നാവിക സേനക്ക് ശക്തി പകരാൻ കരുത്തര്‍; രണ്ട് അന്തർവാഹിനി ആക്രമണ പ്രതിരോധ കപ്പലുകൾകൂടി കൊച്ചിയിൽ നീറ്റിലിറക്കി
ഇന്ത്യൻ നാവികസേനയുടെ കരുത്ത് വർധിപ്പിക്കുന്ന എട്ട് അന്തർവാഹിനി ആക്രമണ പ്രധിരോധ കപ്പലുകളാണ് കൊച്ചിൻ ഷിപ്യാഡ് നിർമിച്ചു നൽകുന്നതെന്ന് കൊച്ചിൻ ഷിപ്യാർഡ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മധു എസ് നായർ പറഞ്ഞു.
കൊച്ചി: നാവിക സേനയ്ക്കു വേണ്ടി നിർമിച്ച 2 അന്തർവാഹിനി ആക്രമണ പ്രതിരോധ കപ്പലുകൾ (ആന്റി സബ്മറൈൻ വാർഫെയർ ഷാലോ വാട്ടർ ക്രാഫ്റ്റ് – എഎസ്ഡബ്ല്യു എസ്ഡബ്ല്യുസി) കൊച്ചിൻ ഷിപ്യാഡ് നീറ്റിലിറക്കി. തിങ്കളാഴ്‌ച രാവിലെ 8.40ന് വിജയ ശ്രീനിവാസ് കപ്പലുകൾ നീറ്റിലിറക്കുന്ന ചടങ്ങ് നിർവഹിച്ചു. ദക്ഷിണ നാവികസേന ഫ്ലാഗ് ഓഫീസർ കമാൻഡിംഗ്-ഇൻ-ചീഫ് വൈസ് അഡ്മിറൽ വി ശ്രീനിവാസ്, എവിഎസ്എം - എൻ എം മുഖ്യതിഥിയായി. കൊച്ചിൻ ഷിപ്യാർഡ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മധു എസ് നായർ, കൊച്ചിൻ ഷിപ്യാർഡ് ഡയറക്ടർമാർ, ഇന്ത്യൻ നേവിയുടെ മുതിർന്ന ഉദ്യോഗസ്ഥർ, ക്ലാസിഫിക്കേഷൻ സൊസൈറ്റി പ്രതിനിധികൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
ഇന്ത്യൻ നാവികസേനയുടെ കരുത്ത് വർധിപ്പിക്കുന്ന എട്ട് അന്തർവാഹിനി ആക്രമണ പ്രധിരോധ കപ്പലുകളാണ് കൊച്ചിൻ ഷിപ്യാഡ് നിർമിച്ചു നൽകുന്നതെന്ന് കൊച്ചിൻ ഷിപ്യാർഡ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മധു എസ് നായർ പറഞ്ഞു. "മികച്ച ടെക്‌നീഷ്യന്മാരുടെ മേൽനോട്ടത്തിൽ അതിനൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് കപ്പലുകൾ നിർമിക്കുന്നത്. പൂർണമായും സജ്ജമാകുന്ന അന്തർവാഹിനി ആക്രമണ പ്രധിരോധ കപ്പലുകൾ നാവികസേനയുടെ ഭാഗമാകുന്നതോടെ, ആഗോളതലത്തിൽ കൊച്ചി കപ്പൽ നിർമാണശാലയുടെ പ്രവൃത്തികൾക്ക് മുന്നേറ്റമുണ്ടാക്കാനാകും. യൂറോപ്പിലുൾപ്പടെയുള്ള രാജ്യങ്ങളിലേക്ക് കപ്പൽ നിർമാണ സാമഗ്രികൾ കയറ്റുമതി ചെയ്യുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്."- അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ നാവികസേനയുടെ പ്രതിരോധ ശക്തി വർധിപ്പിക്കുന്നതിൽ കൊച്ചിൻ ഷിപ്യാർഡിനു നിർണായക പങ്കുണ്ടെന്നു ദക്ഷിണ നാവികസേന ഫ്ലാഗ് ഓഫീസർ കമാൻഡിംഗ്-ഇൻ-ചീഫ് വൈസ് അഡ്മിറൽ വി ശ്രീനിവാസ് പറഞ്ഞു. "കാലങ്ങളായി നാവികസേനയ്ക്ക് ആവശ്യമായ കപ്പലുകളും മറ്റു ഉപകരണങ്ങളും കൊച്ചിയിലെ കപ്പൽ നിർമാണശാലയിലൂടെയാണ് പൂർത്തീകരിക്കുന്നത്. നിലവിലെ ആഗോള രാഷ്ട്രീയ സംഭവവികാസങ്ങൾകൂടി കണക്കിലെടുത്താണ് നാവികസേന പ്രതിരോധ ശക്തി വർധിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി, ആഗോള നിലവാരത്തിലുള്ള 6 വരുംതലമുറ മിസൈൽ കപ്പലുകൾ (നെക്സ്റ്റ് ജനറേഷൻ മിസൈൽ വെസ്സൽ) നിർമിക്കാനും ധാരണയായി."- അദ്ദേഹം പറഞ്ഞു
അന്തർവാഹിനി സാന്നിധ്യം തിരിച്ചറിയാൻ കഴിയുന്ന അത്യാധുനിക സോണാർ സംവിധാനം ഉൾപ്പടെയുള്ള കപ്പലുകളാണ് നാവിക സേനയ്ക്ക് കൊച്ചിൻ ഷിപ്യാർഡ് നിർമിച്ചു നൽകുന്നത്. കഴിഞ്ഞ നവംബറിൽ ഐഎൻഎസ് മാഹി, ഐഎൻഎസ് മാൽവൻ, ഐഎൻഎസ് മാംഗ്രോൾ എന്നിങ്ങനെ മൂന്ന് കപ്പലുകൾ നീറ്റിലിറക്കിയിരുന്നു. 78 മീറ്റര്‍ നീളവും 11.36 മീറ്റര്‍ വീതിയുമുള്ള കപ്പലുകൾക്ക് പരമാവധി 25 നോട്ടിക്കൽ മൈൽ വേഗത കൈവരിക്കാൻ സാധിക്കും.
ശത്രു സാന്നിധ്യം തിരിച്ചറിയാൻ നൂതന റഡാർ സിഗ്നലിങ് സംവിധാനമുള്ള സബ്മറൈൻ വാർഫെയർ ഷാലോ വാട്ടർ ക്രാഫ്റ്റുകൾ പൂർണമായും തദ്ദേശീയമായാണ് നിർമിച്ചിട്ടുള്ളത്. രണ്ട് ആൻ്റി സബ്‌മറൈൻ വാർഫെയർ ഷാലോ വാട്ടർ ക്രാഫ്റ്റുകൾ നീറ്റിലിറക്കുന്നതോടെ ഇന്ത്യൻ നാവികസേനയ്ക്ക് വേണ്ടിയുള്ള എട്ട് കപ്പലുകളിൽ അഞ്ചെണ്ണം കൊച്ചിൻ ഷിപ്യാർഡ് പൂർത്തികരിക്കും. നേവിക്കു കൈമാറുന്നത്തോടെ കപ്പലുകൾക്ക് ഐഎൻഎസ് മാൽപേ, ഐഎൻഎസ് മുൾക്കി എന്നിങ്ങനെ പേരുകൾ നൽകും.
മലയാളത്തിലുള്ള വിവരാവകാശ അപേക്ഷകള്‍ക്ക് മലയാളത്തില്‍ തന്നെ മറുപടി നല്‍കണമെന്ന് വിവരാവകാശ കമ്മീഷണര്‍