ഹോം ഗാർഡ് രഘുവിനും തെരുവുനായയുടെ കടിയേറ്റു; പരിക്കേറ്റവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി

ആലപ്പുഴ: കായംകുളത്ത് തെരുവുനായ ആക്രമണത്തിൽ ഹോം ഗാർഡ് ഉൾപ്പെടെ 9 പേർക്ക് പരിക്കേറ്റു. കായംകുളം പൊലീസ് സ്റ്റേഷന് സമീപമാണ് തെരുവുനായ വഴിയാത്രക്കാരെ ആക്രമിച്ചത്. ഹോം ഗാർഡ് രഘുവിന് തുടയിൽ കടിയേറ്റു. കായംകുളം പൊലീസ് സ്റ്റേഷന് മുന്നിൽ നിൽക്കുകയായിരുന്നു ഇദ്ദേഹം. ഇദ്ദേഹത്തെ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ മറ്റുള്ളവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി.

ഗുരുവായൂരിൽ തെരുവ് നായകൾക്ക് പേവിഷ പ്രതിരോധ വാക്സിൻ നൽകും

ഗുരുവായൂരിൽ തെരുവ് നായകൾക്ക് പേവിഷ പ്രതിരോധ വാക്സീൻ നൽകാൻ തീരുമാനം. ഗുരുവായൂർ ക്ഷേത്ര പരിസരത്തുള്ള തെരുവ് നായകൾക്ക് പേവിഷ പ്രതിരോധ വാക്സീൻ നൽകുന്നതിന് ദേവസ്വം-നഗരസഭ-പൊലീസ് ഉന്നതതല യോഗം തീരുമാനിച്ചു. ദേവസ്വം ചെയർമാൻ ഡോ. വി.കെ.വിജയൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് തീരുമാനമെടുത്തത്. ഇതിനായി സംസ്ഥാന മൃഗ സംരക്ഷണ വകുപ്പിന്റെ അനുമതിയോടെ നായകളെ പിടികൂടുന്നതിന് നായ പിടുത്തക്കാരുടെ സേവനം തേടും. ക്ഷേത്രപരിസരത്തു വച്ച് ഭക്തർ നായകൾക്ക് ഭക്ഷണം നൽകുന്നത് നിരുത്സാഹപ്പെടുത്താനും യോഗം തീരുമാനിച്ചു. കഴിഞ്ഞ ദിവസം അഞ്ച് ഭക്തർക്ക് നായയുടെ കടിയേറ്റിരുന്നു. 

Read Also : തെരുവുനായയെ കൊന്നുപ്രകടനം, സജി മഞ്ഞക്കടമ്പൻ ഉൾപ്പെടെയുള്ള പ്രതികളെ കോടതി വെറുതെ വിട്ടു

പാലക്കാട് വടക്കഞ്ചേരി അഞ്ചുമൂർത്തി മംഗലത്ത് തെരുവുനായ ശല്യവും ആക്രമണവും രൂക്ഷമെന്ന് പരാതി. തെരുവ് നായകളുടെ കടിയേറ്റ് നാല് പശുക്കളും, 3 ആടുകളും ചത്തു. അഞ്ചുമൂർത്തി മംഗലത്തെ തെക്കേത്തറ, രക്കൻകുളം, വലിയകുളം, ഒറകുന്നങ്കാട്, തുടങ്ങിയ പ്രദേശങ്ങളിലാണ് കഴിഞ്ഞ ഒരു മാസത്തോളമായി തെരുവുനായ ആക്രമണം രൂക്ഷമായിട്ടുള്ളത്. 

അതേസമയം സംസ്ഥാനത്ത് വിവിധ ജില്ലകളിൽ തെരുവുനായ്ക്കളുടെ ആക്രമണം കൂടുമ്പോഴും ഫലപ്രദമായ നടപടി സ്വീകരിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്കാകുന്നില്ല. തെരുവുനായ്ക്കളെ പിടികൂടി കൊന്നൊടുക്കാൻ നിയമ തടസ്സമുണ്ട്. തെരുവുനായ്ക്കളെ വന്ധ്യംകരിക്കാൻ അനിമൽ ബർത്ത് കൺട്രോൾ പദ്ധതി (എബിസി) ഉണ്ടെങ്കിലും ഫണ്ടിന്റെ ലഭ്യതയിലെ പ്രശ്നങ്ങളടക്കം മെല്ലെപ്പോക്കിന് കാരണമാണ്. കാൽനട യാത്രക്കാർക്കും ഇരുചക്രവാഹന യാത്രക്കാർക്കുമാണ് തെരുവുനായ ശല്യം കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കുന്നത്.