കീവ്: വന്ദേ ഭാരത് ദൗത്യത്തില്‍ അവസരം കിട്ടാത്തതിനാല്‍ സ്വന്തമായി വിമാനം ചാര്‍ട്ടര്‍ ചെയ്ത് ഉക്രൈനില്‍ നിന്നുള്ള മെഡിക്കല്‍ വിദ്യാര്‍ഥികള്‍. ഉക്രൈന്‍ തലസ്ഥാനമായ കീവില്‍ നിന്ന് പുറപ്പെടുന്ന വിമാനം പുലര്‍ച്ചെ കൊച്ചിയില്‍ ഇറങ്ങും. പരീക്ഷ കഴിഞ്ഞു, അവധി തുടങ്ങി. ഇനി എന്ന് ക്ലാസ് തുടങ്ങുമെന്ന് അറിയില്ല. ഉക്രൈനില്‍ രോഗം പടരുകയാണ്. നാട്ടിലേക്ക് തിരിക്കാന്‍ വന്ദേഭാരത് വിമാനത്തിനായി രജിസ്റ്റര് ചെയ്‌തെങ്കിലും ഫലം ഉണ്ടായില്ല-വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. 
 
അങ്ങനെയാണ് കീവിലെ നാല് സര്‍വകലാശാലയില്‍ നിന്നുള്ള 324 മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ വിമാനം ചാര്‍ട്ടര്‍ ചെയ്യാന്‍ ഏജന്‍സിയെ സമീപിച്ചത്. സര്‍ക്കാര്‍ അനുമതി കിട്ടിയെങ്കിലും കൊവിഡ് പരിശോധന മാനദണ്ഡം യാത്ര മുടക്കുമോ എന്ന ആശങ്കയിലായിരുന്നു കുട്ടികള്‍. മാസ്‌കും ഗ്ലൗസും പിപിഇ കിറ്റുമെല്ലാം ഏജന്‍സി തന്നെ നല്‍കി. സെപ്റ്റംബറില് ഓണ്‍ലൈന്‍ ക്ലാസ് ആയിരിക്കും തുടങ്ങുക.