കേരളത്തിലെ മുഖ്യമന്ത്രി പദത്തെ ചൊല്ലിയുള്ള തർക്കങ്ങൾ തെരുവിലേക്ക് പടർന്നതോടെ, കെ സി വേണുഗോപാൽ, വി ഡി സതീശൻ, രമേശ് ചെന്നിത്തല എന്നിവർ സംയുക്തമായി രംഗത്തെത്തി. പ്രവർത്തകർ പ്രകടനങ്ങൾ നടത്തുന്നതും ഫ്ലക്സുകൾ സ്ഥാപിക്കുന്നതും അവസാനിപ്പിക്കണമെന്നും ഇത് പാർട്ടിക്ക് ദോഷം ചെയ്യുമെന്നും നേതാക്കൾ ആവശ്യപ്പെട്ടു
ദില്ലി: കേരളത്തിലെ മുഖ്യമന്ത്രി പദത്തെ ചൊല്ലി കോൺഗ്രസിനുള്ളിൽ ഉടലെടുത്ത വിഭാഗീയത തെരുവിലേക്ക് പടരുന്നതിനെതിരെ കർശന നിലപാടുമായി കെ സി വേണുഗോപാൽ, വി ഡി സതീശൻ, രമേശ് ചെന്നിത്തല എന്നിവർ ഒന്നിച്ച് രംഗത്തെത്തി. പ്രവർത്തകർ ആർക്കും വേണ്ടി പ്രകടനങ്ങൾ നടത്തരുതെന്നും ഇത്തരം നടപടികൾ സാധാരണക്കാരായ കോൺഗ്രസ് പ്രവർത്തകരെ വേദനിപ്പിക്കുന്നതാണെന്നും മുഖ്യമന്ത്രി സ്ഥാനത്തിനായി രംഗത്തുള്ള ഈ 3 നേതാക്കളും ഒന്നിച്ച് വ്യക്തമാക്കി. പാർട്ടിയിൽ കടുത്ത വിഭാഗീയതയുണ്ടെന്ന രീതിയിലുള്ള പ്രചരണങ്ങൾക്ക് ഇത്തരം പ്രകടനങ്ങൾ വഴിമരുന്നിടും. അതിനാൽ ഇനി ഒരിടത്തും ഒരു തരത്തിലുള്ള പ്രകടനങ്ങളും പാടില്ലെന്ന് നേതാക്കൾ പ്രവർത്തകരോട് അഭ്യർത്ഥിച്ചു. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചിട്ടുള്ള ഫ്ലക്സുകൾ ഇന്ന് തന്നെ എടുത്തു മാറ്റണമെന്നും ആർക്കും അനുകൂലമായി തെരുവിൽ ഇറങ്ങരുതെന്നും നേതാക്കൾ നിർദ്ദേശിച്ചു. നേതാക്കളെ ഇഷ്ടപ്പെടുന്നതിൽ തെറ്റില്ല, എന്നാൽ അത് മറ്റുള്ളവരെ അപമാനിക്കുന്ന രീതിയിലേക്ക് മാറരുത്. ജനങ്ങൾക്ക് മുൻപിൽ പാർട്ടിക്ക് മോശമായ ഒരു ചിത്രം ഉണ്ടാക്കാൻ നിലവിലെ സംഭവങ്ങൾ കാരണമായിട്ടുണ്ടെന്നും കെ സിയും ആർ സിയും വി ഡിയും ഒന്നിച്ച് ഓർമ്മിപ്പിച്ചു. പാർട്ടിയാണ് വലുതെന്നും ജനങ്ങളാണ് പരമപ്രധാനമെന്നും വ്യക്തമാക്കിയ നേതാക്കൾ, തെരുവിലെ പോരുകൾ ഇന്നത്തോടുകൂടി അവസാനിപ്പിക്കണമെന്നും ഒരേസ്വരത്തിൽ ആവശ്യപ്പെട്ടു. എല്ലാ ഫ്ലക്സുകളും ഇന്ന് തന്നെ എടുത്തുമാറ്റണമെന്നും നേതാക്കൾ വ്യക്തമാക്കി.

അന്തിമ തീരുമാനം വൈകും
കേരളത്തിലെ മുഖ്യമന്ത്രി ചർച്ചയിൽ ദില്ലിയിൽ നടന്ന കൂടിക്കാഴ്ച പൂർത്തിയായി. മൂന്ന് മണിക്കൂർ നീണ്ട കൂടിക്കാഴ്ചകൾക്ക് ശേഷം നേതാക്കൾ മടങ്ങി. മുഖ്യമന്ത്രിയാരെന്ന പ്രഖ്യാപനം പിന്നീട് ഉണ്ടാകുമെന്ന് ദീപദാസ് മുൻഷി അറിയിച്ചു. യോഗത്തിൽ അന്തിമ തീരുമാനം ആയില്ലെന്നും രാഹുൽ ഗാന്ധിയും മല്ലിഖാർജുൻ ഖാർഗയും തീരുമാനമെടുക്കുമെന്നും ദീപദാസ് മുൻഷി പറഞ്ഞു.

