കൊച്ചി: വയനാട് ബത്തേരിയില്‍ സർവ്വജന സ്കൂളിലെ വിദ്യാർഥിനി ഷഹല ഷെറിന്‍ പാമ്പുകടിയേറ്റ്  മരിച്ച സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ചീഫ് സെക്രട്ടറിയോടും ആരോഗ്യവകുപ്പ് സെക്രട്ടറിയോടും മറുപടി നല്‍കാനും നിര്‍ദ്ദേശിച്ചു. ജില്ലാ ജഡ്ജി നേരത്തെ സ്കൂളില്‍ പരിശോധന നടത്തി വലിയ പിഴവുണ്ടായെന്ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ നടപടി. 

പാമ്പു ക‍ടിയേറ്റ് ഷഹല ഷെറിൻ മരിച്ച സംഭവത്തിന് പിന്നാലെ സ്കൂളിൽ പരിശോധന നടത്തിയ വയനാട് ജില്ലാ ജ‍ഡ്ജി നൽകിയ റിപ്പോർട്ടിലെ കണ്ടെത്തലുകൾ ഇങ്ങനെയാണ്. പാമ്പുകടിയേറ്റിട്ടും അധ്യാപകർ കുട്ടിക്ക് ചികിത്സ നൽകിയില്ല. പ്രഥമ ശുശ്രൂഷ നൽകേണ്ടത് എങ്ങനെയെന്നുപോലും അധ്യാപർക്ക് അറിവുണ്ടായിരുന്നില്ല. പിതാവ് വരുന്നതുവരെ കാത്തിരുന്നു. ഷഹലക്ക് പാമ്പുകടിയേറ്റ അതേ ക്ലാസ് മുറിയിലും സ്കൂൾ പരിസരത്തും സമാനമായ നിരവധി മാളങ്ങളുണ്ട്. പുല്ലും കുറ്റിച്ചെടുകളും വളർന്ന് ദുരിത പൂർണമായ സാഹചര്യത്തിലാണ് സ്കൂൾ പരിസരം. മുറ്റത്തെ കിണർപോലും മാലിന്യങ്ങൾ നിറ‍ഞ്ഞിരിക്കുന്നു. ശുചിമുറിക്ക് അടുത്തുകൂടി പോകാൻ പോലും വയ്യ. ഇതൊക്കെയായിട്ടും സ്കൂളിന് സർക്കാർ ഫിറ്റ്നെസ് സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ട്.

വിദ്യാഭ്യാസ വകുപ്പ് സ്കൂളിലെത്തി എന്തെങ്കിലും പരിശോധന നടത്തിയതായി രേഖകളിലെങ്ങും കാണാനില്ല. ജില്ലാ ജ‍‍ഡ്ജി നൽകിയ ഈ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ സ്വമേഥയാ കേസെടുക്കണമെന്നാവശ്യപ്പെട്ട് ജസ്റ്റിസ് ജയശങ്കരൻ നമ്പ്യാർ നൽകിയ കത്തിന്‍റെ അടിസ്ഥാനത്തിലാണ് ചീഫ് ജസ്റ്റിസിന്‍റെ നടപടി.  ഷഹല ഷെറിന് ചികിത്സ നൽകുന്നതിൽ അധ്യാപകർക്ക് വീഴ്ച സംഭവിച്ചതായി അന്വേഷണ ഉദ്യോഗസ്ഥൻ ഹൈക്കോടതിയില്‍ നേരത്തെ വിശദീകരണം നൽകിയിരുന്നു. അധ്യാപകരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി അന്വേഷണ സംഘത്തിന്റെ വിശദീകരണം തേടിയിരുന്നു. ഇതിനുള്ള മറുപടിയായാണ് മാനന്തവാടി എഎസ്‍പി വൈഭവ സക്സേന റിപ്പോർട്ട് നൽകിയത്.