Asianet News MalayalamAsianet News Malayalam

നായ്ക്കളെ വന്ധ്യംകരിക്കാൻ സർക്കാർ നിർദേശമെത്തി; പണം എവിടുന്ന്? തദ്ദേശ സ്ഥാപനങ്ങൾ ആശങ്കയിൽ

എബിസി സെന്ററിൽ പോസ്റ്റ് ആന്‍ഡ് പ്രീ ഓപ്പറേഷൻ കെയര്‍ യൂണിറ്റ്, സ്റ്റോര്‍, സിസിടിവി, എസി, കിച്ചണ്‍ എന്നിവയടക്കമുളള സൗകര്യം ഒരുക്കണം. ഇത്തരം ഒരു കേന്ദ്രം സജ്ജമാക്കാന്‍ ശരാശരി 20 ലക്ഷം രൂപ വരെ വേണ്ടി വരുമെന്നാണ് കണക്ക്

Stray dog sterilization, Crisis over opening of ABC centres
Author
First Published Aug 30, 2022, 3:54 PM IST

കോഴിക്കോട്: തെരുവുനായ്ക്കളുടെ വന്ധ്യംകരണത്തിന് കൂടുതല്‍ കേന്ദ്രങ്ങള്‍ തുടങ്ങാനായി ജില്ലാ പഞ്ചായത്തുകള്‍ക്ക് ചുമതല നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടും നടപടികള്‍ എങ്ങും തുടങ്ങിയില്ല. നായ്ക്കളെ വന്ധ്യംകരിക്കാനും തുടര്‍ചികിത്സയ്ക്കുമുളള ചെലവ് കണ്ടെത്തുന്നതാണ് പ്രതിസന്ധി. തിരുവനന്തപുരത്തും കോഴിക്കോടും ഒഴികെ മിക്ക നഗരങ്ങളിലും എബിസി സെന്റർ പുതുതായി തുടങ്ങേണ്ടി വരും.

തെരുവുനായ് ശല്യം പെരുകിയ പശ്ചാത്തലത്തില്‍ വന്ധ്യംകരണം വേഗത്തിലാക്കാനും കൂടുതല്‍ കേന്ദ്രങ്ങള്‍ തുടങ്ങാനും നിർദേശിച്ച് മെയ് 23ന് ആണ് തദ്ദേശ സ്വയംഭരണ വകുപ്പ് ഉത്തരവിറക്കിയത്. ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളുടെയും നഗരസഭകളുടേയും സംയുക്ത പദ്ധതിയായി എബിസി നടപ്പാക്കണമെന്നാണ് നിർദേശം. മുഖ്യ നിര്‍വഹണ സ്ഥാപനം ജില്ലാ പഞ്ചായത്തായിരിക്കും. മറ്റ് തദ്ദേശ സ്ഥാപനങ്ങള്‍ ഇതിനായുളള തുക ജില്ലാ പഞ്ചായത്തിന് കൈമാറണം. എന്നാല്‍ എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളും നേരത്തെ തന്നെ പദ്ധതി തയ്യാറാക്കി കഴിഞ്ഞതിനാല്‍ ഇതിനായുളള തുക എങ്ങനെ കണ്ടെത്തുമെന്നതാണ് പ്രതിസന്ധി.

ലോകായുക്തയുടെ അല്ല പട്ടിയുടെ പല്ലാണ് സർക്കാർ പറിക്കേണ്ടതെന്ന് പ്രതിപക്ഷം: പേവിഷ ആശങ്ക ശരിവച്ച് മുഖ്യമന്ത്രി

ഒരു നായയെ പിടിക്കുന്നതും വന്ധ്യംകരിക്കുന്നതും തുടര്‍ ചികിത്സ നല്‍കുന്നതും പാര്‍പ്പിക്കുന്നതുമെല്ലാം ചെലവേറിയ കാര്യങ്ങളാണ്. സർക്കാർ മുന്നോട്ടുവച്ച നി‍ർദേശങ്ങളും കടുപ്പമുള്ളതാണ്. നായ്ക്കളുടെ എണ്ണം അനുസരിച്ച് രണ്ട് ബ്ലോക്കുകള്‍ക്ക് ഒരെണ്ണം എന്ന നിലയില്‍ ഓപ്പറേഷന്‍ തിയേറ്റര്‍, നായ്ക്കള പാര്‍പ്പിക്കാനുളള ഷെല്‍ട്ടര്‍ എന്നിവ ഒരുക്കണം. ഇതിനായി നിര്‍മിക്കുന്ന കെട്ടിടത്തില്‍ പോസ്റ്റ് ആന്‍ഡ് പ്രീ ഓപ്പറേഷൻ കെയര്‍ യൂണിറ്റ്, സ്റ്റോര്‍, സിസിടിവി, എസി, കിച്ചണ്‍ എന്നിവയടക്കമുളള സൗകര്യം ഒരുക്കണം. ഇത്തരം ഒരു കേന്ദ്രം സജ്ജമാക്കാന്‍ ശരാശരി 20 ലക്ഷം രൂപ വരെ വേണ്ടി വരുമെന്നാണ് കണക്ക്. 

താല്‍ക്കാലിക ജീവനക്കാരുടെ വേതനം ഉള്‍പ്പെടെ ഒരു നായയെ വന്ധ്യംകരിക്കാന്‍ 1,500 രൂപ വരെ ചെലവ് വരും. മൃഗസംരക്ഷണ വകുപ്പിന്‍റെ കണക്കനുസരിച്ച് രണ്ടര ലക്ഷത്തോളം തെരുവുനായ്ക്കളാണ് കേരളത്തിലുളളത്. മൂന്ന് വര്‍ഷം തുടര്‍ച്ചയായി വന്ധ്യംകരണം നടത്തിയാല്‍ മാത്രമെ ഇവയുടെ എണ്ണം നിയന്ത്രിക്കാനാകൂ. സര്‍ക്കാര്‍ കൂടുതല്‍ ഫണ്ട് നൽകുകയും പ്രത്യേക ശ്രദ്ധ ചെലുത്തുകയും ചെയ്തില്ലെങ്കിൽ കാര്യങ്ങൾ എളുപ്പമാകില്ലെന്ന് അർത്ഥം.

 

Follow Us:
Download App:
  • android
  • ios