കണ്ടല്ലൂർ ഗ്രാമപഞ്ചായത്തിൽ തെരുവുനായയുടെ ആക്രമണത്തിൽ അഞ്ചുപേർക്ക് ഗുരുതരമായി പരിക്കേറ്റു
ആലപ്പുഴ: കണ്ടല്ലൂർ ഗ്രാമപഞ്ചായത്തിൽ തെരുവുനായയുടെ ആക്രമണത്തിൽ അഞ്ചുപേർക്ക് ഗുരുതരമായി പരിക്കേറ്റു. ആറാം വാർഡിൽ പെട്രോൾ പമ്പിന് വടക്കുവശം ഊരടയിൽ ഭാഗത്ത് കഴിഞ്ഞ ദിവസം രാവിലെ ഏഴുമണിക്ക് മുൻപാണ് ആക്രമണമുണ്ടായത്. നായയുടെ കടിയേറ്റ ജയൻ, ലക്ഷ്മിക്കുട്ടിയമ്മ, ഓമന അമ്മ എന്നിവർ ആലപ്പുഴ മെഡിക്കൽ കോളേജിലും ചെല്ലപ്പൻ, ലീല എന്നിവർ കായംകുളം ഗവൺമെന്റ് താലൂക്ക് ആശുപത്രിയിലും ചികിത്സ തേടി. ആളുകളെ ആക്രമിച്ച നായയെ നേരത്തെ പാമ്പുകടിച്ചതായി നാട്ടുകാർ പറയുന്നു. വിഷബാധയേറ്റെന്ന് സംശയിക്കുന്ന നായ വിറളിപൂണ്ട് ഓടിനടന്ന് ആളുകളെ കടിച്ചശേഷം ചത്തു. പ്രദേശത്ത് കുറച്ചുനാളുകളായി വിഷപ്പാമ്പുകളുടെ ശല്യവും രൂക്ഷമാണ്. കൃഷിയിടങ്ങളിൽ പുല്ലുതിന്നാൻ കെട്ടിയിരുന്ന പശു, ആട് തുടങ്ങിയ വളർത്തുമൃഗങ്ങൾ പാമ്പുകടിയേറ്റ് ചത്തിരുന്നെങ്കിലും സ്ഥിരീകരിക്കാൻ തെളിവില്ലാത്തതിനാൽ മറ്റ് കാരണങ്ങളാണെന്നാണ് കർഷകർ കരുതിയിരുന്നത്.
വിഷപ്പാമ്പുകൾക്ക് പുറമെ തെരുവുനായ്ക്കളും പ്രദേശത്ത് വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നത്. രണ്ടുമാസം മുൻപ് കായംകുളം ഐക്യ ജങ്ഷന് സമീപം ഒരു വീട്ടിൽ വളർത്തിയിരുന്ന മുപ്പതോളം പ്രാവുകളെ കൂട്ടമായെത്തിയ തെരുവുനായ്ക്കൾ കൂട് തകർത്ത് കൊന്നിരുന്നു. അതേസമയം, പ്രദേശത്തെ ഭൂരിഭാഗം നായ്ക്കൾക്കും ഗ്രാമപഞ്ചായത്ത് പദ്ധതിയുടെ ഭാഗമായി വാക്സിനേഷൻ നൽകിയിരുന്നതായി വെറ്ററിനറി ഡോക്ടറും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ എസ് സുനിൽകുമാറും അറിയിച്ചു.



