ബാസിഫും സുഹൃത്തും പൊലീസിനെ വെട്ടിച്ച് കടക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടമെന്ന് നാട്ടുകാർ പറയുന്നു.
കൊല്ലം: കൊല്ലം ചിതറയിൽ പൊലീസ് വാഹന പരിശോധനയ്ക്കിടെ അപകടം. പൊലീസ് റോഡിൽ വാഹനപരിശോധന നടത്തുന്നത് കണ്ട് വെട്ടിച്ച ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ രണ്ട് പേര്‍ക്ക് പരിക്കേറ്റു. പെരുങ്ങാട് സ്വദേശിയായ പ്ലസ് ടു വിദ്യാർഥി ബാസിഫ്, ചാണപ്പാറ സ്വദേശി ശിവൻ എന്നിവർക്കാണ് പരിക്കേറ്റത്. ബാസിഫും സുഹൃത്തും പൊലീസിനെ വെട്ടിച്ച് കടക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടമെന്ന് നാട്ടുകാർ പറയുന്നു.
കൊല്ലത്ത് വാഹനാപകടങ്ങളിൽ രണ്ട് മരണം
കൊല്ലത്ത് വ്യത്യസ്ത വാഹനാപകടങ്ങളിൽ രണ്ടു മരണം. എം സി റോഡിൽ കൊട്ടാരക്കര മൈലത്ത് നിർത്തിയിട്ടിരുന്ന ലോറിയുടെ പിന്നിൽ മറ്റൊരു ചരക്ക് ലോറി ഇടിച്ചുണ്ടായ അപകടത്തിൽ ചെങ്കോട്ട സ്വദേശി അറുമുഖ സ്വാമി മരിച്ചു. ചരക്ക് ലോറിയിലെ ക്ലീനർ ആയിരുന്ന അറുമുഖ സ്വാമിയെ ക്യാബിൻ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. കടയ്ക്കൽ കല്ലുതേരിയിൽ രാവിലെ ഒമ്പന്തരയോടെയായിരുന്നു രണ്ടാമത്തെ അപകടം. അഞ്ചൽ കരുകോൺ സ്വദേശി മുഹമ്മദ് ബാദുഷ ടിപ്പർ ലോറികൾക്കിടയിൽ പെട്ടാണ് മരിച്ചത്. സുഹൃത്തിന്റെ വാഹനം അറ്റകുറ്റപണി നടത്തുന്നതിനിടെ ആയിരുന്നു ദാരുണ അപകടം. അറ്റകുറ്റ പണി നടത്തുന്നതിനിടെ നിയന്ത്രണം വിട്ട് നീങ്ങിയ ലോറി നിർത്താൻ ശ്രമിക്കുന്നതിനിടെ എതിർ ദിശയിൽ വന്ന മറ്റൊരു ലോറിയുമായി കൂട്ടി ഇടിക്കുകയായിരുന്നു. ഇരുവാഹനങ്ങൾക്കും ഇടയിപ്പെട്ട ബാദുഷയെ ഏറെ പണിപ്പെട്ടാണ് പുറത്തെടുക്കാനായത്.
