കോട്ടയം: രണ്ട് ദിവസത്തിനിടെ കൊവിഡ് രോഗികളുടെ എണ്ണം പതിനൊന്നായി ഉയർന്നതോടെ കോട്ടയം ജില്ലയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ജില്ലയിൽ മൂന്ന് ദിവസത്തേക്ക് കൂടി കർശന നിയന്ത്രണം തുടരാൻ ഇന്ന് മന്ത്രി പി.തിലോത്തമൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി.  

ജില്ലയിൽ അവശ്യ സർവ്വീസുകൾക്ക് മാത്രമാണ് അനുമതി.തീവ്രബാധിത പ്രദേശമായ തലയോലപ്പറമ്പ് പഞ്ചായത്തിനോട് ചേർന്ന ഉദയനാപുരം, മറവൻതുരുത്ത്, തലയോലപറമ്പ് പഞ്ചായത്തുകളിലെ ചില വാർഡുകളും ഹോട്ട്സ്പോട്ടാകും.

പുതിയ സാഹചര്യത്തെ ഗൗരവത്തോടെ കാണുന്നതായി അവലോകന യോ​ഗത്തിന് ശേഷം ഭക്ഷ്യവകുപ്പ് മന്ത്രി പി.തിലോത്തമൻ പറഞ്ഞു. രോ​ഗവ്യാപനം തടയാൻ കൂടുതൽ റാൻഡം ടെസ്റ്റുകൾ വേഗത്തിൽ നടത്തുമെന്നും അദ്ദേഹം അറിയിച്ചു. തീവ്രബാധിത മേഖലയിൽ അവശ്യ സർവ്വീസുകൾ മാത്രമായിരിക്കും ഉണ്ടാക്കുക. 

മേഖലയിൽ ആവശ്യമായ ഭക്ഷണവും കുടിവെള്ളവും എത്തിച്ച് നൽകും. എല്ലാ ആശുപത്രികളിലേയും ആരോഗ്യപ്രവർത്തകർക്ക് താമസ സൗകര്യം ഉൾപ്പെടെ ഉറപ്പാക്കും. മാസ്കുകൾ ധരിക്കാതെ ആരും പുറത്തിറങ്ങരുതെന്ന ആവശ്യപ്പെട്ട മന്ത്രി കോട്ടയത്ത് സമൂഹവ്യാപനമില്ലെന്നും വ്യക്തമാക്കി. 

മെയ് 3 വരെ ജില്ലയിൽ നിയന്ത്രണങ്ങളുണ്ടാവും. അതിൽ തന്നെ ഈ മൂന്ന് ദിവസം ക‍ർശന നിയന്ത്രണം പാലിക്കേണ്ടി വരും. കോട്ടയത്ത് ഇന്ന് 200 സ്രവ സാംപിളുകൾ കൂടി പരിശോധനയ്ക്ക് അയക്കുന്നുണ്ട്. ഇന്നലെ 122 സാംപിളുകൾ അയച്ചിരുന്നു. 
 
സൗജന്യ റേഷൻ കിറ്റിൻ്റെ വിലയുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണങ്ങൾ നിഷേധിച്ച പി.തിലോത്തമൻ. ഒരു കിറ്റിൽ എത്ര രൂപയുടെ സാധനങ്ങൾ വേണമെന്ന് നിശ്ചയിച്ചിരുന്നില്ലെന്നും വീട്ടിലേക്ക് അവശ്യം വേണ്ട 17 ഇനം സാധനങ്ങൾ ഒരു കിറ്റിൽ ഉൾപ്പെടുത്താൻ മാത്രമാണ് തീരുമാനിച്ചിരുന്നതെന്നും വ്യക്തമാക്കി.