ബസില്‍ കയറാൻ ശ്രമിക്കുന്നതിനിടെ വിദ്യാർത്ഥിനിക്ക് പരിക്കേറ്റു. ബസിന്‍റെ വാതിലിന്‍റെ ചില്ല് പൊട്ടി ദേഹത്ത് കൊണ്ടാണ് പെൺകുട്ടിക്ക് മുറിവേറ്റത്.

കൊച്ചി: കൊച്ചിയിൽ സ്കൂള്‍ വിദ്യാർത്ഥികളോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത. വിദ്യാർത്ഥികളെ കയറ്റാതെ ബസ് മുന്നോട്ടെടുത്തു. ബസില്‍ കയറാൻ ശ്രമിച്ച വിദ്യാർത്ഥിനിക്ക് പരിക്കേറ്റു. വാതിലിന്‍റെ ചില്ല് പൊട്ടി കൈയ്യില്‍ തുളച്ച് കയറിയാണ് പെൺകുട്ടിക്ക് മുറിവേറ്റത്.

ഇന്നലെ വൈകിട്ട് സ്കൂൾ വിട്ട് വീട്ടിലേക്ക് പോകുമ്പോഴാണ് സംഭവം നടന്നത്. കൊച്ചി സൗത്ത് ഗേള്‍സ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ തോപ്പുംപടി സ്വദേശി സഫക്കാണ് പരിക്കേറ്റത്. സ്കൂള്‍ വിട്ട് വീട്ടിലേക്ക് പോകാൻ ബസ് കാത്ത് നിന്ന സഫയടക്കമുള്ള കുട്ടികളെ കണ്ട് സ്വകാര്യ ബസുകള്‍ നിര്‍ത്താതെ പോയി. ട്രാഫിക് ബ്ലോക്കില്‍ കുരുങ്ങി പതുക്കെ വരികയായിരുന്ന ഡ്രീംസ് എന്ന ബസില്‍ കയറാൻ വിദ്യാര്‍ത്ഥികള്‍ ശ്രമം നടത്തി. ഇവിടെ സ്വകാര്യ ബസ് ജീവനക്കാര്‍ പെൺകുട്ടികളോട് മോളമായി പെരുമാറുന്നത് പതിവാണെന്ന് സഹപാഠികളും പറഞ്ഞു. സംഭവത്തില്‍ കേസെടുത്ത കൊച്ചി സൗത്ത് പൊലീസ് ഡ്രീംസ് ബസും ബസ് ജീവനക്കാരേയും കസ്റ്റഡിയിലെടുത്തു.

Also Read :  സ്‍ത്രീകള്‍ക്ക് സൗജന്യ യാത്രയുമായി യോഗി, ബസ് സ്റ്റാന്‍ഡുകള്‍ എയര്‍പോര്‍ട്ടുകള്‍ക്ക് സമാനമാക്കാനും നീക്കം!

വിദ്യാർത്ഥികളുടെ ബസ് കൺസഷൻ പഠിക്കാന്‍ കമ്മിറ്റി

സംസ്ഥാനത്ത് വിദ്യാർത്ഥികളുടെ ബസ് കൺസഷൻ നിരക്ക് സംബന്ധിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കമ്മിറ്റിയെ നിയോഗിച്ചു. ഗതാഗത മന്ത്രി ആന്‍റണി രാജുവാണ് കഴിഞ്ഞ ദിവസം ഇക്കാര്യം അറിയിച്ചത്. സംസ്ഥാന ആസൂത്രണ ബോർഡ് അംഗം ഡോ. കെ. രവി രാമൻ ചെയർമാനായ കമ്മിറ്റിയിൽ ദേശീയ ഗതാഗത ആസൂത്രണ ഗവേഷണ കേന്ദ്രം മുൻ ഡയറക്ടർ ഡോ ബി. ജി. ശ്രീദേവി, സംസ്ഥാന ഗതാഗത കമ്മീഷണർ എസ്. ശ്രീജിത്ത് ഐപിഎസ് എന്നിവരാണ് അംഗങ്ങളായിട്ടുള്ളത്.

ബസ് ചാര്‍ജ് വർധിപ്പിച്ചപ്പോൾ അതിനോടൊപ്പം കൺസഷൻ നിരക്ക് വർധിപ്പിക്കണമെന്ന് ജസ്റ്റിസ് രാമചന്ദ്രൻ കമ്മിറ്റി നിർദ്ദേശിച്ചെങ്കിലും നിലവിലുള്ള കണ്‍സെഷന്‍ നിരക്ക് തുടരുവാനും ഇക്കാര്യം പഠിക്കാന്‍ ഒരു കമ്മിറ്റിയെ നിയോഗിക്കുവാനുമാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിനെ തുടര്‍ന്നാണ് പുതിയ കമ്മിറ്റിയെ ചുമതലപ്പെടുത്തിയത്. വിദ്യാർത്ഥികളുടെ ബസ് കൺസഷൻ നിരക്ക് സംബന്ധിച്ച് പഠിച്ച് ആറ് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ കമ്മിറ്റിയോട് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് മന്ത്രി ആന്‍റണി രാജു പറഞ്ഞു.