സുഹൃത്തിന്റെ പക്കൽ നിന്ന് ബാഗ് വാങ്ങാനായി നേരത്തെ ട്യൂഷന് പോയിരുന്ന യൂണിയൻ ട്യൂട്ടോറിയലിൽ എത്തിയപ്പോഴാണ് ശിവദത്ത് മർദ്ദനത്തിന് ഇരയായത്. ട്യൂട്ടോറിയലിൽ പഠിക്കാത്ത ഒരുത്തനും ഇതിനുള്ളിൽ പ്രവേശിക്കരുതെന്ന് ആക്രോശിച്ചായിരുന്നു അധ്യാപകന്റെ മര്‍ദ്ദനം

തിരുവനന്തപുരം: തിരുവനന്തപുരം ബാലരാമപുരത്ത് വിദ്യാര്‍ത്ഥിക്ക് ടൂട്ടോറിയൽ അധ്യാപകന്‍റെ മര്‍ദ്ദനം. വെങ്ങാനൂര്‍ ചാവടിനട സ്വദേശി ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി ശിവദത്തിനാണ് മര്‍ദ്ദനമേറ്റത്. ടൂട്ടോറിയൽ അധ്യാപകനും സിപിഎം വെങ്ങാനൂര്‍ ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായ രാജയ്യനെതിരെ പൊലീസ് കേസെടുത്തു.

വെങ്ങാനൂര്‍ മോഡൽ ഹൈസ്കൂൾ വിദ്യാര്‍ത്ഥിയാണ് ശിവദത്ത്. സുഹൃത്തിന്റെ പക്കൽ നിന്ന് ബാഗ് വാങ്ങാനായി നേരത്തെ ട്യൂഷന് പോയിരുന്ന യൂണിയൻ ട്യൂട്ടോറിയലിൽ എത്തിയപ്പോഴാണ് ശിവദത്ത് മർദ്ദനത്തിന് ഇരയായത്. ട്യൂട്ടോറിയലിൽ പഠിക്കാത്ത ഒരുത്തനും ഇതിനുള്ളിൽ പ്രവേശിക്കരുതെന്ന് ആക്രോശിച്ചായിരുന്നു അധ്യാപകന്റെ മര്‍ദ്ദനം.

ആറാം ക്ലാസ് വരെ ശിവദത്ത് ഇവിടെ പഠിച്ചിരുന്നു. ഇന്നലെ സമീപത്തെ സ്കൂളിൽ പഠിക്കുന്ന സഹോദരിയെ കാണാനെത്തിയപ്പോൾ ബാഗ് ട്യൂട്ടോറിയലിൽ പഠിക്കുന്ന സുഹൃത്തിനെ ഏൽപ്പിച്ചിരുന്നു. ഇത് വാങ്ങാനായി എത്തിയപ്പോഴാണ് സിപിഎം നേതാവ് കൂടിയായ അധ്യാപകൻ മർദ്ദിച്ചത്. ഈ സമയം ശിവദത്തിനൊപ്പം സഹോദരിയും ഉണ്ടായിരുന്നു. മര്‍ദ്ദനത്തിൽ അവശനിലയിലായ ശിവദത്ത് ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. ബാലരാമപുരം പൊലീസിൽ കുടുംബം പരാതി നൽകിയിട്ടുണ്ട്. ഇതിനു മുമ്പ് മറ്റൊരു വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച കേസിലും പ്രതിയാണ് സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി കൂടിയായ രാജയ്യൻ.