ഓൺലൈൻ ഏക ജാലകത്തിലേക്ക് അപേക്ഷാ രീതി മാറ്റുന്നതിന്‍റെ ഭാഗമായാണ് താമസം എന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ വിശദീകരണം
മലപ്പുറം: ഡിഎൽഡി പ്രവേശനം വൈകുന്നതിൽ വിദ്യാര്‍ത്ഥികൾ ആശങ്കയിൽ. വിജ്ഞാപനം പോലും ഇറക്കാത്തതിനാൽ ഡിഗ്രിക്ക് ചേരണോ, അതോ കാത്തു നിൽക്കണോ എന്ന ആശയക്കുഴപ്പത്തിലാണ് വിദ്യാർത്ഥികൾ. ഓൺലൈൻ ഏക ജാലകത്തിലേക്ക് അപേക്ഷാ രീതി മാറ്റുന്നതിന്‍റെ ഭാഗമായാണ് താമസം എന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ വിശദീകരണം.
സംസ്ഥാനത്ത് എൽപി- യുപി സ്കൂളുകളിലെ അധ്യാപക യോഗ്യത കോഴ്സുകളിൽ ഒന്നാണ് ഡിപ്ലോമ ഇൻ എലിമെന്‍ററി എഡ്യുക്കേഷൻ. കൊവിഡ് കാലത്തിന് മുമ്പ് വരെ, ജൂണിൽ തുടങ്ങി മാര്‍ച്ചിൽ തീരുന്ന രീതിയിലായിരുന്നു അധ്യയനം. മഹാമാരിക്കാലത്ത് എല്ലാം പാളിയത് പോലെ, ഡിഎൽഡിലും താമസം വന്നു.
കോഴ്സ് തീരുന്നത് മൂന്നും മാസമൊക്കെ വൈകി. പക്ഷേ, ഈ വര്‍ഷം ജൂണിൽ തന്നെ പ്രവേശനം പൂര്‍ത്തിയാക്കണം എന്നതിനാൽ, ഒടുവിലെ ബാച്ചുകളുടെ കോഴ്സും പരീക്ഷകളുമെല്ലാം മാര്‍ച്ചിൽ തന്നെ പൂര്‍ത്തിയാക്കി. എന്നിട്ടും പുതിയ ബാച്ച് തുടങ്ങുന്നത് വൈകുകയാണ്.
രണ്ടു വര്‍ഷം അഥവാ നാല് സെമസ്റ്ററാണ് കോഴ്സ്. ഓരോ സെമസ്റ്ററിലും 100 അധ്യയന ദിനങ്ങൾ ഉറപ്പാക്കണം. ഒപ്പം പരിശീലനവും പൂര്‍ത്തിയാക്കണം. കോഴ്സ് വൈകിത്തുടങ്ങിയാൽ, അത് വിദ്യാര്‍ത്ഥികളെ ബാധിക്കും. മതിയായ പരിശീലന ദിനങ്ങൾ കിട്ടിയില്ലെങ്കിലുള്ള പ്രയാസം വേറെയും. ഒപ്പം കെ- ടെറ്റ് ഉൾപ്പെടെയുള്ള അനുബന്ധ യോഗ്യതകൾ നേടാനുള്ള കാലതാമസവും ഉണ്ടാകുമെന്നാണ് വിമര്‍ശനം.



