വല്ലപ്പുഴ: പാലക്കാട് വല്ലപ്പുഴയില്‍ കമ്പിവേലി തട്ടി കണ്ണിന്  പരിക്കുപറ്റിയ വിദ്യാര്‍ത്ഥിയെ സ്കൂള്‍ അധികൃതര്‍ ആശുപത്രിയില്‍ കൊണ്ടുപോയില്ലെന്ന് പരാതി.  വല്ലപ്പുഴ കുറുവട്ടൂര്‍ കെസിഎം യുപി സ്കൂളിലെ എട്ടാംക്ലാസ് വിദ്യാര്‍ത്ഥിക്കാണ് ദുരനുഭവം ഉണ്ടായത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് സ്കൂള്‍ ഗ്രൗണ്ടിന് സമീപമുള്ള കമ്പിവേലിയില്‍ തട്ടി കുട്ടിയുടെ കണ്ണിന് ഗുരുതര പരിക്കേറ്റത്. രണ്ട്മണിക്കൂറോളം മുറിവുമായി കുട്ടി സ്റ്റാഫ് റൂമില്‍ ഇരിക്കേണ്ടി വന്നു. ആശുപത്രിയില്‍ എത്തിക്കണമെന്ന് കുട്ടി ആവശ്യപ്പെട്ടിട്ടും അധികൃതര്‍ എത്തിച്ചില്ല. തുടര്‍ന്ന് ഒരുമണിക്കൂറിന് ശേഷം കുട്ടിയുടെ വീട്ടിലേക്ക് ആളെ പറഞ്ഞുവിടുകയായിരുന്നു. വിവരമറിഞ്ഞെത്തിയ അമ്മയാണ് കുട്ടിയെ തൃശൂര്‍ മെഡിക്കൽ കോളജ് ആശുപത്രിയിലേയ്ക്ക് കൊണ്ടു പോയത് . 

മുറിവ് ഒരല്‍പ്പം മാറിയിരുന്നെങ്കില്‍ കാഴ്‍ച തന്നെ നഷ്ടമായേനെ എന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്. വിഷയത്തില്‍ സ്കൂള്‍ അധികൃതര്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ചൈൽഡ് ലൈൻ അധികൃതര്‍ കുട്ടിയില്‍ നിന്നും അമ്മയില്‍ നിന്നും മൊഴി എടുത്തിട്ടുണ്ട്. അടുത്ത ദിവസം സിഡബ്ല്യുസി ചെയര്‍മാന്‍ വിവരങ്ങള്‍ കൈമാറും. തുടര്‍ന്നായിരിക്കും നിയമപരമായ നടപടികള്‍ എടുക്കുക.  അധ്യാപകര്‍ക്കെതിരെ നടപടി വേണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. സുല്‍ത്താന്‍ ബത്തേരിയില്‍ ക്ലാസ് റൂമില്‍ വച്ച് പാമ്പ് കടിയേറ്റ ഷഹലാ ഷെറിന്‍ എന്ന വിദ്യാര്‍ത്ഥി കൃത്യസമയത്ത് ചികിത്സ ലഭിക്കാത്തതിനെ തുടര്‍ന്ന് മരണപ്പെട്ടത് വലിയ വിവാദമായിരുന്നു. സ്കൂള്‍ അധികൃതരുടെ അനാസ്ഥ വലിയ രീതിയില്‍ ചര്‍ച്ചയായവുകയും ചെയ്‍തിരുന്നു. ഇതിന് പിന്നാലെയാണ് പാലക്കാട് മറ്റൊരു കുട്ടിക്കും സ്കൂള്‍ അധികൃതരില്‍ നിന്ന് മോശം അനുഭവം ഉണ്ടായിരിക്കുന്നത്.