കല്ലേറിൽ സി8 കോച്ചിന്റെ ചില്ലുകൾ പൊട്ടിപ്പോയി. സംഭവത്തെ തുടർന്ന് ട്രെയിനിൽ ആർപിഎഫ് സംഘം പരിശോധന നടത്തുകയാണ്. ചില്ല് പൊട്ടി അകത്തേക്ക് തെറിച്ചെന്ന് യാത്രക്കാർ പറയുന്നു. 

കണ്ണൂർ: കണ്ണൂരിൽ വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറ്. മൂന്നേ മുക്കാലോടെയാണ് തലശ്ശേരിക്കും മാഹിയ്ക്കും ഇടയിൽ വെച്ച് കല്ലേറുണ്ടായത്. കണ്ണൂരിൽ നിന്ന് ഉച്ചക്ക് രണ്ടരക്കാണ് വന്ദേഭാരത് പുറപ്പെട്ടത്. 3.43നും 3.49നും ഇടക്കായിരുന്നു കല്ലേറുണ്ടായത്. കല്ലേറിൽ സി8 കോച്ചിന്റെ ചില്ലുകൾ പൊട്ടിപ്പോയി. സംഭവത്തെ തുടർന്ന് ട്രെയിനിൽ ആർപിഎഫ് സംഘം പരിശോധന നടത്തുകയാണ്. ചില്ല് പൊട്ടി അകത്തേക്ക് തെറിച്ചെന്ന് യാത്രക്കാർ പറയുന്നു. നിലവിൽ ട്രെയിൻ കോഴിക്കോട് വിട്ട് യാത്ര തുടരുകയാണ്. പൊട്ടിയ ചില്ല് താൽക്കാലികമായി ഒട്ടിച്ചാണ് യാത്ര തുടരുന്നത്. സംഭവത്തെക്കുറിച്ച് ആർപിഎഫ് സംഘം വിശദമായി പരിശോധിച്ച് വരികയാണ്. കണ്ണൂരിൽ രണ്ട് ദിവസം മുമ്പ് രണ്ട് ട്രെയിനുകൾക്ക് നേരെ കല്ലേറുണ്ടായിരുന്നു. 

ഇത്തരം കല്ലേറുകൾ ആസൂത്രിതമല്ലെന്നാണ് കഴിഞ്ഞ ദിവസം സമാനമായ രീതിയിൽ കല്ലേറുണ്ടായപ്പോൾ ആർപിഎഫ് പ്രാഥമികമായ നി​ഗമനം നൽകിയത്. എന്നാൽ കണ്ണൂർ-കാസർകോഡ് ഭാ​ഗത്ത് ട്രെയിനുകൾക്ക് നേരെ കല്ലേറ് തുടർക്കഥയാവുകയാണ്. കല്ലേറിൽ എസി കോച്ചിന്റെ ചില്ലുകൾ തകർന്നിരുന്നു. എന്നാൽ ആസൂത്രിതമല്ല ആക്രമണങ്ങൾ എന്ന പ്രാഥമികമായ നി​ഗമനത്തിലാണ് ആർപിഎഫ്. 

ആദ്യ വരവ് സൂപ്പ‍ർഹിറ്റ്, കേരളത്തിനെ കാത്ത് മറ്റൊരു വന്ദേ ഭാരത് ട്രെയിൻ; ഇനി വേണ്ടത് പ്രധാനമന്ത്രിയുടെ അനുമതി

അതേസമയം, കേരളത്തിന് രണ്ടാം വന്ദേ ഭാരത് അനുവദിക്കുന്നത് പരിഗണനയിലാണെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറയുന്നു. പ്രധാനമന്ത്രിയുടെ അനുമതി ഇതിനായി തേടുമെന്നും മന്ത്രി വ്യക്തമാക്കി. കേരളത്തിന് ഒരു വന്ദേ ഭാരത് എക്സ്പ്രസ് കൂടി കിട്ടുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ കഴിഞ്ഞ മാസം പറഞ്ഞിരുന്നു. കാസർകോട് നിന്ന് തലസ്ഥനത്തേക്ക് ഒരു വന്ദേ ഭാരത് ട്രെയിൻ കൂടി അനുവദിക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി ഉറപ്പ് നല്‍കിയെന്നാണ് സുരേന്ദ്രൻ അറിയിച്ചത്. 

വൈകാതെ നടപടികൾ പൂർത്തിയാക്കി ഒരു വന്ദേ ഭാരത് കൂടി കേരളത്തില്‍ ഓടി തുടങ്ങുമെന്നാണ് കെ സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. വന്ദേ ഭാരത് ട്രെയിനുകളിലെ യാത്രക്കാരുടെ എണ്ണത്തില്‍ രാജ്യത്ത് ഒന്നാമതായി മാറാൻ കേരളത്തിന് കഴിഞ്ഞിരുന്നു. കാസര്‍ഗോഡ് നിന്ന് തിരുവനന്തപുരത്തേക്കുള്ള വന്ദേ ഭാരത് ട്രെയിനിന്‍റെ ശരാശരി ഒക്യുപെന്‍സി കണക്കുകളും കഴിഞ്ഞ മാസമാണ് പുറത്ത് വന്നത്. 

വന്ദേ ഭാരതിൽ പുക, തീപിടിച്ചെന്ന് കരുതി പരക്കംപാഞ്ഞ് യാത്രക്കാർ; ട്വിസ്റ്റ്

ഇവയില്‍ കാസര്‍ഗോഡ് തിരുവനന്തപുരം വന്ദേ ഭാരതിന്‍റെ ഒക്യുപെന്‍സി 183 ശതമാനമാണ്. തിരുവനന്തപുരം കാസര്‍ഗോഡേയ്ക്കുള്ള വന്ദേഭാരതിലെ ശരാശരി ഒക്യുപെന്‍സി 176 ശതമാനമാണ്. തൊട്ട് പിന്നാലെയുള്ള ഗാന്ധി നഗര്‍ മുംബൈ വന്ദേഭാരതിന്റെ ഒക്യുപെന്സി 134 ശതമാനം മാത്രമാണ്. ഇടയ്ക്കുള്ള ദൂരങ്ങളില്‍ ഇറങ്ങുന്നതടക്കമുള്ള യാത്രക്കാരുടെ മൊത്തം കണക്കിനെ അടിസ്ഥാനമാക്കിയാണ് ഒക്യുപെന്‍സി വിലയിരുത്തുന്നത്.

https://www.youtube.com/watch?v=PeV5vioO-BA