സൈക്കിള്‍ ഉപയോഗത്തിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് കായികവും മാനസീകവുമായ ഉണര്‍വ് ലക്ഷ്യം വെക്കുന്നതാണ് പദ്ധതി. 

കോഴിക്കോട്: ലഹരിക്കെതിരെ ബോധവത്കരണവുമായി സ്റ്റുഡന്‍റ് പൊലീസ് കേഡറ്റിന്‍റെ സൈക്കിള്‍ ബ്രിഗേഡ്. സ്കൂളുകളില്‍ സൈക്കിള്‍ പരിശീലനവും എസ് പിസി പദ്ധതിയുടെ ഭാഗമായി ഒരുക്കും. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട്ട് നടന്നു.

സൈക്കിള്‍ ഉപയോഗത്തിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് കായികവും മാനസീകവുമായ ഉണര്‍വ് ലക്ഷ്യംവെക്കുന്നതാണ് പദ്ധതി. ലഹരിയുടേതടക്കമുള്ള മറ്റ് മോശം പ്രവ‍ൃത്തികളിലേക്കും വിദ്യാര്‍ത്ഥികള്‍ വഴിതെറ്റാതിരിക്കാനാണ് സൈക്കിള്‍ പഠിപ്പിച്ച് അവര്‍ക്ക് ഉല്ലാസത്തിന് വഴിയൊരുക്കുന്നത്. എസ് പി സിയുടെ പന്ത്രണ്ടാമത്തെ വാര്‍ഷികത്തിന്‍റെ ഭാഗമായാണ് പദ്ധതി . കോഴിക്കോട് ജില്ലയിലാണ് തുടക്കം. സംസ്ഥാനത്തെ മുഴുവന്‍ സ്കൂളുകളിലേക്കും പദ്ധതി വ്യാപിപ്പിക്കും.

അന്‍പത് ശതമാനം പെണ്‍കുട്ടികള്‍ക്കും സൈക്കിള്‍ ഉപയോഗിക്കാന്‍ അറിയില്ലെന്ന് എസ് പിസി നടത്തിയ സര്‍വ്വേയില്‍ കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍ പെണ്‍കുട്ടികള്‍ക്ക് സൈക്കിള്‍ പരിശീലവും പദ്ധതിയുടെ ഭാഗമാണ്. സൈക്കിള്‍ ബ്രിഗേഡിലെ അംഗങ്ങളെ ഇതിനായി ഉപയോഗപ്പെടുത്തും. ലഹരി ബോധവത്കരണവും ഇവര്‍ നടത്തും.