Asianet News MalayalamAsianet News Malayalam

Bus Fare : കൺസഷൻ 6 രൂപ ആക്കണമെന്ന് ബസ്സുടമകൾ, പറ്റില്ലെന്ന് വിദ്യാർഥി സംഘടനകൾ

നിലവിൽ ഒരു രൂപയാണ് വിദ്യാർത്ഥികളുടെ മിനിമം കൺസഷൻ തുക. തുടർന്ന് കിലോമീറ്റർ ചാർജിന്‍റെ 25 ശതമാനവും ഈടാക്കും. എന്നാൽ ഇത് മിനിമം ആറ് രൂപയിലേക്ക് ഉയ‍ർത്തണമെന്നാണ് ബസ്സുടമകളുടെ ആവശ്യം.

Student Consession In Buses Kerala Government To Hold Discussions With Bus Owners
Author
Thiruvananthapuram, First Published Dec 2, 2021, 6:56 PM IST

തിരുവനന്തപുരം: ഇന്ധനവില വർദ്ധനയെത്തുടർന്ന് വിദ്യാർത്ഥികളുടെ കൺസഷൻ തുക മിനിമം ആറ് രൂപയെങ്കിലുമാക്കണമെന്ന് ബസ്സുടമകൾ സർക്കാരിനോട് ആവശ്യപ്പെട്ടു. എന്നാൽ ഇത്രയധികം തുക കൂട്ടുന്നത് നിലവിൽ അംഗീകരിക്കാവുന്നതല്ലെന്ന് വിദ്യാർത്ഥി സംഘടനകൾ സർക്കാരിനോട് വ്യക്തമാക്കി. തിരുവനന്തപുരത്ത് ഗതാഗതമന്ത്രി ആന്‍റണി രാജുവുമായും വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയുമായും നടത്തിയ ചർച്ചയിലാണ് വിദ്യാർത്ഥി സംഘടനകൾ നിലപാടറിയിച്ചത്.  

നിലവിൽ ഒരു രൂപയാണ് വിദ്യാർത്ഥികളുടെ മിനിമം കൺസഷൻ തുക. തുടർന്ന് കിലോമീറ്റർ ചാർജിന്‍റെ 25 ശതമാനവും ഈടാക്കും. എന്നാൽ ഇത് മിനിമം ആറ് രൂപയിലേക്ക് ഉയ‍ർത്തണമെന്നാണ് ബസ്സുടമകളുടെ ആവശ്യം. അത് കഴിഞ്ഞാൽ കിലോമീറ്റർ ചാർജിന്‍റെ 50 ശതമാനം തുകയും ഈടാക്കാൻ അനുവദിക്കണമെന്നും ബസ്സുടമകൾ ആവശ്യപ്പെടുന്നു. എന്നാൽ ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷനുമായി അടുത്തയാഴ്ച ഈ വിഷയത്തിൽ ചർച്ച നടത്തുന്നുണ്ടെന്നും, ബസ്സുടമകളുമായും കൂടുതൽ ചർച്ചകൾ നടത്തിയേ അന്തിമതീരുമാനത്തിലെത്തൂ എന്നും വിദ്യാർത്ഥി സംഘടനകളുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം മന്ത്രിമാർ വ്യക്തമാക്കി. 

ഒന്നര രൂപ വരെയാക്കാമെന്നാണ് സർക്കാർ ബസ്സുടമകളോട് പറയുന്നത്. എത്ര കുറച്ചാലും അഞ്ച് രൂപയിൽത്താഴില്ലെന്ന് ബസ്സുടമകൾ കടുംപിടിത്തത്തിലാണ്. ഇതോടെയാണ് വിദ്യാർത്ഥിസംഘടനകളുമായി അടക്കം ചർച്ച നടത്താൻ തീരുമാനമായത്. 

നേരത്തേ ബസ് ചാർജ് മിനിമം പത്ത് രൂപയാക്കാൻ തത്വത്തിൽ തീരുമാനമായിരുന്നു. ബസ് ഉടമകളുമായുള്ള ഗതാഗതമന്ത്രി നടത്തിയ ചർച്ചയിലും നിരക്ക് കൂട്ടാൻ തത്വത്തിൽ തീരുമാനമായെന്ന് മന്ത്രി അറിയിച്ചു. ബസ് ഉടമകൾ ആവശ്യപ്പെടുന്നത് നിലവിലെ 8 രൂപ എന്നതിൽ നിന്ന് മിനിമം ചാർജ്ജ് 12 രൂപയാക്കണമെന്നാണ്. ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷൻ സർക്കാറിനോട് ശുപാർശ ചെയ്തത് പത്ത് രൂപയാണ്. അത് അംഗീകരിക്കാനാണ് സാധ്യത. ഓരോ ഫെയർ സ്റ്റേജിലെയും പുതുക്കിയ നിരക്ക് വിശദമായി നൽകാൻ സർക്കാ‍ർ രാമചന്ദ്രൻ കമ്മീഷനോട് ആവശ്യപ്പെടും. അതിന് ശേഷമാകും അന്തിമ പ്രഖ്യാപനം.

Follow Us:
Download App:
  • android
  • ios