Asianet News MalayalamAsianet News Malayalam

പാമ്പാടിയില്‍ തെരുവുനായ ആക്രമണം, കടിയേറ്റത് 7 പേര്‍ക്ക്, നായക്ക് പേവിഷ ബാധയെന്ന് സംശയം

പാമ്പാടി ഏഴാം മൈലിൽ ഒരു വീട്ടമ്മ ഉൾപ്പെടെ മൂന്ന് പേർക്കാണ് തെരുവ് നായയുടെ കടിയേറ്റത്. ഏഴാം മൈൽ സ്വദേശി നിഷാ സുനിലിനും അയൽവാസികളായ മറ്റ് രണ്ട് പേർക്കുമാണ്  നായ കടിയേറ്റത്.

street dog which bite three people died
Author
First Published Sep 18, 2022, 11:00 AM IST

കോട്ടയം: പാമ്പാടിയില്‍ കഴിഞ്ഞ ദിവസം നാട്ടുകാരെ കടിച്ച തെരുവു നായയ്ക്ക് പേവിഷ ബാധയെന്ന് സംശയം. നായയുടെ ജഡം പോസ്റ്റ്മോര്‍ട്ടം ചെയ്യാന്‍ പഞ്ചായത്ത് തീരുമാനിച്ചു. വീട്ടില്‍ കിടന്നുറങ്ങിയ സ്കൂള്‍ വിദ്യാര്‍ഥിയടക്കം ഏഴു പേര്‍ക്കാണ് ഇന്നലെ നായയുടെ കടിയേറ്റത്.

വീട്ടില്‍ കയറി പട്ടി കടിച്ചതിന്‍റെ ആഘാതം മാറിയിട്ടില്ല നിഷയ്ക്ക്. വയറിലും നെഞ്ചിലും ഉള്‍പ്പെടെ മുപ്പത്തിനാല് മുറിവുകളാണ് മിനിട്ടുകള്‍ മാത്രം നീണ്ട നായ ആക്രമണത്തില്‍ നിഷയ്ക്ക് ഉണ്ടായത്. വീട്ടില്‍ ഉറങ്ങികിടക്കുന്നതിനിടെയാണ് നിഷയുടെ അയല്‍വാസിയായ ഏഴാം ക്ലാസുകാരന്‍ സെബിന് കടി കിട്ടിയത്. ബഹളം കേട്ടെത്തിയ മറ്റ് അഞ്ച് പേര്‍ക്കും നായ കടി കിട്ടി.

നായയെ നാട്ടുകാര്‍ കൊന്നെങ്കിലും പ്രകോപനമില്ലാതെ നായ ആക്രമണം നടത്തിയത് പേവിഷബാധ ഉളളതുകൊണ്ടെന്നാണ് സംശയം. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ തുടര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സ്വീകരിക്കാനാണ് പഞ്ചായത്ത് തീരുമാനം. കടിയേറ്റവരെല്ലാം കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്ന് പ്രതിരോധ കുത്തിവെപ്പ് എടുത്തു.

അതേസമയം പേവിഷബാധയക്കുറിച്ച് ബോധവത്കരണം ശക്തമാക്കിയതോടെ തദ്ദേശ സ്ഥാപനങ്ങളിൽ വളർത്തുമൃഗങ്ങള്‍ക്ക് ലൈസൻസ് എടുക്കാൻ എത്തുന്നവരുടെ എണ്ണം കൂടി. നഗരസഭകളിലേക്കാൾ കൂടുതൽ ആളുകൾ ലൈസൻസ് എടുക്കാൻ എത്തുന്നത് ഗ്രാമപഞ്ചായത്തുകളിലാണ്. അതിവേഗത്തിലാണ് തദ്ദേശ സ്ഥാപനങ്ങൾ നടപടികൾ പൂർത്തിയാക്കുന്നത്.

വളർത്തുമൃഗങ്ങൾക്ക് ലൈസൻസ് എടുക്കുക എന്നത് വളരെ എളുപ്പത്തിലുള്ള നടപടിയാണ്. പഞ്ചായത്തിരാജ് ആക്ടിലെ വകുപ്പ് പ്രകാരമാണ് വളർത്തുമൃഗങ്ങള്‍ക്ക് ലൈസൻസ് നൽകുന്നത് . ആദ്യം ചെയ്യേണ്ടത് വളർത്ത് മൃഗങ്ങൾക്ക് മൃഗസംരക്ഷണ വകുപ്പ് നൽകുന്ന പ്രതിരോധ വാക്സിൻ എടുക്കണം. പൂർണമായും സൗജന്യമാണ് വാക്സിനേഷൻ. 

എന്നാൽ വാക്സിനേഷൻ എടുത്ത സർട്ടിഫിക്കേറ്റ് കിട്ടണമെങ്കിൽ 15 രൂപ അടയ്ക്കണം. ഈ സർട്ടിഫിക്കേറ്റുമായി തദ്ദേശ സ്ഥാപനങ്ങളിലെത്തണം. നിശ്ചിത ഫോർമാറ്റിലുള്ള അപേക്ഷയിൽ മൃഗം, മൃഗത്തിന്‍റെ ഇനം, പ്രായം തുടങ്ങിയ വിവരങ്ങൾ എഴുതി നൽകണം. ഒരു വർഷമാണ് ലൈസൻസിന്‍റെ കാലാവധി. വാർഡുകൾ കേന്ദ്രീകരിച്ച് വളർത്തുനായ്കള്‍ക്ക് വാക്സീൻ ക്യാംപെയ്ൻ തുടങ്ങിയതോടെ കൂടുതൽ സൗകര്യമായി. മൃഗാശുപത്രികളിൽ വളർത്തുമൃഗങ്ങളെ ചികിത്സിക്കണമെങ്കിലും ഇനി ലൈസൻസ് വേണ്ടി വരും

 

Follow Us:
Download App:
  • android
  • ios