Asianet News MalayalamAsianet News Malayalam

ബിജെപി നേതൃയോഗത്തിൽ ശ്രീധരൻ പിള്ളയ്ക്ക് രൂക്ഷ വിമർശനം; പോരാട്ടം തുടരുമെന്ന് പിള്ള

ബിജെപിയിലെ വിവിധ വിഭാഗങ്ങൾ തമ്മിലുള്ള പോര് മുറുകിയ സാഹചര്യത്തിലാണ് യോഗം ചേരുന്നത്. കേരളത്തില്‍ താമര വിരിയാത്തതിനെച്ചൊല്ലി ബിജെപിയില്‍ ആശയക്കുഴപ്പവും അഭിപ്രായഭിന്നതയും രൂക്ഷമാണ്. രാജ്യമാകെ മോദി തരംഗം അലയടിച്ചപ്പോഴാണ് കേരളത്തില്‍ ബിജെപിയുടെ അക്കൗണ്ട് തുറക്കല്‍ സ്വപ്നമായി അവശേഷിച്ചത്.

Stong criticism against P S Sreedharan Pillai in BJP core committee
Author
Alappuzha, First Published May 28, 2019, 3:35 PM IST

ആലപ്പുഴ: തെരഞ്ഞെടുപ്പ് വിലയിരുത്തലിനായി ചേർന്ന ബിജെപി നേതൃയോഗത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ളയ്ക്കെതിരെ രൂക്ഷ വിമർശനം. ചർച്ചയിൽ പങ്കെടുത്ത ഭൂരിഭാഗം പേരും ശ്രീധരൻപിള്ളയ്ക്കെതിരെ വിമർശനമുന്നയിച്ചു. പ്രചാരണത്തിൽ ഏകോപനമുണ്ടായില്ലെന്നും ശ്രീധരൻ പിള്ളയുടെ പ്രസ്താവനകൾ തിരിച്ചടിയായെന്നും വിമർശനം ഉയർന്നത്. രാവിലെ ചേർന്ന കോർ കമ്മിറ്റി യോഗത്തിലാണ് ഗ്രൂപ്പുകൾക്ക് അതീതമായി പി എസ് ശ്രീധരൻ പിള്ളയ്ക്കെതിരെ രൂക്ഷ വിമർശനം ഉയർന്നത്.

അതേസമയം നീതിക്ക് വേണ്ടിയുള്ള പോരാട്ടം തുടരുമെന്നായിരുന്നു ശ്രീധരൻ പിള്ളയുടെ പ്രതികരണം. ബിജെപിയുടെ സംസ്ഥാന അദ്ധ്യക്ഷൻ ക്രൂശിക്കപ്പെട്ടുവെന്നും തെറ്റായ കാര്യമാണ് തനിക്കെതിരെ പ്രചരിപ്പിച്ചതെന്നും ശ്രീധരൻ പിള്ള പറഞ്ഞു. പോരാടാൻ തന്നെയാണ് തന്‍റെ തീരുമാനം. സുരേന്ദ്രൻ തോൽക്കുമെന്ന് താൻ എവിടെയും പറഞ്ഞിട്ടില്ല. തനിക്കെതിരായി വന്ന അപവാദ പ്രചാരണങ്ങൾക്കെതിരെ 12 കേസുകൾ കൊടുത്തുകഴിഞ്ഞെന്നും അദ്ദേഹം നേതൃയോഗത്തിൽ അറിയിച്ചു. വിമർശിച്ചോളൂ പക്ഷേ കള്ളപ്രചാരണം നടത്തരുതെന്നും പി എസ് ശ്രീധരൻ പിള്ള പറഞ്ഞു.

തെരഞ്ഞെടുപ്പ് ഫലം ചർച്ച ചെയ്യാനായി കോർകമ്മറ്റിയും ഭാരവാഹി യോഗവുമാണ് ആലപ്പുഴയിൽ നടക്കുന്നത്. സംസ്ഥാനത്ത് അക്കൗണ്ട് തുറക്കാത്തതിൽ ബിജെപിയിലെ വിവിധ വിഭാഗങ്ങൾ തമ്മിലുള്ള പോര് മുറുകിയ സാഹചര്യത്തിലാണ് യോഗം ചേരുന്നത്. കേരളത്തില്‍ താമര വിരിയാത്തതിനെച്ചൊല്ലി ബിജെപിയില്‍ ആശയക്കുഴപ്പവും അഭിപ്രായഭിന്നതയും രൂക്ഷമാണ്. രാജ്യമാകെ മോദി തരംഗം അലയടിച്ചപ്പോഴാണ് കേരളത്തില്‍ ബിജെപിയുടെ അക്കൗണ്ട് തുറക്കല്‍ സ്വപ്നമായി അവശേഷിച്ചത്.

നേതൃമാറ്റം ലക്ഷ്യമിട്ടുള്ള നീക്കം മുരളീധരപക്ഷം സജീവമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാൽ തെരഞ്ഞെടുപ്പ് പരാജയത്തിന്‍റെ പശ്ചാത്തലത്തിൽ  നേതൃമാറ്റം വേണ്ടെന്നാണ് കെ സുരേന്ദ്രന്‍റെ നിലപാട്. പത്തനംതിട്ടയടക്കമുള്ള മണ്ഡലങ്ങളില്‍ വോട്ടുകള്‍ ഗണ്യമായി കൂടാന്‍ ശബരിമല വിഷയം സഹായിച്ചുവെന്നും കെ സുരേന്ദ്രന്‍റെ വിലയിരുത്തി. ശബരിമല ഗുണം ചെയ്തെന്നും ഇല്ലെന്നുമുള്ള വ്യത്യസ്ത പ്രതികരണങ്ങളുമായി നേതാക്കള്‍ നേരത്തെ രംഗത്ത് വന്നിരുന്നു. കേരളത്തിലെങ്ങും ബിജെപിക്ക് ശബരിമല തരംഗം കാരണം ആനുകൂല്യം കിട്ടിയില്ലെന്ന വിമര്‍ശനവുമായി ആലപ്പുഴയിലെ സ്ഥാനാര്‍ത്ഥി കെ എസ് രാധാകൃഷ്ണന്‍ രംഗത്തെത്തിയിരുന്നു. തിരുവനന്തപുരത്തും പത്തനംതിട്ടയിലും ശബരിമല തരംഗം ഉണ്ടാക്കാൻ കഴിഞ്ഞില്ലെന്ന് കെ എസ് രാധാകൃഷ്ണന്‍ പറഞ്ഞിരുന്നു. ന്യൂനപക്ഷ വോട്ടുകള്‍ ഏകീകരിക്കപ്പെട്ടതും യുഡിഎഫ് തരംഗവും തിരച്ചടിയായെന്നാണ് ഔദ്യോഗിക പക്ഷത്തിന്‍റെ അനുമാനം

ഒരു തോൽവിയുടെ പേരിൽ നേതൃത്വം മാറേണ്ട സാഹചര്യമില്ലെന്ന് കെ സുരേന്ദ്രൻ നിലപാടെടുത്തു. നേതൃമാറ്റത്തിന് ഒരു സമയമുണ്ടെന്നും ഒരു സീറ്റിൽ പോലും ജയിക്കാൻ പറ്റാത്തത്  എന്തുകൊണ്ടെന്ന് യോഗം ചർച്ച ചെയ്യുമെന്നും നേരത്തേ സുരേന്ദ്രൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സംസ്ഥാനത്ത് മോദി വിരുദ്ധ പ്രവർത്തനം സംഘടിതമായുണ്ടായിട്ടുണ്ടെന്നും കെ സുരേന്ദ്രൻ പറഞ്ഞു. ശബരിമല പ്രശ്നം മുതലെടുക്കനാകാതെ പോയതിന്‍റെ ഉത്തരവാദിത്തം സംസ്ഥാന അധ്യക്ഷന് മാത്രമാണെന്നാണ് മുരളീധരപക്ഷത്തിന്‍റെ നിലപാട്. സമരങ്ങളിലടക്കം പ്രസിഡന്‍റിന്‍റെ നിലപാട് മാറ്റങ്ങളിലേക്കാണ് മുരളീധര പക്ഷം വിരല്‍ ചൂണ്ടുന്നത്.

Follow Us:
Download App:
  • android
  • ios