Asianet News MalayalamAsianet News Malayalam

കൊവിഡ് 19: കാസര്‍കോട് സ്ഥിതി അതീവ ഗുരുതരം; കര്‍ശന നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ കടുത്ത നടപടി

പൊതുസ്ഥലങ്ങളായ പാർക്കുകൾ, ബീച്ചുകൾ തുടങ്ങിയവയിൽ കൂട്ടംകൂടുന്നതിന് അനുവദിക്കില്ല

strict restrictions come into force in kasargod
Author
Kasaragod, First Published Mar 20, 2020, 10:03 PM IST

തിരുവനന്തപുരം: ആറ് പേര്‍ക്ക് കൊവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ കാസര്‍കോട് ജില്ലയില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച കര്‍ശന നിയന്ത്രങ്ങള്‍ വെള്ളിയാഴ്ച അര്‍ധരാത്രി മുതല്‍ നിലവില്‍ വന്നു. ഇതു സംബന്ധിച്ച ഉത്തരവ് ചീഫ് സെക്രട്ടറി പുറത്തിറക്കി. പകര്‍ച്ചവ്യാധികള്‍ തടയാനുള്ള പ്രത്യേക നിയമത്തിന്‍റെ അടിസ്ഥാനത്തിലാണ് കാസര്‍കോട് ജില്ലയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 

നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ 1897 ലെ പകർച്ചവ്യാധി നിയന്ത്രണ ആക്ടിലെ സെക്ഷൻ 2(1) പ്രകാരം ശക്തമായ നടപടികൾക്ക് ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ കാസർകോട് കളക്ടർക്കും ജില്ലാ പോലീസ് മേധാവിക്കും അധികാരം നൽകിയിട്ടുണ്ട്. 

ഉത്തരവ് പ്രകാരം കാസര്‍കോട് ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകളും മറ്റു പൊതു-സ്വകാര്യ സ്ഥാപനങ്ങളും ഒരാഴ്ച അടച്ചിടും. അവശ്യവസ്തുകള്‍ വില്‍ക്കുന്ന കടകള്‍ക്ക് രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ച് മണി വരെ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്. അല്ലാത്ത മുഴുവന്‍ സ്ഥാപനങ്ങളും അടച്ചിടണം. രണ്ടാഴ്ചക്കാലം എല്ലാ ആരാധനാലയങ്ങളും അടച്ചിടണം.  ക്ലബ്ബുകളും സിനിമാശാലകളും രണ്ടാഴ്ച പ്രവർത്തിക്കില്ല. 

പൊതുസ്ഥലങ്ങളായ പാർക്കുകൾ, ബീച്ചുകൾ തുടങ്ങിയവയിൽ കൂട്ടംകൂടുന്നതിന് അനുവദിക്കില്ല. ഓഫീസുകൾ അവധിയാണെങ്കിലും ജീവനക്കാർ ജില്ലയില്‍ തന്നെ തുടരണമെന്നും ജില്ലാ കളക്ടര്‍ ആവശ്യപ്പെടുന്ന സാഹചര്യത്തിൽ ജോലിയിൽ പ്രവേശിക്കാൻ  സന്നദ്ധരായിരിക്കണമെന്നും ഉത്തരവില്‍ പറയുന്നു.  നിയമം  ലംഘിക്കുന്നവര്‍ക്കെതിരെ ഐപിസി വകുപ്പ് പ്രകാരം കേസെടുക്കും. ഉത്തരവ് നടപ്പാക്കാന്‍ കാസര്‍കോട് ജില്ലാ കളക്ടറേയും ജില്ലാ പൊലീസ് മേധാവിയേയും ചുമതലപ്പെടുത്തിയിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios