Asianet News MalayalamAsianet News Malayalam

കരസേനാ പരീക്ഷയിൽ ഭാ​ഗ്യം തുണച്ചില്ല; അനന്തുവിനെ കാത്തിരുന്നത് ഭാ​ഗ്യദേവതയുടെ കടാക്ഷം

അടുത്ത വർഷം മെയ്യിൽ അനന്തുവിന്റെ ചേച്ചി അശ്വതിയുടെ വിവാഹമാണ്. അതിന്റെ ചെലവുകളെ പറ്റിയുള്ള വേവലാതിക്കിടെയാണ് അനന്തുവിനെ തേടി ഭാ​ഗ്യം എത്തിയത്. 

sthree sakthi lottery winner anandhu in alappuzha
Author
Alappuzha, First Published Dec 6, 2019, 6:57 PM IST

ആലപ്പുഴ: കരസേനാ റിക്രൂട്ട്മെന്റ് പരീക്ഷയിൽ കൈവിട്ട ഭാ​ഗ്യം ലോട്ടറിയുടെ രൂപത്തിൽ എത്തിയ സന്തോഷത്തിലാണ് ആലപ്പുഴ സ്വദേശി അനന്തു. ഈ ആഴ്ചത്തെ സ്ത്രീ ശക്തി ഭാ​ഗ്യക്കുറിയിലൂടെയാണ് ഈ ഇരുപത്തി ഒന്നുകാരനെ ഭാഗ്യദേവത കടാക്ഷിച്ചത്. എസ്ഒ 680894 എന്ന നമ്പറാണ് 70 ലക്ഷത്തിന്റെ ഭാ​ഗ്യം അനന്തുവിന് നേടികൊടുത്തത്.

അമ്പലപ്പുഴ കോമന പുതുവലിൽ അശോകൻ- ​ഗീതാ ദമ്പതികളുടെ മൂന്ന് മക്കളിൽ ഇളയവനാണ് അനന്തു. കഴിഞ്ഞ മൂന്ന് വർഷമായി അനന്തു കരസേനാ റിക്രൂട്ട്മെന്റ് പരീക്ഷയിൽ പങ്കെടുക്കുന്നുണ്ട്. ഈ മാസം മൂന്നാം തീയതി നടന്ന കരസേനയിലേക്കുള്ള കായിക പരീക്ഷയിൽ പങ്കെടുക്കാനാണ് അനന്തു കോട്ടയത്തേക്ക് വണ്ടി കയറിയത്. എന്നാൽ റിക്രൂട്ട്മെന്റിലെ ഓട്ടമത്സരം നിശ്ചിത സമയത്തിനുള്ളിൽ അനന്തുവിന് പൂർത്തിയാക്കാൻ കഴിഞ്ഞില്ല.

ഈ വിഷമത്തിൽ തിരികെ വീട്ടിലേക്ക് മടങ്ങവേ ആലപ്പുഴ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ വച്ചാണ് അനന്തു സ്ത്രീ ശക്തിയുടെ ലോട്ടറി എടുക്കുന്നത്. 'ഞാൻ ഇതുവരെയും ലോട്ടറി എടുത്തില്ല. അന്ന് ബസ് സ്റ്റാന്റിൽ എത്തിയപ്പോൾ ലോട്ടറി എടുക്കാൻ മനസിൽ തോന്നുകയായിരുന്നു. ലോട്ടറി അടിച്ചതിൽ വളരെയധികം സന്തോഷം'- അനന്തു ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു. 

സ്കൂളിൽ പഠിച്ചിരുന്ന സമയത്തുതന്നെ കരസേനയിൽ ചേരണമെന്ന ആ​ഗ്രഹം അനന്തുവിന്റെ മനസിൽ ഉടലെടുക്കുകയായിരുന്നു. ലക്ഷപ്രഭു ആയെങ്കിലും റിക്രൂട്ട‌്മെന്റ് പരീക്ഷയിൽ ഇനിയും പങ്കെടുക്കുമെന്നും അവസരം കിട്ടുന്നതുവരെ പ്രയത്നിക്കുമെന്നും അനന്തു പറയുന്നു. 

അടുത്ത വർഷം മെയ്യിൽ അനന്തുവിന്റെ ചേച്ചി അശ്വതിയുടെ വിവാഹമാണ്. അതിന്റെ ചെലവുകളെ പറ്റിയുള്ള വേവലാതിക്കിടെയാണ് അനന്തുവിനെ തേടി ഭാ​ഗ്യം എത്തിയത്. ചേച്ചിയുടെ വിവാഹം പ്രമാണിച്ച് വീടിന്റെ അറ്റകുറ്റ പണികൾ നടത്തിയതിൽ ചെറിയ കടബാധ്യതയുണ്ടെന്നും അനന്തു പറയുന്നു. 

വിചാരിച്ചതിനെക്കാളും ​ഗംഭീരമായി ചേച്ചിയുടെ വിവാഹം നടത്തണമെന്നാണ് ആ​ഗ്രഹമെന്നും അത് കഴിഞ്ഞേ ബാക്കി കാര്യങ്ങൾ ഉള്ളുവെന്നും അനന്തു പറയുന്നു. മത്സ്യത്തൊഴിലാളി കുടുംബമാണ് അനന്തുവിന്റേത്. അരുൺ, അശ്വതി എന്നിവരാണ് അനന്തുവിന്റെ സഹോദരങ്ങൾ.

Follow Us:
Download App:
  • android
  • ios