ഓഗസ്റ്റിൽ മാത്രം കേരളത്തില്‍ 8 പേർ തെരുവുനായ്ക്കളുടെ കടിയേറ്റ് മരിച്ചെന്ന് ഹര്‍ജിക്കാരൻ

ദില്ലി: കേരളത്തിലെ തെരുവുനായ ആക്രമണങ്ങൾ തടയാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഈ മാസം 26ന് പരിഗണിക്കാൻ സുപ്രീംകോടതിയുടെ തീരുമാനം. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് യു.യു.ലളിത് അധ്യക്ഷനായ ബെഞ്ചാണ്, നിലവിലെ സാഹചര്യം കണക്കിലെടുത്ത് കേസ് അടിയന്തരമായി പരിഗണിക്കാൻ തീരുമാനിച്ചത്. സുപ്രീംകോടതിയുടെ പരിഗണനയിൽ നേരത്തെയുള്ള കേസിൽ കേരളത്തിലെ നിലവിലത്തെ സാഹര്യം ഹ‍ർജിക്കാരൻ അറിയിക്കുകയായിരുന്നു.

ഓഗസ്റ്റിൽ മാത്രം കേരളത്തില്‍ 8 പേർ തെരുവുനായ്ക്കളുടെ കടിയേറ്റ് മരിച്ചതായി ഹര്‍ജിക്കാരനായ സാബു സ്റ്റീഫന്‍റെ അഭിഭാഷകന്‍ വി.കെ.ബിജു സുപ്രീംകോടതിയെ അറിയിച്ചു. ഇതിൽ രണ്ടു പേർ പ്രതിരോധ വാക്സീൻ എടുത്തവരാണ്. പ്രതിരോധ വാക്സീന്റെ ഫലപ്രാപ്തിയെ കുറിച്ച് പരിശോധിക്കാൻ സംസ്ഥാന സർക്കാർ നിലവിൽ ഒരു സമിതിയെ രൂപീകരിച്ചുണ്ട്. എന്നാൽ സ്‌കൂൾ കുട്ടികൾ ഉൾപ്പെടെ നിരവധി പേർക്ക് ഇപ്പോഴും തെരുവുനായ്ക്കളുടെ കടിയേൽക്കുന്നുവെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു. തുടർന്നാണ് ഹർജി അടിയന്തരമായി പരിഗണിക്കാൻ കോടതി തീരുമാനിച്ചത്. 

ഈ വിഷയത്തിൽ ജസ്റ്റിസ് സിരിജഗൻ നേരത്തെ ഒരു കമ്മീഷനെ നിയോഗിച്ചിരുന്നു. തെരുവുനായയുടെ കടിയേല്‍ക്കുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനെ കുറിച്ചുള്ള ശുപാര്‍ശ നല്‍കാൻ ഈ കമ്മീഷനോട് സുപ്രീംകോടതി നിര്‍ദേശിച്ചു. സംസ്ഥാന സര്‍ക്കാരിനുവേണ്ടി സ്റ്റാന്‍ഡിങ് കോണ്‍സല്‍ സി.കെ.ശശി, സുപ്രീംകോടതിയിൽ ഹാജരായി.

തെരുവ്നായ നിയന്ത്രണം,വന്ധ്യംകരണം പേരിലൊതുങ്ങി,നായ്ക്കളുടെ എണ്ണം പെരുപ്പിച്ചുകാട്ടി പണം തട്ടിയെന്ന് ആരോപണം

മിക്ക ജില്ലകളിലും നായകളെ വന്ധ്യംകരിക്കാനായി പിടികൂടി എത്തിച്ചുകൊടുക്കുന്ന ചുമതല കുടുംബശ്രീകളെ ഏൽപ്പിച്ചിരുന്നു. എന്നാൽ ഇക്കാര്യത്തിൽ കുടുംബശ്രീക്കുള്ള യോഗ്യത ഹൈക്കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടു. കോടതിയാകട്ടെ കുടുംബശ്രീകളെ ഇതിൽനിന്ന് വിലക്കി. ഇതോടെ വന്ധ്യം കരണ പദ്ധതി കൂടുതൽ പ്രഹസനമായി. കൊല്ലത്ത് മൂന്നു മാസം മുൻപ് വന്ധ്യംകരണം നടത്തിയ തെരുവുനായ പ്രസവിച്ച സംഭവം പോലും ഉണ്ടായി.

വന്ധ്യംകരണത്തിന് രണ്ട് ബ്ലോക്ക് പഞ്ചായത്തുകൾക്ക് ഒരു കേന്ദ്രം വേണമെന്നാണ് കണക്ക്. എന്നാൽ സംസ്ഥാനത്ത് ആകെയുള്ളത് വെറും എട്ട് കേന്ദ്രങ്ങൾ. ഇവയിൽ പലതും മാസങ്ങളായി പ്രവർത്തിക്കുന്നുമില്ല. കണ്ണൂർ ജില്ലയിൽ വന്ധ്യംകരണ ശസ്ത്രക്രിയ അവസാനമായി നടന്നത് ഫെബ്രുവരി മാസത്തിലാണ്. നിലവിൽ ശസ്ത്രക്രിയക്കുള്ള സൗകര്യമില്ല.

'കാട്ടുപന്നികളെ പോലെ നായകളെയും വെടിവച്ചുകൊല്ലണം'; അനുവാദം തേടി കേന്ദ്രത്തെ സമീപിക്കാൻ കോഴിക്കോട് കോർപ്പറേഷൻ?

കോഴിക്കോട് നഗരത്തിൽ രൂക്ഷമായ തെരുവുനായ ആക്രമണത്തിന് പരിഹാരം തേടി വെടിവച്ചു കൊല്ലുന്നതടക്കമുള്ള കാര്യങ്ങളിൽ കോർപ്പറേഷൻ കൗൺസിലിൽ ചൂടേറിയ ചർച്ച. ആക്രമണ സ്വഭാവമുള്ള നായകളെ വെടിവച്ച് കൊല്ലുന്നതിന് കേന്ദ്ര സർക്കാരിൽ നിന്ന് അനുവാദം തേടാൻ ശ്രമിക്കണമെന്ന ച‍ർച്ചയാണ് കോർപ്പറേഷനിൽ നടന്നത്. ആക്രമണ സ്വഭാവമുള്ള നായകളെ വെടിവച്ച് കൊല്ലുന്നതിന് കേന്ദ്ര സർക്കാരിൽ നിന്ന് നിയമപരമായ അനുവാദം തേടുന്നതടക്കമുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കുമെന്ന് കോഴിക്കോട് കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ അധ്യക്ഷത വഹിച്ച മേയർ ഡോ. ബീന ഫിലിപ്പ് പറഞ്ഞു.

നായ്ക്കളെ വന്ധ്യംകരിക്കാൻ സർക്കാർ നിർദേശമെത്തി; പണം എവിടുന്ന്? തദ്ദേശ സ്ഥാപനങ്ങൾ ആശങ്കയിൽ

തെരുവുനായ്ക്കളുടെ വന്ധ്യംകരണത്തിന് കൂടുതല്‍ കേന്ദ്രങ്ങള്‍ തുടങ്ങാനായി ജില്ലാ പഞ്ചായത്തുകള്‍ക്ക് ചുമതല നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടും നടപടികള്‍ എങ്ങും തുടങ്ങിയില്ല. നായ്ക്കളെ വന്ധ്യംകരിക്കാനും തുടര്‍ചികിത്സയ്ക്കുമുളള ചെലവ് കണ്ടെത്തുന്നതാണ് പ്രതിസന്ധി. തിരുവനന്തപുരത്തും കോഴിക്കോടും ഒഴികെ മിക്ക നഗരങ്ങളിലും എബിസി സെന്റർ പുതുതായി തുടങ്ങേണ്ടി വരും.