ഇന്ന് പുലര്‍ച്ചെ ഒന്നോടെയായിരുന്നു ചുഴലിക്കാറ്റിന് സമാനമായി ശക്തമായ കാറ്റ് വീശിയടിച്ചത്

കോഴിക്കോട്: തുടര്‍ച്ചയായി രണ്ടാം ദിവസവും വീശിയടിച്ച ശക്തമായ കാറ്റില്‍ കോഴിക്കോട് നാദാപുരത്ത് വന്‍നാശനഷ്ടം. മരങ്ങള്‍ കടപുഴകി വീണും വൈദ്യുതി ലൈനുകള്‍ തകര്‍ന്നുമാണ് ഏറെ നാശനഷ്ടങ്ങളുണ്ടായത്. ഇന്ന് പുലര്‍ച്ചെ ഒന്നോടെയായിരുന്നു ചുഴലിക്കാറ്റിന് സമാനമായി ശക്തമായ കാറ്റ് വീശിയടിച്ചത്.

നാദാപുരം ടൗണിനോട് ചേര്‍ന്ന് സംസ്ഥാന പാതയിലേക്ക് മരം കടപുഴകി വീണു. ന്യൂക്ലിയസ് ഹോസ്പിറ്റല്‍ പരിസരത്തായിരുന്നു സംഭവം. ഈ സമയത്ത് റോഡിലൂടെ വാഹനങ്ങള്‍ കടന്നുപോകാതിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി. നാദാപുരം ആവോലം ചീറോത്ത് മുക്കില്‍ വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും നാശനഷ്ടമുണ്ടായി. 

വൈദ്യുതി ലൈന്‍ പൊട്ടിവീണ് വൈദ്യുതി ബന്ധം തകരാറിലായി. കഴിഞ്ഞ ദിവസമുണ്ടായ ചുഴലിക്കാറ്റിന് സമാനമായ കാറ്റില്‍ നിരവധി വീടുകള്‍ക്ക് കേടുപാട് സംഭവിച്ചിരുന്നു. അതിന് പിന്നാലെയാണ് ഇന്നും നാശനഷ്ടങ്ങളുണ്ടായത്. തുടര്‍ച്ചയായി ശക്തമായ കാറ്റ് അനുഭവപ്പെടുന്നതിനാല്‍ നാട്ടുകാര്‍ ഭീതിയിലാണ് കഴിയുന്നത്.

ഇതിനിടെ, കോഴിക്കോട് മീഞ്ചന്തയിൽ ശക്തമായ കാറ്റില്‍ ഭീമന്‍ തേക്ക് കടപുഴകി വീണ് അപകടമുണ്ടായി. ഇന്നലെ വൈകിട്ടോടെയാണ് സംഭവം. അപകടത്തില്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ ബസും സ്‌കൂട്ടറും തകര്‍ന്നെങ്കിലും ആര്‍ക്കും പരിക്കേറ്റില്ല. മീഞ്ചന്തയിലെ ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് കോംപൗണ്ടിലെ തേക്ക് മരമാണ് വീണത്. ഈ മരത്തിന് തൊട്ടടുത്തായി പ്രവര്‍ത്തിച്ചിരുന്ന പെട്ടിക്കടയില്‍ ഈ സമയം ആളുകളുണ്ടായിരുന്നു.

തലനാരിഴയ്ക്കാണ് ഇവര്‍ വലിയ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. പാവങ്ങാട് ഇഎംഎസ് സ്‌കൂളിലെ ബസ്സിന് മുകളിലേക്കാണ് മരം പതിച്ചത്. ബസ് റോഡരികില്‍ നിര്‍ത്തിയിട്ടതായിരുന്നു. ഇതിന് സമീപത്തായി നിര്‍ത്തിയിട്ടിരുന്ന പെട്ടിക്കടക്കാരന്‍റെ സ്‌കൂട്ടറിനും നാശനഷ്ടങ്ങളുണ്ടായി. മീഞ്ചന്ത അഗ്നിരക്ഷാ സേനാംഗങ്ങള്‍ എത്തി മരം മുറിച്ചുമാറ്റിയ ശേഷമാണ് ഇതുവഴിയുള്ള ഗതാഗതം പുനസ്ഥാപിച്ചത്.

കണ്ണൂരിൽ വീടിന് മുകളിൽ മരം വീണ് ഉറങ്ങിക്കിടക്കുകയായിരുന്ന ഗൃഹനാഥന് ദാരുണാന്ത്യം. കൂത്തുപറമ്പ് കോളയാട് തെറ്റുമ്മൽ സ്വദേശി ചന്ദ്രനാണ് (78) മരിച്ചത്. രാത്രിയുണ്ടായ കനത്ത കാറ്റിൽ വീടിന് മുകളിലേക്ക് മരം വീണാണ് അപകടമുണ്ടായത്.

സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. എല്ലാ ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടുണ്ട്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. കേരളാ തീരത്ത് 60 കി.മീ വരെ വേഗത്തിൽ കാറ്റ് വീശിയേക്കും. മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്. കേരള തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ട്. മഹാരാഷ്ട്ര-കേരള തീരത്തോട് ചേർന്ന് ന്യൂനമർദ്ദപാത്തി നിലനിൽക്കുന്നുണ്ട്.