ പ്രവിശ്യയിലെ യുഷൗ സെക്കൻഡ് പീപ്പിൾസ് ഹോസ്പിറ്റലിലായിരുന്നു സംഭവം.
പിക്സിയു എന്ന ഭാഗ്യചിഹ്നം ഒരു ചൈനീസ് ഐതിഹ്യ മൃഗമാണ്. സമ്പത്ത് ആകർഷിക്കാനും അവ പുറത്ത് പോകാതെ നിലനിര്‍ത്താനും ഈ ഭാഗ്യപ്രതിമയ്ക്ക് കഴിയുമെന്ന് ചൈനയിലെ ഫെങ് ഷൂയി വിശ്വാസം അവകാശപ്പെടുന്നു. ഡ്രാഗൺ, ഫീനിക്സ്, ആമ, ക്വിലിൻ എന്നിവയ്‌ക്കൊപ്പം അഞ്ച് ശുഭകരമായ ചൈനീസ് പുരാണ ജീവികളിൽ ഒന്നാണ് 'പിക്സിയു' എന്ന് അറിയപ്പെടുന്ന ഭാഗ്യമൃഗം. ഈ ഭാഗ്യമൃഗം സ്വർണ്ണവും വെള്ളിയും ഭക്ഷിക്കും. അതിനായി ഒരു വലിയ വാ തന്നെ ഈ മൃഗത്തിനുണ്ട്. ഇത് ഭാഗ്യം കൊണ്ടുവരും. എന്നാല്‍ ഈ മൃഗത്തിന് മലദ്വാരമില്ല. അതായത് കഴിച്ചതൊന്നും മൃഗം പുറത്ത് കഴയുന്നില്ല. അതിനാല്‍ ലഭിച്ച സമ്പത്തുകള്‍ കുടുംബത്തിന് വെളിയില്‍ പോകില്ലെന്നും വിശ്വാസ പ്രകാരം പറയുന്നു.
അത്തരം രണ്ട് പിക്സിയു പ്രതിമകളാണ് യുഷൗ സെക്കൻഡ് പീപ്പിൾസ് ആശുപത്രിയ്ക്ക് പുറത്ത് ഇരുന്നത്. ആശുപത്രിക്ക് മുന്നിലുള്ള ഈ പിക്സിയു പ്രതിമകളുടെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ ഏറെ പേരുടെ വിമർശനത്തിന് കാരണമായി. വിശ്വാസ പ്രകാരം ആശുപത്രിക്ക് അകത്ത് പോകുന്നയാള്‍ പുറത്ത് വരില്ലെന്ന് സാമൂഹിക മാധ്യമങ്ങളില്‍ നിരവധി പേര്‍ എഴുതി. ആശുപത്രിയിലേക്ക് പോകുന്ന രോഗി തിരിച്ച് വരില്ലെന്ന് പ്രചാരണം ശക്തമായതിന് പിന്നാലെ ജനുവരി 23 ന് പ്രതിമ മാറ്റാന്‍ ആശുപത്രി അധികൃതര്‍ നിര്‍ബന്ധിതരായി. കഴിഞ്ഞ ഇരുപത് വർഷമായി ആ പ്രതിമകള്‍ ആശുപത്രി കവാടത്തില്‍ ഉണ്ടായിരുന്നെന്നും ഇത് ആദ്യമായാണ് ഇത്തരമൊരു പരാതി ഉന്നയിക്കപ്പെടുന്നതെന്നും ആശുപത്രി ജീവനക്കാര്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
നിലവില്‍ ചൈനയില്‍ പിക്സിയും പ്രതിമകള്‍ റെസ്റ്റോറന്‍റുകള്‍ക്കും ബിസിനസ് സ്ഥാപന ഉടമകളുടെ വീടുകളിലുമാണ് സ്ഥാനം. ഭാഗ്യം ആകർഷിക്കാനായി ചിലര്‍ ഇവയെ വീടുകളിലും വയ്ക്കുന്നു. ഗേറ്റുകള്‍ക്ക് മുന്നില്‍ ജോഡികളായാണ് സ്ഥാപിക്കുന്നതെങ്കില്‍ ഇരട്ടി ഭാഗ്യം നേടാമെന്നും ഒരു വിശ്വാസമുണ്ട്. ഇത് പുറത്ത് നിന്ന് സമ്പത്ത് വലിച്ചെടുത്ത് അകത്ത് വയ്ക്കുമെന്നാണ് വിശ്വാസം. സമ്പന്നർ സ്വർണ്ണം, വെള്ളി അല്ലെങ്കിൽ ജേഡ് എന്നിവകൊണ്ട് നിർമ്മിച്ച പിക്‌സിയു ചാം ബ്രേസ്‌ലെറ്റുകള്‍ ധരിക്കാറുണ്ട്. ഇടത് കൈത്തണ്ടയില്‍ ഇവ ധരിച്ചാല്‍ ശരീരത്തില്‍ ഊർജ്ജപ്രവാഹം ഉണ്ടാകുമെന്നാണ് മറ്റൊരു വിശ്വാസം. അതേ സമയം കുട്ടികളും വൃദ്ധരും ഇവ ധരിക്കരുതെന്നും ഈ വിശ്വാസം നിഷ്ക്കര്‍ഷിക്കുന്നു.
