ക്യാമ്പസിൽ നിന്ന് വിദ്യാർഥികളെ പുറത്താക്കി മൂന്നാഴ്ചയായി തുടരുന്ന സമരം പൊളിക്കാൻ ലക്ഷ്യമിട്ടാണ് വിദ്യാർഥികൾ ഹോസ്റ്റൽ ഒഴിയണമെന്ന ഉത്തരവ് കോട്ടയം ജില്ലാ കലക്ടർ പുറപ്പെടുവിച്ചത്.
കോട്ടയം: ഹോസ്റ്റൽ ഒഴിയണമെന്ന കോട്ടയം ജില്ലാ കലക്ടറുടെ ഉത്തരവ് തള്ളി കോട്ടയം കെ.ആർ.നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ സമരം ചെയ്യുന്ന വിദ്യാർഥികൾ. ജാതി വിവേചന ആരോപണം നേരിടുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറെ പുറത്താക്കും വരെ ക്യാമ്പസിൽ സമരം തുടരുമെന്നും വിദ്യാർത്ഥികൾ പ്രഖ്യാപിച്ചു. അതേസമയം ക്യാമ്പസിലെ പ്രശ്നങ്ങൾ രണ്ടാഴ്ചക്കുള്ളിൽ പരിഹരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി പ്രതികരിച്ചു.
ക്യാമ്പസിൽ നിന്ന് വിദ്യാർഥികളെ പുറത്താക്കി മൂന്നാഴ്ചയായി തുടരുന്ന സമരം പൊളിക്കാൻ ലക്ഷ്യമിട്ടാണ് വിദ്യാർഥികൾ ഹോസ്റ്റൽ ഒഴിയണമെന്ന ഉത്തരവ് കോട്ടയം ജില്ലാ കലക്ടർ പുറപ്പെടുവിച്ചത്. കലക്ടറുടെ ഉത്തരവ് അനുസരിക്കണമെന്ന് ക്യാമ്പസിലെത്തിയ പൊലീസ് ഇന്ന് വിദ്യാർഥികളോട് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ഹോസ്റ്റൽ ഒഴിയില്ലെന്നും സമരം തുടരുമെന്നും വിദ്യാർഥികൾ പൊലീസിനെ അറിയിച്ചു. ഇതുവരെ സമാധാനപരമായാണ് സമരം നടന്നതെന്നും വിദ്യാർഥികൾ ചൂണ്ടിക്കാട്ടുന്നു.
എല്ലാ പ്രശ്നങ്ങൾക്കും ജനുവരിയോടെ പരിഹാരം ഉണ്ടാകുമെന്നായിരുന്നു ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇന്നത്തെ പ്രതികരണം. ഉന്നത വിദ്യാഭ്യാസ വകുപ്പ് നിയമിച്ച കമ്മീഷനു മുന്നിൽ ആരോപണ വിധേയനായ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ശങ്കർ മോഹൻ തെളിവെടുപ്പിന് ഹാജരാകാത്ത സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഇടപെട്ട് പുതിയ കമ്മീഷനെ നിയമിച്ചതെന്നും മന്ത്രി വ്യക്തമാക്കി.തൽക്കാലം വിദ്യാർത്ഥികളുമായൊരു സംഘർഷത്തിലേക്ക് ഇല്ല എന്നുള്ളതാണ് പോലീസ് നിലപാട്. എന്നാൽ കലക്ടറുടെ ഉത്തരവ് ലംഘിച്ചുകൊണ്ട് ക്യാമ്പസിൽ സമരം തുടരാനുള്ള വിദ്യാർഥികളുടെ തീരുമാനം എത്ര സമയത്തേക്ക് പൊലീസ് അംഗീകരിക്കും എന്ന് കണ്ടറിയണം.
